തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

6 നിലകളുള്ള കെട്ടിടത്തില്‍ 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചണ്‍, മെസ് ഹാള്‍, സ്റ്റോര്‍ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. അടുത്തിടെ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍, മെഡിക്കല്‍ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളേജിലെത്തിയും അല്ലാതെയും ചര്‍ച്ചകള്‍ നടത്തി ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. റോഡുകളും പാലവും ഉള്‍പ്പെടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവയും സ്ഥാപിച്ചു.

മന്ത്രിയ്‌ക്ക് നിവേദനവുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുഞ്ഞ് കത്തെഴുത്തുകാർ…

മന്ത്രിയ്‌ക്ക് നിവേദനവുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുഞ്ഞ് കത്തെഴുത്തുകാർ…

ആറ്റിങ്ങൽ: ‘മന്ത്രിയപ്പൂപ്പാ, ഞങ്ങളുടെ സ്കൂളിൽ പുതിയ ഭംഗിയുള്ള കെട്ടിടവും ഞങ്ങൾക്ക് കളിക്കാൻ പാർക്കും ഉണ്ടാക്കി തരാമോ അപ്പൂപ്പാ…’ വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം തയ്യാറാക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം ക്ലാസിലെ കുരുന്നുകൾ എഴുതിയ കത്ത് ഇപ്പോൾ കുട്ടികൾക്കിടയിൽ വലിയ ചർച്ചയാണ്. ഒന്നാം ക്ലാസ്സിലെ 68 കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതിയ കത്ത് അവനവഞ്ചേരി പോസ്റ്റോഫീസിൽ നിന്നാണ് പോസ്റ്റുചെയ്തത്.

‘ജഗ്ഗു അമ്മയെ കാണുമോ?’ എന്ന പാഠഭാഗമാണ് കുട്ടികളെ കത്തെഴുതാൻ പ്രേരിപ്പിച്ചത്. ലോക മാതൃഭാഷാദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ ‘കുഞ്ഞെഴുത്തുകൾ’ എന്ന പതിപ്പ് പ്രകാശനം ചെയ്തിരുന്നു. കത്ത് പോസ്റ്റുചെയ്യാൻ അവനവഞ്ചേരി പോസ്റ്റോഫീസിലെത്തിയ കുട്ടികൾക്ക് പോസ്റ്റോഫിലെ ഉദ്യോഗസ്ഥർ പോസ്റ്റോഫീസ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വിവരിച്ചുകൊടുത്തു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് ജി.ആർ. ജിബി, അദ്ധ്യാപകരായ എൻ. സാബു, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

നിർമാണത്തിലിരുന്ന വീടിന്റെ സൺഷേഡ് സ്ലാബ് അടന്നു ദേഹത്തേക്ക് വീണു; 14കാരന് ദാരുണാന്ത്യം

നിർമാണത്തിലിരുന്ന വീടിന്റെ സൺഷേഡ് സ്ലാബ് അടന്നു ദേഹത്തേക്ക് വീണു; 14കാരന് ദാരുണാന്ത്യം

കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് 14കാരൻ മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് ആണ് മരിച്ചത്.

തൊഴിലാളികൾ പണി നിർത്തി പോയതിനെ പിന്നാലെ വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ ദേവ്.

കരുതിയിരിക്കുക, ചുട്ട് പൊള്ളും; 6 ജില്ലകളില്‍ മുന്നറിയിപ്പ്

കരുതിയിരിക്കുക, ചുട്ട് പൊള്ളും; 6 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2- 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ഈ ജില്ലകളിൽ ഇന്ന് അനുഭവപ്പെടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38ഡി​ഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

8,700 കോടി വായ്പ എടുക്കാം, പണം 20ന് ട്രഷറിയില്‍; കേന്ദ്രാനുമതി

8,700 കോടി വായ്പ എടുക്കാം, പണം 20ന് ട്രഷറിയില്‍; കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിനു അർഹമായ 13,608 കോടി രൂപ വായ്പയില്‍ 8,700 കോടി രൂപ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അനുമതി. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹര്‍ജി പിന്‍വലിക്കാതെ തന്നെ ഈ വായ്പ കിട്ടും. ഇന്നലെയാണ് അനുമതി ലഭിച്ചത്.

റിസര്‍വ് ബാങ്കിന്‍റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്ര ലേലം എല്ലാ ചെവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാല്‍ ഈ മാസം 12നു നടക്കുന്ന ലേലത്തില്‍ അപേക്ഷ നല്‍കി കേരളത്തിനു പങ്കെടുക്കാന്‍ അവസരം ലഭിക്കില്ല. 19നു നടക്കുന്ന ലേലം വരെ കാത്തിരിക്കണം. 20നു പണം ട്രഷറിയിലെത്തും. ഈ തുകയെത്തിയാലേ ഈ മാസത്തെ ഇനിയുള്ള ചെലവുകള്‍ നടത്താന്‍ സാധിക്കു.

അനുവദിച്ച മൊത്തം വായ്പയില്‍ 4,800 കോടി രൂപ വൈദ്യുതി മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ക്കാണ്. ഇതിനു അനുമതി നല്‍കുന്ന നടപടികള്‍ കേന്ദ്ര പൂര്‍ത്തായാക്കിയിട്ടില്ല. അടുത്ത ആഴ്ചയോടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.

19,351 കോടി രൂപ വായ്പ കൂടി അംഗീകരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കേന്ദ്രം തള്ളിയിരുന്നു. നിലവിലെ ബുദ്ധിമുട്ട് അടുത്ത സാമ്പത്തിക വര്‍ഷം ഇല്ലാതാകാന്‍ അധിക വായ്പയെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം. ഈ വിഷയത്തില്‍ ഈ സാമ്പത്തിക വര്‍ഷം തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും നിലവില്‍ അടഞ്ഞിരിക്കുകയാണ്.

കിഫ്ബിക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനിക്കും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ നിന്നു ഒഴിവാക്കണം എന്നാണ് കേരളത്തിന്‍റെ ആത്യന്തിക ആവശ്യം. അതിനു തയ്യാറല്ല എന്നാണ് സംസ്ഥാനവുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം അറിയിച്ചത്. നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കേരളം.

സിദ്ധാർത്ഥന്റെ മരണം; 2 വിദ്യാർത്ഥികൾ കൂടി പിടിയിൽ, അറസ്റ്റിലായരുടെ എണ്ണം 20 ആയി

സിദ്ധാർത്ഥന്റെ മരണം; 2 വിദ്യാർത്ഥികൾ കൂടി പിടിയിൽ, അറസ്റ്റിലായരുടെ എണ്ണം 20 ആയി

സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി വഫീസ് (24), ആലപ്പുഴ സ്വദേശി അഭി (23) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം 20 ആയി. മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇപ്പോൾ പിടിയിലായ പ്രതികൾ.

സിദ്ധാർദ്ധന്റെ വിഷയം ഉന്നയിച്ച് കോൺ​ഗ്രസ് നേതാക്കൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരപ്പന്തലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനും ജെബി മേത്തർ എംപിക്കും അലോഷ്യസ് സേവ്യറിനും നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിഡി സതീശൻ അറിയിച്ചു.

മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വാക്ക് തെറ്റിച്ചാൽ ഇതിനേക്കാൾ വലിയ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പ്രതികരിച്ചു. നിങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടെന്ന് നേതാക്കളോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണത്തിൻ്റെ തുടക്കത്തിൽ പൊലീസ് യാഥാർത്ഥ്യം മൂടിവയ്ക്കാൻ ശ്രമിച്ചു.

കേരളത്തിലെ ചെറുപ്പക്കാരുടെ രോഷത്തിൽ നിന്നാണ് ഈ സമരം ഉയർന്നുവന്നത്. നിരന്തരം സിദ്ധാർത്ഥന്റെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം കുടുംബത്തിന് ഉറപ്പു കൊടുത്തു. ഈ മൂന്നുപേരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ബലം പിടിച്ച ഗവൺമെൻറ് സിബിഐ അന്വേഷണം ഉറപ്പുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെ വിശ്വാസമില്ലെന്നും ഒരു പിതാവ് എന്ന നിലയിൽ പിണറായി വിജയൻ വാക്കുപാലിക്കും എന്ന് കരുതുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തങ്ങളുടെ ആരോഗ്യനില മോശമാണ്. എന്നാൽ ആരോഗ്യമല്ല പ്രധാനമെന്നും സിദ്ധാർത്ഥന്റെ നീതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ ആന്റി റാഗിംഗ് സ്ക്വാഡ് യു.ജി.സിക്ക് നൽകിയ റിപ്പോർട്ട് 24 ന് ലഭിച്ചു. നടന്ന കാര്യങ്ങൾ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാർഡനും ആവശ്യപ്പെട്ടെന്നാണ് മൊഴി. 2019 ലും 2021ലും സമാന മർദ്ദനമുറകൾ ഹോസ്റ്റലിൽ നടന്നുവെന്നും കണ്ടെത്തലുണ്ട്.

ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനും ഒപ്പം നിന്നു. ഭയം മൂലം സത്യസന്ധമായ വിവരങ്ങൾ പറയാൻ കഴിഞ്ഞില്ല. അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അധ്യാപകരും വിദ്യാർത്ഥിനികളും വിട്ടുനിന്നു. 2019 ലും 2021 ലും സമാന മർദ്ദനമുറകൾ ഹോസ്റ്റലിൽ നടന്നു. മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി രണ്ടാഴ്ച ക്ലാസ്സിൽ എത്തിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പറയാൻ വിദ്യാർത്ഥി തയ്യാറല്ലെന്നും കണ്ടെത്തലുണ്ട്.