ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

തൊടുപുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ഇന്ന്

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ഇന്ന്

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നിവയാണു എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍.

കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. ചാലക്കുടിയില്‍ റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണനാണു പ്രഥമപരിഗണന. അഡ്വ. സംഗീതാ വിശ്വനാഥനും പരിഗണനയിലുണ്ട്. ഇടുക്കിയില്‍ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ളയാളെ നിര്‍ത്തുന്നതാണ് പരിഗണനയിലുള്ളത്. മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫനെയാണ് പരിഗണിക്കുന്നത്. മാവേലിക്കരയില്‍ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയ്ക്കു മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വർഷം മരിച്ച കെ എസ് ആർ ടി സി ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ

കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. ഉത്തരവിന്റെ പകർപ്പ് 24ന് ലഭിച്ചു. കഴിഞ്ഞവർഷം ഡിസംബറിൽ മരണപ്പെട്ട ഇ.ജി.മധു എന്ന ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരനെയാണ് ട്രാൻസ്ഫർ ചെയ്തത്. എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാൻസ്ഫർ ഉത്തരവ് ഇറങ്ങുന്നത് ഈ മാസം ഏഴിനാണ്.

ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്‍കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത്.
ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മധു അന്തരിച്ചത്. കോര്‍പ്പറേഷന്‍ സിഎംഡി ഉള്‍പ്പെടെ ഉള്ളവര്‍ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, സര്‍വീസ് റോളില്‍ നിന്നും പരേതനെ നീക്കം ചെയ്യാത്തതാണ് കാരണം എന്നാണ് നിഗമനം. മരിച്ച ആളുടെ സ്ഥലംമാറ്റം കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് പിഴവ് കണ്ടെത്തിയത്.

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു.

പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

നഗരത്തെ ഗതാഗതക്കുരുക്കിന് മോചനം; തലശേരി- മാഹി ബെപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച

നഗരത്തെ ഗതാഗതക്കുരുക്കിന് മോചനം; തലശേരി- മാഹി ബെപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച

കണ്ണൂര്‍: തലശേരി- മാഹി ബെപ്പാസ് 11ന് നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എന്‍ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ്ഖാന്‍, തമിഴിസൈ സൗന്ദര്‍രാജന്‍ (പുതുച്ചേരി), പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ട്രയല്‍ റണ്ണിനായി വ്യാഴാഴ്ച വൈകീട്ട് ബൈപ്പാസ് തുറന്നിരുന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞു. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്. മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്കുമുണ്ടായില്ല.