മാസപ്പടി വിവാദത്തിൽ വീണാ വിജയന് ഇന്ന് നിർണായക ദിനം

മാസപ്പടി വിവാദത്തിൽ വീണാ വിജയന് ഇന്ന് നിർണായക ദിനം

മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. രജിസ്റ്റാർ ഓഫ് കമ്പനീസിൻ്റെ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത് നിയമപരമല്ലെന്നാണ് കമ്പനിയുടെ വാദം.

കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ച് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി കർണാടക അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്ജി കുളൂർ അരവിന്ദ് കാമത്താണ് ഹാജരാകുന്നത്. അന്വേഷണം സംബന്ധിച്ച് രേഖകൾ കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളി

കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം

കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം

നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.

ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

കേരളത്തിന് അഭിമാനം, രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം സജ്ജമാക്കി കെല്‍ട്രോണ്‍

കേരളത്തിന് അഭിമാനം, രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം സജ്ജമാക്കി കെല്‍ട്രോണ്‍

കണ്ണൂര്‍: കേരളത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം മാങ്ങാട്ടുപറമ്പ് കെല്‍ട്രോണില്‍ പ്രവര്‍ത്തനസജ്ജമായി. ഉയര്‍ന്ന ഊര്‍ജസംഭരണശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററാണ് സൂപ്പര്‍ കപ്പാസിറ്റര്‍. കുറഞ്ഞ വോള്‍ട്ടേജ് പരിധിയിലും കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാള്‍ നൂറുമടങ്ങാണ് ഊര്‍ജസംഭരണശേഷി. ഓട്ടോമോട്ടീവ്, പുനരുപയോഗസാധ്യതയുള്ള ഊര്‍ജം, ബഹിരാകാശ വിക്ഷേപണ വാഹനം, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവിഭാജ്യഘടകമാണിത്.

42 കോടി രൂപ മുതല്‍മുടക്കില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതികസഹായത്തോടെയാണ് സൂപ്പര്‍ കപ്പാസിറ്ററിന്റെ ഉല്‍പ്പാദനം. നിലവില്‍ വിദേശത്തുനിന്നാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്. 18 കോടി മുതല്‍മുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം സജ്ജമാക്കിയത്. മെഷിനറികള്‍, 3.5 കോടി മുതല്‍മുടക്കിലുള്ള ഡ്രൈറൂമുകള്‍, അഞ്ചുകോടിയുടെ കെട്ടിടം എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. പ്രതിദിനം 2100 കപ്പാസിറ്റാണ് ഉല്‍പ്പാദനശേഷി. വിഎസ്എസ്സി, സിമെറ്റ്, എന്‍എംആര്‍എല്‍ എന്നീ കേന്ദ്ര ഗവേഷണസ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ബൃഹദ്പദ്ധതിയാണിതെന്ന് എംഡി കെ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ആദ്യഘട്ടം കമീഷന്‍ ചെയ്ത് നാലാം വര്‍ഷത്തോടെ 22 കോടിയുടെ വാര്‍ഷിക വിറ്റുവരവും 2.72 കോടിയുടെ വാര്‍ഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; എതിര്‍ത്ത് ഇഡി

ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; എതിര്‍ത്ത് ഇഡി

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പ്രതാപനും ശ്രീനയും നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

ആലപ്പുഴയില്‍ കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴയില്‍ കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ: ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22), ധന്യാഭവനം ധനരാജ്(20) എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും നിസ്സാര പൊള്ളലേറ്റ ഇന്ദുഭവനം അനന്തുവിനെ (24) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് കെട്ടുകാഴ്ചയിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാല്‍ ഭാഗവും കരിഞ്ഞു പോയി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡില്‍ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പൊള്ളലേറ്റത്. കെട്ടുകാഴ്ചകള്‍ വരുന്നതിന്റെ ഭാഗമായി 11 മണിയോടെ ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകള്‍ കെഎസ്ഇബി ഓഫ് ചെയ്‌തെങ്കിലും ഒരു ലൈന്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തെത്തുടര്‍ന്ന് കെട്ടുകാഴ്ച എഴുന്നള്ളിക്കല്‍ മുടങ്ങി. വൈകീട്ട് നാട്ടുകാര്‍ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കേരള കോണ്‍ഗ്രസ് എം നേതൃയോഗം ഇന്ന്; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും

കേരള കോണ്‍ഗ്രസ് എം നേതൃയോഗം ഇന്ന്; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും.

കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ ഒന്നിലായിരുന്നു പാര്‍ട്ടി കണ്ണുവെച്ചിരുന്നത്. എന്നാല്‍ നിലവിലെ സീറ്റുകളുടെ അനുപാതത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഇടതുമുന്നണിയിലെ ധാരണ.