by Midhun HP News | Feb 3, 2024 | Latest News, കേരളം
കൊച്ചി: കോവിഡ് കാലത്തെ യാത്രാ വിലക്ക് മൂലം ടൂര്‍ മുടങ്ങിയ സംഭവത്തില്‍ അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും ടൂര്‍ ഓപ്പറേറ്റര്‍ ഉപഭോക്താവിനു നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാന്‍സ് തുകയായി ഈടാക്കിയ 50,000 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരവും കോടതി ചെലവും ആയി 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും സോമാസ് ലിഷര്‍ ടൂര്‍സ് ഇന്ത്യ എന്ന സ്ഥാപനം മുഖേന 2020 മെയ് 25 ന് നിശ്ചയിച്ച റഷ്യന്‍ ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇരുവരും അമ്പതിനായിരം രൂപ ടൂര്‍ ഏജന്‍സിക്ക് അഡ്വാന്‍സും നല്‍കി. എന്നാല്‍ കോവിഡ് മൂലം രാജ്യാന്തരതലത്തില്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ വിനോദ യാത്ര റദ്ദാക്കി.
ഈ സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചു. എന്നാല്‍ ഈ വര്‍ഷം തന്നെ നടക്കുന്ന മറ്റൊരു വിനോദയാത്രയില്‍ ഇവര്‍ക്ക് പങ്കെടുക്കാമെന്നും അഡ്വാന്‍സ് തുക തിരിച്ചു നല്‍കാന്‍ നിര്‍വാഹമില്ല എന്ന നിലപാടാണ് എതിര്‍ കക്ഷി സ്വീകരിച്ചത്. തുടര്‍ന്നാണ് അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
വലിയ തുക കൊടുത്താണ് ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതെന്നും ആ തുക തങ്ങള്‍ക്ക് തിരിച്ചു ലഭിക്കുന്നതല്ലെന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അഡ്വാന്‍സ് തുക തിരിച്ച് നല്‍കാത്തതെന്നും എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഈ വസ്തുത തെളിയിക്കാന്‍ യാതൊരു രേഖകളും എതിര്‍കക്ഷി കമ്മീഷനുമുമ്പാകെ ഹാജരാക്കിയിട്ടില്ല എന്ന് വ്യക്തമാക്കി പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍, പ്രസിഡണ്ട് ഡി ബി ബിനു, വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. നജ്മല്‍ ഹുസൈന്‍ ഹാജരായി.
by Midhun HP News | Feb 3, 2024 | Latest News, കേരളം
കോഴിക്കോട്: ‘എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍’ പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു.
പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സദസിലുണ്ടായിരുന്ന എല്ലാവരും അത് ഏറ്റുവിളിക്കാന്‍ തയ്യാറായില്ല. അത് മന്ത്രിയെ ചൊടിപ്പിച്ചു. അതിനിടെ ഭാരത് മാതാ കീ ജയ് വിളിക്കാത്ത ഒരു യുവതിയെ ചൂണ്ടിക്കാണിച്ച് എന്താണ് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രയാസമെന്ന് മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ ഭാരതം നിങ്ങളുടെ അമ്മ അല്ലേ?. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകൂ എന്ന് മന്ത്രി പറയുകയും ചെയ്തു. തുടര്‍ന്ന് പത്തിലേറെ തവണ ഭാരത് മാതാ കീ ജയ് വിളിച്ച മന്ത്രി സദസിനെ കൊണ്ട് അത് വിളിപ്പിക്കുകയും ചെയ്തു.
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ മടി കാണിക്കുന്നവരാണ് പുതിയ തലമുറയെന്ന് മന്ത്രിക്ക് ശേഷം സംസാരിച്ച ആര്‍എസ്എസ് നേതാവ് നന്ദകുമാറും അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
by Midhun HP News | Feb 3, 2024 | Latest News, കേരളം
ഡല്‍ഹി: എക്കാലത്തെയും ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഭ്യന്തര വിപണിയില്‍ 57,115 കാറുകളും കയറ്റുമതിക്കായി 10,500 കാറുകളും ഉള്‍പ്പെടെ മൊത്തം 67,615 കാറുകള്‍ ജനുവരിയില്‍ ഹ്യുണ്ടായ് വില്‍പ്പന നടത്തി.
ഈ നേട്ടം കമ്പനിക്ക് 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും 33.60 ശതമാനം പ്രതിമാസ വളര്‍ച്ചയും നേടിക്കൊടുത്തു. മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയറുകള്‍, പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ സഹിതമുള്ള ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വരവാണ് കമ്പനിയെ വമ്പന്‍ വില്‍പ്പനയ്ക്ക് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
”ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയായ 57,115 യൂണിറ്റ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളര്‍ച്ച നേടി” ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
പുതുതായി ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് ക്രെറ്റയോടുള്ള മികച്ച ഉപഭോക്തൃ പ്രതികരണമാണ് കമ്പനിയുടെ വില്‍പ്പന കൂട്ടിയത്, ബുക്കിങ് ഓപ്പണ്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഇതിനകം തന്നെ 50,000 ബുക്കിങ്ങുകള്‍ നേടി. കൂടാതെ, കമ്പനിയുടെ എന്‍ട്രി എസ്യുവി എക്സ്റ്റര്‍ മികച്ച വില്‍പ്പന നേടുന്നതിനൊപ്പം രാജ്യത്തെ മികച്ച ഓട്ടോ അവാര്‍ഡുകള്‍ നേടിക്കൊണ്ട് വിപണിയില്‍ അതിശയകരമായ നേട്ടം കൈവരിച്ചു.
by Midhun HP News | Feb 3, 2024 | Latest News, കേരളം
കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.
ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. 50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 35,00 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
by Midhun HP News | Feb 3, 2024 | Latest News, കേരളം
കോഴിക്കോട്: വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാൻ സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്‍റെ പല വെബ്‍സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുൽ ഹക്കീം പറഞ്ഞു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്കുളള വിവരാവകാശ കമ്മീഷന്‍റെ നീക്കം. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും.
കളക്ടറേറ്റുകളിലായിരിക്കും ആദ്യ പരിശോധന. കൃത്യമായ മറുപടികൾ ലഭിക്കാത്തത് കൊണ്ടും മറുപടി വൈകുന്നത് മൂലവും വിവരാവകാശ അപേക്ഷയിൽ അപ്പീലുകളുടെ എണ്ണം കൂടുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു. 30 ദിവസത്തിനകം മറുപടി നൽകിയാൽ മതിയെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥർ തിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിവര ശേഖരണത്തിന്‍റെ ആദ്യ ഘട്ടം അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അപൂർണമായോ ആണ് വിവരം നൽകിയതെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.
by Midhun HP News | Feb 3, 2024 | Latest News, കേരളം
തല മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ എൽകെ അദ്വാനിക്ക് ഭാരതരത്ന ബഹുമതി. 96 വയസ്സിലാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി അദ്ദേഹത്തെ തേടിയെത്തുന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവരം അറിയിച്ചത്.
Recent Comments