സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഷെഡ്യൂളിൽ മാറ്റം. മൂന്ന് ചിത്രങ്ങൾ ഒഴിവാക്കി പകരം മറ്റ് സിനിമകൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളായ ‘സിറ്റി ഇൻ റെഡ്’, ‘മാർട്ടി ദി ഐ ഓഫ് ദി കാനറി’, ‘വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ്’ എന്നിവയാണ് ഒഴിവാക്കിയത്. ‘ഇൻ എ സെർട്ടൻ വേ’, ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’, ‘ടൈൽസ് ഓഫ് അനദർ ഡേ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്ര അക്കാഡമി അറിയിച്ചു.

കോഴിക്കോട്, റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്, റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നി​ഗമനം.
പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്.

‘ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ്’: രാത്രിയിൽ ഭീഷണി സന്ദേശം, അരിച്ചുപെറുക്കി സുരക്ഷാസേന

‘ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ്’: രാത്രിയിൽ ഭീഷണി സന്ദേശം, അരിച്ചുപെറുക്കി സുരക്ഷാസേന

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാത സന്ദേശം എത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.

സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും പെട്രോൾ ബോംബ് എറിയുമെന്നുമായിരുന്നു സന്ദേശം. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയെത്തിയത്. ഫോൺ വിളിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഏതാനും ട്രെയിനുകൾ വൈകി.

ശബരിമല പാതയില്‍ വന്‍ ഗതാഗക്കുരുക്ക്; തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്. ഇടത്താവളങ്ങള്‍ നിറഞ്ഞ നിലയിലാണ്. നിലയ്ക്കലിലെ പാര്‍ക്കിങ് നിറഞ്ഞതോടെ വാഹനങ്ങള്‍ ഇടയ്ക്കിടെ തടയുന്നതും വാഹനകുരുക്കിന് കാരണമാകുന്നത്.

അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടി സുരക്ഷ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് എഡിജിപി വിശദാംശങ്ങള്‍ അറിയിക്കുക. ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി ദേവസ്വം ബോര്‍ഡും വ്യക്തമാക്കും. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്.

വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് 90000 പേരാണ് ബുക്ക് ചെയിതിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേരാക്കി ചുരുക്കിയെങ്കിലും ഇന്നത്തെ തിരക്ക് നേരത്തെ ബുക്കിങ് അടിസഥാനമാക്കിയുള്ളയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70,000-ത്തോളം പേരും. വെര്‍ച്വല്‍ ക്യു 75,000 ആയി കുറക്കാനാണ് പുതിയ നിര്‍ദേശം.

തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

കോൺ​ഗ്രസ് എംപിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി! എണ്ണി തീർത്തത് അഞ്ച് ദിവസം കൊണ്ട്

കോൺ​ഗ്രസ് എംപിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി! എണ്ണി തീർത്തത് അഞ്ച് ദിവസം കൊണ്ട്

ഭുവനേശ്വർ: കോൺ​ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. ഒറ്റ റെയ്ഡിൽ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.

എംപിയുടെ വീട്ടിലെ അലമാരകളിൽ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് റെയ‍്ഡ് തുടങ്ങിയത്. ബുധനാഴ്ച മുതലാണ് നോട്ടെണ്ണൽ ആരംഭിച്ചത്. അഞ്ച് ദിവസത്തിനൊടുവിലാണ് മുഴുവൻ പണവും എണ്ണി തീർത്തത്. പണം 200 ബാ​ഗുകളിലേക്ക് മാറ്റി.

എംപിയുടെ ഒഡിഷയിലും ഝാർഖണ്ഡിലുമായുള്ള 20ഓളം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യ നിർമാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. സാഹുവിന് പങ്കാളിത്തമുള്ളവയാണ് ഈ സ്ഥാപനങ്ങളെന്ന് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കി.

നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പണവും കണ്ടെടുത്തിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്.

സംഭവത്തിനു പിന്നാലെ എംപി ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷയം ബിജെപിയും കോൺ​ഗ്രസും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായും മാറിയിട്ടുണ്ട്.