നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകർക്കെതിരെ ​വധശ്രമത്തിന് കേസ്. മനഃപ്പൂർവമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറിൽ പറയുന്നത്.

എറണാകുളം ഓടക്കാലിയിൽവച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതിനിടെ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു.

ട്യൂഷന് പോകാൻ മടി; തട്ടിക്കൊണ്ടു പോകൽ നാടകം, പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വിദ്യാർഥി

ട്യൂഷന് പോകാൻ മടി; തട്ടിക്കൊണ്ടു പോകൽ നാടകം, പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വിദ്യാർഥി

കൊല്ലം: പഠിക്കാനുള്ള മടി കാരണം വിദ്യാർഥിയുടെ തട്ടിക്കൊണ്ടു പോകൽ നാടകം. തന്നെ ഒരു സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നറിയിച്ച് ചവറയിൽ വിദ്യാർഥി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി.

വെള്ളിയാഴ്‌ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിക്ക് തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് വിദ്യാർഥി വീട്ടുകാരോട് പറഞ്ഞു.ഉടൻ പൊലീസിലറിയിച്ചു . കാവിനു സമീപത്തു നിന്നും രണ്ടു പേർ നടന്നുവരുന്നതിന് പിന്നാലെ ഒരു കാർ വന്നെന്നും അത് കണ്ട് താൻ ഓടി രക്ഷപ്പെട്ടെന്നുമാണ് വിദ്യാർഥി പറഞ്ഞത്. സംഭവം നടന്നു എന്നു പറയുന്ന കാവിന് സമീപത്ത് പുറത്തു നിന്നും ആളുകൾ വരാറുണ്ട്. അങ്ങനെ ആരെങ്കിലും വന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടു പോകാൻ വരുന്നെന്ന് തോന്നിയതാകാമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം.

എന്നാൽ പിന്നീടാണ് കഥയിലെ ട്വിസ്റ്റ് പുറത്തു വരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ ട്യൂഷന് പോകാനുള്ള മടി കാരണമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.

കാനത്തിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം വീട്ടുവളപ്പില്‍

കാനത്തിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം വീട്ടുവളപ്പില്‍

കോട്ടയം: കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിട നല്‍കി. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് കാനം രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു. വീടിനോടു ചേര്‍ന്നുള്ള പുളിമരച്ചുവട്ടിലാണ് കാനത്തിന് ചിതയൊരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. സംസ്ഥാന മന്ത്രിമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.

പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തിരുവനന്തപുരത്തു നിന്നും വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാനം രാജേന്ദ്രന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്.
52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കാനം. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു

ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു

ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

50 വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായിരുന്നു ലീലാവതി. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 600-ലധികം സിനിമകളിൽ അഭിനയിച്ചു. 1937 ൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ജനനം. നാടക രംഗത്ത് നിന്നും സിനിമ ലോകത്തേക്ക്. 1949ൽ ശങ്കർ നാഗ് നായകനായ ‘നാഗകന്യക’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.

കന്നഡ സിനിമാലോകത്തെ സൂപ്പർസ്റ്റാർ ഡോ.രാജ്കുമാറിനോടൊപ്പം നിരവധി ചിത്രങ്ങളിൽ ലീലാവതി നായികയായി അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ യാരഡു ആയിരുന്നു അവസാന ചിത്രം. ഡോ.രാജ്കുമാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്. സാമൂഹ്യപ്രവർത്തക, മൃഗസ്നേഹി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു.

‘വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി’; 22കാരൻ ശ്വാസംമുട്ടി മരിച്ചു

‘വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി’; 22കാരൻ ശ്വാസംമുട്ടി മരിച്ചു

മധ്യപ്രദേശിൽ വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ 22കാരന് ദാരുണാന്ത്യം . മധ്യപ്രദേശിലെ ബെറാസിയയിലെ മൻപുറ സ്വദേശിയായ ഹിരേന്ദ്ര സിങ് ആണ് സംഭവത്തെ തുടർന്ന് മരിച്ചത്.

ബുധനാഴ്‌ച രാത്രിയോടെയാണ് യുവാവിന് ജീവൻ നഷ്ട്ടമായത്. രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാൻ വെച്ച വെള്ളത്തിൽ തേനീച്ച വീണത് ഹിരേന്ദ്ര കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു.

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 440 രൂപയും താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,715 രൂപയും നല്‍കേണ്ടി വരും.

ഡിസംബര്‍ നാലിന് കുത്തനെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഇന്നലെ സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.