പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ‌ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.

ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവും ശ്യാമളയുടെ പേരിലുണ്ട്. ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവുമുണ്ട്.

പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവുമുണ്ട്. കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം വി ഗോവിന്ദന് ഉള്ളത്.

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ കുടുംബാം​​ഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നി​ഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിൽ ഓർഡർ‌ ചെയ്ത് വരുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാ ഴ്ച രാവിലെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും വെള്ളവും മറ്റും ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം തോന്നിയത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോ​ഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചു നാൾ മുമ്പ് പോയിരുന്നതായും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട് പൊലീസ്.

മരണ വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി കെ മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ‌ പച്ചാളം ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് സംസ്കാരം നടന്നത്.

രണ്ട് മാസം മുമ്പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണ വിവരം പുറത്തു വരുന്നത്. കരൾരോ​ഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴ് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തെ തുടർന്ന് കുടുംബത്തിൽ തർ‌ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബ പ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു

ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന് ആനുപാതികമായി 545 രൂപയാണ് കുറഞ്ഞത്. 12,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തല്‍ അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല: പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച മുതല്‍ രാവിലെ 7 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ.

രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേക സമയം ചുരുക്കിയത്. ഉത്സവബലി നടക്കുന്നതിനാല്‍ രണ്ടാംഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനത്തിനാണ് പിന്നീട് അനുവദിക്കുക. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ 25,000 പേര്‍ക്കുമാത്രമേ ദര്‍ശനം അനുവദിക്കൂ. ആറാട്ട് ദിവസം 10,000 പേര്‍ക്കേ ദര്‍ശനത്തിന് അവസരമുള്ളൂ.

എന്നാല്‍ വൈകീട്ട് 5 ന് നടതുറന്നതിന് ശേഷമുള്ള ദര്‍ശനം പതിവുപോലെ ഉണ്ടാകു. . 31-നാണ് പള്ളിവേട്ട. ക്ഷേത്രത്തില്‍നിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഏപ്രില്‍ ഒന്നിന് ഭഗവാന് പമ്പയില്‍ ആറാട്ട്. അന്ന് രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. പമ്പാനദിയിലെ പ്രത്യേകം തയ്യാറാക്കുന്ന കടവിലാണ് 11 മണിക്ക് ആറാട്ട്. അന്ന് രാത്രി 10 ന് നട അടയ്ക്കും.

കേരളം പൊള്ളും; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രതാ നിർദേശം

കേരളം പൊള്ളും; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രതാ നിർദേശം

കൊച്ചി: സംസ്ഥാനത്ത് ചൂട് കൂടും. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് ഉയരാൻ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടുത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയര്‍ന്ന ചൂട് കാരണമാകും.

അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾക്കായായുള്ള ജാഗ്രത നിർദേശങ്ങൾ

പകൽ 11 മുതല്‍ വൈകീട്ട് 3 വരെ നേരിട്ട്, തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. പരമാവധി ശുദ്ധജലം കുടിക്കുക

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവര്‍ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം ഉറപ്പാക്കുക

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്ര ചെയ്യുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക. വെള്ളം കയ്യിൽ കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

തൃശൂർ: അവണൂരിൽ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

ഇന്നലെ രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടിൽ കണ്ടെത്തുകയായിരുന്നു.