by Midhun HP News | Dec 13, 2023 | Latest News, കേരളം
തിരുവനതപുരം: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5665 രൂപയായി. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോർഡിട്ടിരുന്നു.
പിന്നീട് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലിയിൽ പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 13, 2023 | Latest News, കേരളം
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി രാജേഷ് പിള്ള. 45 വയസായിരുന്നു. സത്രം- പുല്ലുമേട് കാനന പാതയിലാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. റാന്നി പെരുനാട് കൂനംകരയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം
തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ വെളിയിൽ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പെരുനാട് പഞ്ചായത്തു മെമ്പർ അരുൺ അനിരുദ്ധനും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Dec 13, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ശരവണന്‍, അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് മധുര സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്.
ഈ മാസം ഏഴിന് പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികള്‍ പണം ആവശ്യപ്പെടുകയായിരുന്നു. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വീഡിയോ കോളില്‍ മധുമോഹനെ കാണിച്ചായിരുന്നു മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് കുടുംബം പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ അശോകനെതിരെ തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.
by Midhun HP News | Dec 13, 2023 | Latest News, കേരളം
ഡല്‍ഹി: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നയിക്കുന്ന നവകേരള യാത്ര കൊണ്ട് എന്തുപ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും ആരിഫ് മുഹമ്മദ്ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം സര്‍ക്കാരിന്റെ നയങ്ങളാണ്. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂള്‍ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്. അതേസമയം, സംസ്ഥാനത്ത് 35 വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ എന്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കലക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിക്കുന്നതല്ലാതെ, പ്രശ്‌നങ്ങള്‍ക്ക് ഒരുപരിഹാരവുമാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സെനറ്റിലേക്ക് താന്‍ നാമനിര്‍ദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനിക്കും. താന്‍ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു
by Midhun HP News | Dec 13, 2023 | Latest News, കേരളം
കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉൾപ്പടെ മൂന്നു പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരാണ് അറസ്റ്റിലായത്.
അയ്മനം സ്വദേശിനിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവർ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പളക്കുടിശിക ഉണ്ടായി. കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു.
ഇത് സമ്മതിച്ചതോടെ ഒക്ടോബർ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അർജുനും അയ്മനത്തെ വീട്ടിൽ എത്തി. തുടർന്ന് വീട്ടമ്മയുടെ രണ്ടു പവൻ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
by Midhun HP News | Dec 13, 2023 | Latest News, കേരളം
ഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.
ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. തിയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.
ആധാർ പുതുക്കേണ്ടത് ഇങ്ങനെ
യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്.
ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വേണം. സൈറ്റില്‍ കയറി ഡോക്യുമെന്റ് അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍.
തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കണം. അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ ഉപകരിക്കും.
Recent Comments