‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്നും മന്ത്രി.മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ്‌ കേരളത്തിനുള്ളത്.

കല ആരുടേയും കുത്തകയല്ല. ആര്‍എല്‍വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍എല്‍വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ നടപടിക്കു ഹൈക്കോടതി സ്‌റ്റേ; കാലടി വിസി പുറത്ത്

ഗവര്‍ണറുടെ നടപടിക്കു ഹൈക്കോടതി സ്‌റ്റേ; കാലടി വിസി പുറത്ത്

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജിന് തുടരാമെന്ന് ഹൈക്കോടതി. വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം കാലടി സര്‍വകലാശാല വിസി യെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെട്ടില്ല.

വിസി സ്ഥാനം ഒഴിയണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്താണ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത്, യുജിസി ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സലര്‍ ഡോ. ജയരാജിന്റെ നിയമനം അസാധുവാക്കി ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്.

തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും, ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം ശുപാര്‍ശ ചെയ്തതെന്നും ഡോ. എംവി നാരായണന്‍ വാദിച്ചു. അതില്‍ ചട്ടലംഘനമില്ലെന്നാണ് കാലടി വിസി വാദിച്ചത്. എന്നാല്‍ കാലടി വിസിയുടെ നിയമനം റദ്ദാക്കിയ ചാന്‍സലറുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

‘കറുത്തവര്‍ മത്സരത്തിനു വേണ്ട, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല’; അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

‘കറുത്തവര്‍ മത്സരത്തിനു വേണ്ട, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല’; അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

തൃശൂര്‍: വംശീയ അധിക്ഷേപങ്ങളെ ന്യായീകരിച്ച് നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം സത്യഭാമ. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.

മോഹിനിയാട്ടം അവതരിപ്പിക്കുന്ന മാഡം സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘ഞാന്‍ ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ലേ. അതെനിക്ക് മതി. അതില്‍ റിപ്പോര്‍ട്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒരു മാധ്യമങ്ങള്‍ക്കും പൊള്ളേണ്ട കാര്യമില്ല’.

കോടതിക്കും പൊലീസിനും തെളിവാണ് വേണ്ടത്. താന്‍ ഒരു വ്യക്തിയുടേയും പേരു പറഞ്ഞിട്ടില്ല. പേരു പറഞ്ഞാലാണ് കുഴപ്പമുള്ളത്. നിങ്ങള്‍ എല്ലാവരും കൂടി ആ വ്യക്തിയുടെ കൂടെ കൂടിക്കോളൂ. ഒരു വിരോധവുമില്ല. ‘എന്റെ പേരിനൊപ്പമുള്ള കലാമണ്ഡലം എന്നത് എടുത്തു കളയാനൊന്നും ആര്‍ക്കും പറ്റില്ല. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും അഭിപ്രായം പറയും’.

‘ഞാന്‍ സൗന്ദര്യത്തെക്കുറിച്ചാണ് പറഞ്ഞത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലത്തെ തൊഴിലല്ല ഇത്. ഇതിന് അത്യാവശ്യം സൗന്ദര്യം അടക്കമുള്ള കാര്യങ്ങളുണ്ട്. യുവജനോത്സവത്തില്‍ സൗന്ദര്യം എന്ന കോളം എടുത്തു കളയാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കുട്ടിക്ക് മോഹിനിയാട്ടത്തിന് സമ്മാനം കൊടുത്തപ്പോള്‍, ആ കുട്ടിക്ക് എന്തു സൗന്ദര്യമാണുള്ളതെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.’

മാഡത്തിന്റെ മക്കള്‍ കറുത്തതാണെങ്കില്‍ അവര്‍ക്ക് സൗന്ദര്യം ഇല്ല എന്നാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘കറുത്തതല്ല എന്നുള്ളത് ഞാനും എന്റെ ഭര്‍ത്താവും കൂടി തീരുമാനിച്ചോളാം. നിങ്ങള്‍ തീരുമാനിക്കേണ്ടെന്ന്’ സത്യഭാമ മറുപടി പറഞ്ഞു. കറുത്ത കുട്ടി വന്നാല്‍ പഠിപ്പിക്കും. പക്ഷെ മത്സരത്തിന് പോകണ്ടാന്ന് പറയും. തൊഴിലു പഠിച്ചാല്‍ അമ്പലങ്ങളിലും മറ്റും കളിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യം എന്ന കോളമുണ്ട്. സൗന്ദര്യമില്ലെങ്കില്‍ അവര്‍ മാര്‍ക്ക് ഇടില്ലെന്ന് സത്യഭാമ പറഞ്ഞു.

ഇതില്‍ കലാകാരന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അത് സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം. മത്സരത്തിന് സൗന്ദര്യം എന്ന കോളം എടുത്തുകളയണം. ഞങ്ങളൊക്കെ തിയറിയില്‍ ഡിപ്ലോമ ഒക്കെ എടുത്തവരാണ്. തിയറിയില്‍ ഒരു നര്‍ത്തകിക്ക് വേണ്ട ലക്ഷണങ്ങളെക്കുറിച്ചൊക്കെ പറയുന്നുണ്ട്. ആര്‍എല്‍വിയുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. കലാമണ്ഡലത്തിലാണ് പഠിച്ചതെന്നും സത്യഭാമ പറഞ്ഞു.

‘നിങ്ങളൊന്നും അംഗീകരിച്ചില്ലെങ്കിലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ആരെയും തേജോവധം ചെയ്തിട്ടില്ല. എന്റെ അഭിപ്രായം ഇനിയും പറയും. ഒരു മര്യാദയും മാനദണ്ഡവുമില്ല, എന്റെ സ്വന്തം അഭിപ്രായം അനുസരിച്ചാണ് പറഞ്ഞത്. ഞാന്‍ ഒരു വ്യക്തിയെയും ജാതിയേയും പറഞ്ഞിട്ടില്ല. ഒരു പൊതു വികാരം ഉയര്‍ന്നിട്ടും കാര്യമില്ല. ധാര്‍ഷ്ട്യവും ഒന്നുമല്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. നിങ്ങള്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും’ സത്യഭാമ പറഞ്ഞു.

ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പത്ത് ജില്ലകളിൽ പ്രഖ്യാപിച്ച മഞ്ഞ ജാഗ്രത തുടരുന്നു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന 38°C വരെയും അനുഭവപ്പെടും. കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രിയുമാണ് താപനില.

രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രം: വീണാ ജോർജ്

രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രം: വീണാ ജോർജ്

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പരാമർശം അത്യന്തം അപലപനീയം. കേരളീയ സമൂഹത്തിന് അപമാനം. രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രമെന്നും മന്ത്രി പറഞ്ഞു.

‘പ്രതിഭാധനനായ ശ്രീ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമർശങ്ങൾ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണൻ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാർഢ്യം’- വീണാ ജോർജ് കുറിച്ചു.

മന്ത്രി വി ശിവൻകുട്ടി, ആർ ബിന്ദു അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.