by liji HP News | Mar 12, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയേക്കും.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
by Midhun HP News | Mar 11, 2024 | Latest News, കേരളം
തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിര്‍വഹിച്ചു. മികച്ച ട്രോമാകെയര്‍ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 108 ആംബുലന്‍സില്‍ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുള്‍പ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളില്‍ ആംബുലന്‍സ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും.
കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജിപിഎസിന്റെ സഹായത്തോടെയാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയില്‍ എത്തിയാല്‍ ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ കഴിയും. ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | Mar 11, 2024 | Latest News, കേരളം
തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മാര്‍ച്ച് 13ന് ഉച്ചയ്ക്ക് 12ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അദ്ധ്യക്ഷനായിരിക്കും.
ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയില്‍ ജയ അരിയും, കോട്ടയം – എറണാകുളം മേഖലകളില്‍ മട്ട അരിയും, കോഴിക്കോട് മേഖലയില്‍ കുറുവ അരിയും ആണ് വിതരണം ചെയ്യുക.
ശബരി കെ റൈസിന്റെ ആദ്യ വില്‍പ്പന പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കോര്‍പ്പറേഷന്‍ ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ എന്നിവര്‍ പങ്കെടുക്കും സപ്ലൈകോ ജനറല്‍ മാനേജര്‍ സൂരജ് ഷാജി, തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ജലജ ജി എസ് റാണി എന്നിവര്‍ സന്നിഹിതരായിരിക്കും.
by Midhun HP News | Mar 11, 2024 | Latest News, കേരളം
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍. ഇനി മത്സരങ്ങള്‍ നടത്തില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല.സമാപന സമ്മേളനവും ഉണ്ടാകില്ല.
കൂട്ടപ്പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. തിരുവാതിര, മാര്‍ഗംകളി മത്സരങ്ങളുടെ ഫലമാണ് തടഞ്ഞുവച്ചിരുന്നത്. ഇത് ഇനി പ്രഖ്യാപിക്കേണ്ടെന്നാണ് നിര്‍ദേശം.
കലോത്സവം സംബന്ധിച്ചുള്ള ആക്ഷേപം ഉന്നയിച്ചുകൊണ്ട് മാര്‍ ഈവാനിയോസ് കോളജിലെ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി കൂടി പരിഗണിച്ചാണ് വിസിയുടെ തീരുമാനം.
by Midhun HP News | Mar 11, 2024 | Latest News, കേരളം
കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റമദാന് തുടക്കമായി. കാപ്പാട് മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങളേതുമില്ലാതെ ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ചും പ്രാര്‍ത്ഥിച്ചും നന്മകള്‍ ചെയ്തും ദാനം നടത്തിയുമെല്ലാം വിശ്വാസികള്‍ റമദാനിനെ പുണ്യകാലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.
by liji HP News | Mar 11, 2024 | Latest News, കേരളം
മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കഞ്ഞികൊടുക്കുന്നതിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Recent Comments