by Midhun HP News | Feb 8, 2024 | Latest News, കേരളം
കൊച്ചി: ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായിരിക്കണം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നല്‍കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഫ്ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്.
കേസില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം ഇന്ന് അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനുശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കി. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്‍കാത്തത് എന്ന ഹര്‍ജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയവേ മരിച്ചതിനാല്‍ ആശുപത്രിയില്‍ 1.30 ലക്ഷം രൂപ ചെലവായി. ഇതു നല്‍കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് ജെബിന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഉച്ചക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ഇന്ന് ഹാജരാക്കാം എന്ന് അഭിഭാഷകന്‍ അറിയിച്ചു.
ഫ്ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയില്‍ എത്തിച്ചത്. ഫെബ്രുവരി മൂന്നിനാണ് പങ്കാളിക്ക് പുലര്‍ച്ചെ ഫ്ലാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. നാലിന് മരിച്ചു. ആറു വര്‍ഷമായി ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് മരിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നു.
സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ 1.3 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് 30,000 രൂപ മാത്രം മുടക്കാനുള്ള ശേഷിയേ ഉള്ളുവെന്നും മൃതദേഹം വിട്ടുതരാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ജെബിന്‍ കോടതിയെ സമീപിച്ചത്.
by Midhun HP News | Feb 8, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപ നല്‍കണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ 200 രൂപ വര്‍ധിച്ചാണ് 46,400 രൂപയായത്.
by Midhun HP News | Feb 8, 2024 | Latest News, കേരളം
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്നതാണ്. അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും കുറ്റപത്രം സമർപ്പിക്കുക.
സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ നഗരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവർ അറസ്റ്റിലായി.
by liji HP News | Feb 8, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
രാവിലെ 10.30ന് കേരള ഹൗസിനു മുന്നിൽനിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.
കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്ന നിലയിലാണ് ചരിത്രത്തിൽ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റു പിൻമാറുന്നതിന് പകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലക്കൊള്ളുകയാണ്. എല്ലാവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ കക്ഷിരാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Feb 7, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ. എന്നാൽ എസ്എഫ്ഐഒയുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി.
കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിനീ ഭയമെന്നും കോടതി ആരാഞ്ഞു.
ഇതിനിടെ, SFIO തിരുവനന്തപുരത്തെ കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുകയാണ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസത്തെ പരിശോധന നടത്തിയതിന് ശേഷമാണ് സംഘം തിരുവനന്തപുരത്തത്തിയത്.
by Midhun HP News | Feb 7, 2024 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. പ്രതിയുടെ ശിക്ഷ നാളെ വിധിക്കും.
കേസില്‍ ശിക്ഷയിന്മേലുള്ള വാദവും നാളെ നടക്കും. കാസര്‍കോട് ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎ കണ്ടെത്തൽ.
Recent Comments