പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.

‘പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ’; മന്ത്രി ആര്‍.ബിന്ദു

‘പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ’; മന്ത്രി ആര്‍.ബിന്ദു

ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആർ എൽ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്‍റ് ചെയ്തുകൊണ്ട് ആര്‍.ബിന്ദു നര്‍ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്

‘സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.

രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം tതിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം.

ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെട്ടരുത്.

കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.

മോഹിനിയാട്ടത്തിൽ ആർ എൽ വി യിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം കലാമണ്ഡലത്തിൽ നിന്ന് എം ഫിൽ, പി എഛ് ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ ആർ എൽ വി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങൾ. …മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്. … മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക. …

അഭിനന്ദനങ്ങൾ’

57 കള്ളവോട്ടുകളുടെ കേസ് 68ാം വട്ടവും മാറ്റി

57 കള്ളവോട്ടുകളുടെ കേസ് 68ാം വട്ടവും മാറ്റി

കണ്ണൂർ: 2014ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഏരുവേശ്ശി കെകെഎൻഎം എയുപി സ്കൂളിലെ 109ാം ബൂത്തിൽ സിപിഎം 57 കള്ളവോട്ടുകൾ ചെയ്തെന്ന കേസ് വീണ്ടും മാറ്റി. ഇത് 68ാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്! ഏപ്രിൽ അഞ്ചിലേക്കാണ് കേസ് ഇപ്പോൾ മാറ്റിയത്.

കള്ളവോട്ട് നടന്നെന്ന പേരിൽ അഞ്ച് പോളിങ് ഉദ്യോ​ഗസ്ഥർ പ്രതികളായ കേസാണിത്. കെ സുധാകരനെതിരെ പികെ ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്.
അന്നത്തെ കോൺ​ഗ്രസ് എരുവേശ്ശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ പരാതിയിലാണ് കേസ്. നാട്ടിൽ ഇല്ലാത്തവരുടെ വോട്ടുകൾ സിപിഎം പ്രവർത്തകർ ചെയ്തെന്നാണ് പരാതി. ഇവരിൽ 27 പേർ ​ഗൾഫിലും 27 പേർ വിവിധ സംസ്ഥാനങ്ങളിലും മൂന്ന് പേർ പട്ടാളത്തിലും ജോലി ചെയ്യുന്നവരാണ്.

തെരഞ്ഞെടുപ്പ് ദിവസമായ 2014 ഏപ്രിൽ 10നു വൈകീട്ടു തന്നെ ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകി. കള്ളവോട്ട് ചെയ്തവരുടെ പട്ടിക തയ്യാറാക്കി 13നു രാവിലെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. എഫ്ഐആർ ഇട്ടു കേസെടുക്കാൻ കോടതി കുടിയാന്മല പൊലീസിനു നിർദ്ദേശം നൽകി.

ബൂത്ത് ചുമതലയുണ്ടായിരുന്ന അന്നത്തെ ബിഎൽഒ ഉൾപ്പെടെ 25 പേർക്കെതിരെ പൊലീസ് അന്വേഷണം നടത്തി. ഇവർ 19 പേർ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന സിപിഎം പ്രവർത്തകരും അഞ്ച് പേർ സഹായികളുമാണ്. എന്നാൽ ബിഎൽഒയെ മാത്രമാണ് പ്രതി ചേർത്തത്. വോട്ട് ചെയ്തതിനു തെളിവായി അടയാളപ്പെടുത്തിയ പട്ടികയുടെ മാർക്ക്ഡ് കോപ്പിയും പോലിങ് ബൂത്തിൽ വോട്ട് ചെയ്യാൻ കയറുമ്പോൾ ഒപ്പിട്ട രജിസ്റ്ററും ഇല്ലാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. ഇതിനെതിരെ 2015ൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.

ഈ രേഖകൾ കൈമാറാൻ 2016ൽ ജില്ലാ കലക്ടറോടും എസ്പിയോടും കോടതി നിർദ്ദേശിച്ചു. നടപിക്രമങ്ങൾ പാലിക്കാൻ വൈകിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഇരു കോപ്പികളും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് ബിഎൽഒ ഉൾപ്പെടെ അഞ്ച് ഉദ്യോ​ഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേരളം ‘കാക്കയുടെ നിറം, പെറ്റ തള്ള സഹിക്കില്ല; മോഹിനിയാട്ടത്തിനു കൊള്ളില്ല’

കേരളം ‘കാക്കയുടെ നിറം, പെറ്റ തള്ള സഹിക്കില്ല; മോഹിനിയാട്ടത്തിനു കൊള്ളില്ല’

തിരുവനന്തപുരം: പ്രസിദ്ധ മോഹിനിയാട്ട നർത്തകനും കലാഭവൻ മണിയുടെ അനിയനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് മോഹിനിയാട്ടം അധ്യാപിക. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.

പേരെടുത്തു പറയുന്നില്ലെങ്കിലും തന്നെയാണ് ടീച്ചർ അധിക്ഷേപിക്കുന്നതെന്നു വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രം​ഗത്തെത്തി. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഹിനി ആയിരിക്കണം മോ​ഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല. മോ​ഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- അധ്യാപിക അധിക്ഷേപിച്ചു.

ആർഎൽവി രാമകൃഷ്ണന്റെ കുറിപ്പ്

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.

ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്. ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

ഭര്‍ത്താവിനെ യാത്രയാക്കാന്‍ എത്തി; മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനെ യാത്രയാക്കാന്‍ എത്തി; മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

കൊച്ചി: ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ടു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്‌മേരി (54) ആണ് മരിച്ചത്. ജന്മദിനപ്പിറ്റേന്നായിരുന്നു ജോസ്‌മേരിയുടെ മരണം. ഏലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു ജോസ്‌മേരി.

ഇന്നലെ പുലര്‍ച്ചെ 5.45നാണ് അപകടം ഉണ്ടായത്. രക്തപരിശോധനയ്ക്കു ജീപ്പില്‍ പോയ ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു അപകടം. വശങ്ങളിലേക്കു തള്ളിനീക്കുന്ന ഭാരമുള്ള ഇരുമ്പ് ഗേറ്റാണ് മറിഞ്ഞുവീണത്. ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്‌മേരിക്കു മേല്‍ ഗേറ്റ് പതിക്കുകയായിരുന്നു. ജോസ്‌മേരിയുടെ കൈകളില്‍ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.

വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന മക്കളും അപകടം അറിഞ്ഞില്ല. ഭാര്യയെ ബസ് കയറ്റിവിടാന്‍ വന്ന സമീപവാസിയായ ഷിബുവാണു മറിഞ്ഞുകിടന്ന ഗേറ്റിനടിയില്‍ വസ്ത്രത്തിന്റെ തുമ്പുകണ്ട് അപകടവിവരം സമീപവാസികളെ അറിയിച്ചത്. സമീപവാസികള്‍ ഓടിയെത്തി ഗേറ്റ് ഉയര്‍ത്തിമാറ്റി ജോസ്‌മേരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെയാണ് അനുവദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേതനവര്‍ധനവില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതനവര്‍ധനവിന് ശുപാര്‍ശ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവര്‍ഷം ആറുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിവഴി തൊഴില്‍ ലഭിച്ചത്.