ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പ്; ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാം

ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പ്; ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഐപിസി 124 വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

പ്രതിഷേധക്കാര്‍ക്കെതിരെ തുടക്കത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു.

കന്റോണ്‍മെന്റ് പൊലീസ് രാജ്ഭവനില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പത്തൊന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.

പുതുമിടിപ്പുമായി ഹരിനാരായണന്‍ മടങ്ങി; അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായി സഹോദരന്‍ സൂര്യനാരായണനും

പുതുമിടിപ്പുമായി ഹരിനാരായണന്‍ മടങ്ങി; അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായി സഹോദരന്‍ സൂര്യനാരായണനും

കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹരിനാരായണന്‍ എറണാകുളം ലിസി ആശുപത്രി വിട്ടു. പതിനാറുകാരനായ ഹരിനാരായണന് കഴിഞ്ഞമാസം അവസാനമാണ് ഹൃദയം മാറ്റിവച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനില്‍ മിടിക്കുന്നത്.

ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021ല്‍ ലിസി ആശുപത്രിയില്‍ത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു. രണ്ടു സഹോദരന്മാര്‍ക്കും ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുക, ഇരുവര്‍ക്കും ഹൃദയം മാറ്റിവയ്‌ക്കേണ്ടിവരിക, ഒരേ ശസ്ത്രക്രിയ നടത്തുക, രണ്ടുപേര്‍ക്കും ഡോക്ടര്‍ വ്യോമമാര്‍ഗം തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഹൃദയമേറ്റെടുക്കുക എന്നിങ്ങനെ ഇരുവരുടെയും ചികിത്സയില്‍ സമാനതകളേറെയായിരുന്നു. കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മക്കളാണ് സൂര്യയും ഹരിയും.

ഇന്നലെ ഹരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സമയം അരികത്ത് സഹോദരന്‍ സൂര്യനാരായണനും ഉണ്ടായിരുന്നു. ഹൃദയം ക്രമാതീതമായി വികസിപ്പിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം നല്‍കുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ സാധ്യമാകുകയായിരുന്നു.

കടുത്ത വേദനക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ വലിയ മനസ്സ് കാണിച്ച സെല്‍വിന്റെ കുടുംബത്തെ മറക്കാന്‍ കഴിയില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു. ഹരിനാരായണന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹൃദയമാറ്റിവെയക്കല്‍ കഴിഞ്ഞ ഹരിയുടെ ജ്യേഷ്ഠന്‍ സൂര്യനാരായണനും ആരോഗ്യവാനുമാണ്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ നീന്തല്‍ മത്സരത്തിലടക്കം സൂര്യനാരായണന്‍ മെഡലുകള്‍ നേടിയിരുന്നു.

60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു.സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ (646 ചതുരശ്ര അടി) വരെയുള്ള വീടുകളെയാണ് വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയത്. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:

കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലന്‍സ് കോടതി

കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലന്‍സ് കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചു.നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നല്‍കികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിനുമായി 13 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

നിയമനം

കേരള റോഡ് ഫണ്ട് ബോര്‍ഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പില്‍ ഉണ്ടായ 71 ഒഴിവുകളിലേക്ക് പിഎസ്‌സി മുഖേന നിയമനം നടത്തും.

ഭൂമി ഏറ്റെടുക്കും

കണ്ണൂര്‍ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്നതും ഏറ്റെടുത്തതില്‍ ബാക്കിനില്‍ക്കുന്നതുമായ 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുന്‍നിര്‍ത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി.

ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് പരാമര്‍ശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.

സേവന കാലാവധി ദീര്‍ഘിപ്പിച്ചു

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ ഹരികുമാറിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജി നൈനാന് പുനര്‍നിയമനം നല്‍കാനും തീരുമാനിച്ചു.

‘ഭക്തര്‍ സ്വയം നിയന്ത്രിക്കണം’; ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി; സ്‌പോട്ട് ബുക്കിങ് കുറച്ചു;  ദേവസ്വം മന്ത്രി

‘ഭക്തര്‍ സ്വയം നിയന്ത്രിക്കണം’; ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി; സ്‌പോട്ട് ബുക്കിങ് കുറച്ചു; ദേവസ്വം മന്ത്രി

ശബരിമല: ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സ്‌പോട്ട് ബുക്കിങ് കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്തര്‍ക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ തൊണ്ണൂറായിരം എന്നത് എന്‍പതിനായിരമായി കുറച്ചതായും സ്‌പോട്ട് ബുക്കിങ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തര്‍ക്ക് കാര്യങ്ങള്‍ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ അവിടെയുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിലധികം വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യാമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ കൂടന്നത് അനുസരിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എല്ലാം സ്വയംനിയന്ത്രിക്കാന്‍ ഭക്തര്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു.പ്രതിഷേധം സംഘര്‍ഷമയാതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, തിരക്ക് കൂടിയതോടെ ശബരിമല ദര്‍ശനം കിട്ടാതെ ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മടങ്ങുന്നവരില്‍ ഏറെയും.

പത്ത് മണിക്കൂറിലേറെ നേരം വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. തിരക്ക് മൂലം അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാന്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്. തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവര്‍ കൂടിയെത്തുന്നതോടെ തിരക്ക് ഇനിയും വര്‍ധിക്കും.

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: മണിക്കൂറുകളോളം പമ്പാ പാതയില്‍ തടഞ്ഞിട്ടിരുന്ന ശബരിമല തീര്‍ഥാടക വാഹനത്തിലെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് പെരുമ്പാളൂര്‍ സ്വദേശി പെരിയസ്വാമി (53) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുനാടിന് സമീപം കൂനംകരയിലായിരുന്നു ഇവരുടെ വാഹനം. തിരക്ക് കാരണം മണിക്കൂറുകളോളം പമ്പാ പാതയില്‍ വാഹനം തടഞ്ഞിട്ടതോടെ, പുറത്തിറങ്ങിയ ഇദ്ദേഹത്തിന് അസ്വസ്ഥയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ പെരുനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.