by Midhun HP News | Jun 9, 2026 | Latest News, കേരളം
ഭീതി പടർത്തി കോഴിക്കോട് വീണ്ടും ഷിഗെല്ല വ്യാപനം. പനിയും ഛർദിയും വയറളിക്കവും പടർന്നതിനിടെ ചികിത്സയിലുണ്ടായിരുന്ന കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ മൂന്നുറിലധികം കുട്ടികളിൽ രണ്ടു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് പിന്നിൽ ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ്. ഇത് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാക്കും.
വയറിളക്കമാണ് പ്രധാന ലക്ഷണം. ചികിത്സ വൈകിയാൽ രോഗാവസ്ഥ ഗുരുതരമാകും. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പകരുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഷിഗെല്ല ഗുരുതരമാകുന്നത്. രോഗം ബാധിച്ചാൽ കുട്ടികളിൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗ വളരെ പെട്ടെന്ന് വ്യാപിക്കും.
ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ഇവ പെരുകുക. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.
മുൻകരുതലാണ് പ്രധാനം, ഷിഗെല്ലയ്ക്കെതിരെ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണം പൂർണമായുംവേവിച്ച് മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
പഴകിയ ആഹാരം കഴിക്കരുത്.
ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.
മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
ഭക്ഷണത്തിനു മുമ്പും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക
രോഗത്തിന് ചികിത്സ തേടുക
വയറിളക്കം ഉണ്ടായാൽ ഉടൻ ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം മുതലായവ കുടിക്കുക.
കുടിവെള്ളസ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യണം.

by Midhun HP News | Jun 9, 2026 | Latest News, കേരളം
ദിസ്പുർ: പ്രഭാത സവാരിക്കിറങ്ങിയ 18 വയസുള്ള പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് സംഭവം. മണിക്കൂറുകൾക്കു ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. അജ്ഞാതരായ പ്രതികൾ സംഭവ സ്ഥലത്തെത്തി പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.മണിക്കൂറുകൾക്ക് ശേഷം, ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ ഒരു യാത്രക്കാരൻ സംശയാസ്പദമായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഒരു ചാക്ക് കണ്ടതോടെ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

by Midhun HP News | Jun 9, 2026 | Latest News, കേരളം
കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇ ഡി സമന്‍സ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വീണ ഉള്‍പ്പെടെ 9 പേര്‍ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമന്‍സ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെഎസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവരും സമന്‍സ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
സിഎംആര്‍എല്ലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്.എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എല്‍ എതിര്‍പ്പ് തള്ളിയായിരുന്നു കോടതി നടപടി.

by Midhun HP News | Jun 9, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് രംഗത്തെ കുത്തനെയുള്ള വില വര്‍ധനവുമാണ്, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച നടപടിക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനപ്രകാരം, PMUY ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് റീഫില്ലുകള്‍ക്ക് പ്രതിവര്‍ഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു. ഇത് LPG യുടെ യഥാര്‍ത്ഥ അന്താരാഷ്ട്ര വിലയേക്കാള്‍ ഏകദേശം 60% കിഴിവാണ്. PMUY അല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 942 രൂപയാണ് ചില്ലറ വില്‍പ്പന വിലയെന്നും ഖനൂജ വ്യക്തമാക്കി. 2016 മെയ് മാസത്തില്‍ ആരംഭിച്ച ഫ്‌ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്സിഡിയുള്ള 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ശേഷിക്കുന്ന 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
നാളെ വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊല്ലം: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. കൊല്ലം വെളിമണ്‍ സ്വദേശി അഷ്‌റഫ് (47) ആണ് പിടിയിലായത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് കഴിയുകയായിരുന്നു ഇയാള്‍.
ബലാത്സംഗക്കേസില്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം മുങ്ങിയതായിരുന്നു അഷ്‌റഫ്. എറണാകുളത്തു നിന്നാണ് അഷ്‌റഫിനെ തലശ്ശേരി പൊലീസ് പിടികൂടിയത്. 2016 ല്‍ തലശ്ശേരി സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
2016 ല്‍ തലശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതാകുന്നതോടെയാണ് കേസിന് തുടക്കം. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തുന്നത്. എറണാകുളത്തു കൊണ്ടുപോയി അഷ്‌റഫ് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തലശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് കോടതി തന്നെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. എറണാകുളത്ത് പെയിന്റ് പണിയാണെന്നാണ് പറഞ്ഞിരുന്നത്. രണ്ടാഴ്ചയോളം നിരീക്ഷിച്ചശേഷമാണ് കൊച്ചിയില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടുന്നത്.

Recent Comments