by Midhun HP News | Feb 7, 2024 | Latest News, കേരളം
തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ’ഭാരത്’ അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും
അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്.
തൃശൂരില്‍ 10 വാഹനങ്ങള്‍ ‘ഭാരത് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്.
അതേസമയം, കേരളത്തില്‍ അരിവില കൂട്ടാന്‍ കേന്ദ്രം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. വിലക്കയറ്റമുണ്ടാക്കി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. ഭാരത് അരി കൊണ്ടുവരാനാണ് നീക്കം. അരിവില പിടിച്ചുനിര്‍ത്താന്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Feb 7, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി. മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതല്‍ വില ഇടിയാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
by Midhun HP News | Feb 7, 2024 | Latest News, കേരളം
തൃശൂര്‍: കേന്ദ്ര കൃഷിവകുപ്പു മുന്‍ ജോയിന്റ് ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു. തൃക്കുമാരകുടം ഹരിശ്രീ നഗര്‍ ശ്രീപാദത്തിലായിരുന്നു താമസം. മലയാള മനോരമ ‘കര്‍ഷകശ്രീ’ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെയും കാര്‍ഷിക സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും എഡിറ്ററായിരുന്നു. അദ്ദേഹം ‘സീരി’ എന്ന തൂലികാനാമത്തില്‍ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും കൃഷി ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
1926 ല്‍ തൃപ്പൂണിത്തുറയിലാണു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികള്‍ചറല്‍ കോളജ്, അമേരിക്കയിലെ വിസ്‌കോന്‍സെന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംസ്ഥാന കൃഷി വകുപ്പ്, കേരള സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, 18 വര്‍ഷം ‘കര്‍ഷകശ്രീ’ മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ് ആയിരുന്നു.
by Midhun HP News | Feb 6, 2024 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.
വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും അനുശ്രീ പറഞ്ഞു. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.
അതേസമയം, സംസ്ഥാനത്ത് വിദേശ സര്‍വകലാശാല ക്യമ്പസുകള്‍ സ്ഥാപിക്കുന്ന കാര്യം യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും തുടര്‍ന്നായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു
by Midhun HP News | Feb 6, 2024 | Latest News, കേരളം
മലപ്പുറം: പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി.
രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
by Midhun HP News | Feb 6, 2024 | Latest News, കേരളം
കൊല്ലം: പെട്രോൾ പമ്പുകൾക്കു നേരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആശുപത്രി സംരക്ഷണ നിയമം പെട്രോൾ പമ്പുകൾക്കും ബാധകമാക്കുക, 7 വർഷമായി ഓയിൽ കമ്പനികൾ തടഞ്ഞു വച്ചിരിക്കുന്ന ഡീലർ മാർജിൻ വർധന ഉടനടി നടപ്പാക്കുക, പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പമ്പുകളുടെ നിലനിൽപ് ഉറപ്പാക്കിയ ശേഷം മാത്രം പുതിയ പമ്പുകൾക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് കേരളത്തിലെ ഓയിൽ കമ്പനിയുടെ പനമ്പള്ളി നഗറിലുള്ള ഓഫിസിന് മുന്നിൽ ധർണ
നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് മുതൽ പമ്പുകളുടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കും. അതിനുശേഷം പമ്പുകൾ അടച്ചിട്ട് അനിശ്ചിത കാലസമരത്തിലേക്കു നീങ്ങുമെന്നും പ്രസിഡൻ്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ്, ട്രഷറർ മൂസ, വൈസ്പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പറഞ്ഞു.
Recent Comments