by Midhun HP News | Jun 10, 2026 | Latest News, കേരളം
തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘർഷത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തി സുഗതനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തെ സുഗതന്റെ അനുയായികൾ വളഞ്ഞു. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം പ്രതിരോധമാണ് അനുയായികൾ തീർത്തത്.
ഇതേത്തുടർന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു. ഇതിനുശേഷമാണ് സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയുമായി പൊലീസ് സംഘം കടന്നത്. സംഘർഷത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ചിക്കൻപോക്‌സ് ആയതിനാലാണ് സ്റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പൊലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ പറഞ്ഞു.
by Midhun HP News | Jun 9, 2026 | Latest News, കേരളം
തിരുവനന്തപുരം: സ്‌കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിക്കാമെന്നും കുട്ടിയെയും ടീച്ചര്‍മാരേയും കാണാമെന്നും മുഖ്യമന്ത്രി കുട്ടിയുടെ കത്തിന് മറുപടിയായി ഉറപ്പ് കൊടുത്തു.
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയില്‍ ഗവ.എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഓമശ്ശേരി പെരുന്തോട്ടത്തില്‍ റഷീദിന്റെ മകള്‍ ഹാദിയയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തില്‍ മുഖ്യമന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചാല്‍ സ്‌കൂളിന് നല്ല പബ്ലിസിറ്റി കിട്ടുമെന്നും കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം തേടുമെന്നുമായിരുന്നു ഹാദിയ വിവരിച്ചത്. സ്‌കൂള്‍ പരിസരത്തെ കുട്ടികള്‍ പോലും ഇവിടെ അഡ്മിഷന്‍ എടുക്കുന്നില്ലെന്നും ഹാദിയ പരാതിപ്പെട്ടു. ഭാവിയില്‍ സ്‌കൂള്‍ ഇല്ലാതാകുമോ എന്ന ആശങ്കയും കുട്ടിയുടെ കത്തിലുണ്ട്. ഈ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
ഒരു ദിവസം സ്‌കൂളില്‍ വരാം. മോളേയും ടീച്ചര്‍മാരേയും കാണും. സ്‌കൂളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കും. തിരക്ക് കാരണം കത്ത് വായിക്കാന്‍ വൈകിപ്പോയതിനാലാണ് മറുപടി വൈകിയത്. മോള്‍ നന്നായി പഠിക്കണം, ടീച്ചര്‍മാരോട് അന്വേഷണം പറയണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

by Midhun HP News | Jun 9, 2026 | Latest News, കേരളം
കാസര്‍കോട്: കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്.
50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വലിയ ആഴത്തിലാണ് പിളര്‍ന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ 10.00 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളര്‍ന്നതെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കര്‍ണാടകയിലക്കുള്ള അന്തര്‍ സംസ്ഥാനപാത കൂടിയാണ്. ഈ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

by Midhun HP News | Jun 9, 2026 | Latest News, കേരളം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും അമൂല്യ വസ്തുക്കളും കാണാനില്ലെന്ന് പരാതി. സ്വർണ്ണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, സ്വർണ്ണക്കട്ടകൾ എന്നിവയാണ് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷൻ നടത്തിയ വാർഷിക പരിശോധനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഞെട്ടിച്ച ഈ വിവരം പുറത്തുവന്നത്.
നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ പ്രത്യേക ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവ കാണാതായിരിക്കുന്നത്. എല്ലാ വർഷവും ഇവിടുത്തെ തിരുവാഭരണങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താറുണ്ട്. ഇത്തവണ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മെയ് 23-നാണ് കമ്മീഷൻ ഉന്നത അധികാരികൾക്ക് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി ഇരുപതിലധികം പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായിരിക്കുന്നത്.
അതേസമയം, കാണാതായ ആഭരണങ്ങളുടെയും സ്വർണ്ണക്കട്ടകളുടെയും കൃത്യമായ തൂക്കമോ അവയുടെ വിപണി മൂല്യമോ നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഈ അട്ടിമറി നടന്നതെന്ന കാര്യത്തിൽ കടുത്ത സംശയമുയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭക്തജനങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

by Midhun HP News | Jun 9, 2026 | Latest News, കേരളം
നടൻ സലിം കുമാറിന്റെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പലരും. അഭിനയത്തിന് പുറമേ സംവിധാനത്തിലും സലിം കുമാർ ഒരു കൈ വച്ചിരുന്നു. എന്നാൽ അഭിനയം പോലെ സംവിധാനത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.
താൻ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ലെന്ന് ഒരിക്കൽ സലിം കുമാർ തന്നെ പറഞ്ഞിരുന്നു. ബിസിനസൊക്കെ പൊളിഞ്ഞതോടെ മക്കൾ വരെ തന്നെ കളിയാക്കിയിരുന്നുവെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞു. “ദൈവമേ കൈതൊഴാം കെ.കുമാറാകണം ആ സിനിമ ഞാൻ ജനകീയ കോടതിക്ക് വിട്ടു കൊടുത്തു.
ആ സിനിമയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടും കാര്യമില്ല. ചിന്തിക്കാതെ ഇരുന്നിട്ടും കാര്യമില്ല. ‘ആട്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അതിന്റെ ആദ്യ ഭാഗമായിരുന്നു. പക്ഷേ ആദ്യ ഭാഗം പരാജയമായിരുന്നു. രണ്ടാം ഭാഗം വിജയിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഇതിൽ ഏതാണ്. ഞാൻ അല്ല ശരി എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകും.
ചിലപ്പോൾ ഞാനാണ് ശരി എന്ന തോന്നലുണ്ടാകും. എവിടെ ഞാൻ നിൽക്കണമെന്ന തീരുമാനത്തിലേക്ക് എത്തണം. കോഴി വളർത്തൽ ഇപ്പോൾ ഇല്ല. വൻ പരാജയമായിരുന്നു അത്. എന്റെ മക്കൾ എന്നോട് പറഞ്ഞു, അച്ഛൻ പെട്രോളീയത്തിന്റെ ബിസിനസ് ചെയ്യ്. അപ്പോൾ പെട്രോളിന് വില കുറയും. അപ്പോ പിന്നെ ഫുൾ ടാങ്ക് ഒക്കെ അടിക്കാലോ. അച്ഛൻ പെട്രോളിന്റെ ബിസിനസ് തുടങ്ങിയാൽ വില കുറയും. അങ്ങനെ വരെ സ്വന്തം മക്കൾ ആക്ഷേപിക്കാൻ തുടങ്ങി എന്നെ. ബിസിനസ് ചെയ്തിട്ടും ഞാനിതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒരു ബിസിനസും”. – സലിം കുമാർ പറഞ്ഞു.
2015ൽ പുറത്തിറങ്ങിയ ‘കംപാർട്ട്മെന്റ്’ എന്ന ഡോക്യുഫിക്ഷനിലൂടെയാണ് സലിം കുമാർ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ രണ്ട് സിനിമകളും സംവിധാനം ചെയ്തു.

by Midhun HP News | Jun 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്‍ദേശം.
പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം. മതിയായ വളര്‍ച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃതമായി മീന്‍ പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പരിശോധന ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
ജലാശയങ്ങളില്‍ വലകെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതുവഴി പ്രജനനത്തിനായി ഉദ്ദേശിച്ചയിടത്ത് എത്താനാകില്ല. ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും. 2010ലെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. 20 മില്ലിമീറ്ററില്‍ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീന്‍ പിടിക്കരുത്. ലൈസന്‍സില്ലാതെ മീന്‍ പിടിക്കരുത്. വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമം ഘംഘിച്ച് മീന്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പിഴയോ ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ ട്രോളിങ് നിരോധനം വരാനിരിക്കെയാണ് ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ വരുന്ന രണ്ട് മാസങ്ങളില്‍ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്നാണ് സൂചന.

Recent Comments