by Midhun HP News | Dec 9, 2023 | Latest News, കേരളം
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.
നാളെ വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡിസംബർ 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
by Midhun HP News | Dec 9, 2023 | Latest News, കേരളം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് കൂടി അവസരം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും.
ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പരിശോധിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരവും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
by Midhun HP News | Dec 9, 2023 | Latest News, കേരളം
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. സംസ്കാരത്തിന് ശേഷം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പെരുമ്പാവൂരിൽ നിന്നും പര്യടനം തുടരും. തുടർന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.
കാനത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്.
ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍ നിന്ന് കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടു വരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തു നിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച വാഴൂരിലെ വീട്ടിലാണ് സംസ്കാരം.
by Midhun HP News | Dec 9, 2023 | Latest News, കേരളം
കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറയാൻ കേരളം. കൊച്ചിയിൽ നിന്ന് മൃതദേഹം രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്കാരം.
തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ വസതിയിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം കാനത്തുള്ള വസതിയിൽ എത്തിക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹം മൂർച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി കൊച്ചിയിലുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രിയോടെ കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.
by Midhun HP News | Dec 8, 2023 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് ആദ്യ പരീക്ഷണയോട്ടം നടത്തിയത്.
വേഗത കുറച്ച് , ഭാരം കയറ്റാതെയാണ് എസ് എന്‍ ജംഗ്ഷന്‍ – തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും. മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.
എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്,ടെലികോം,ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍.
by Midhun HP News | Dec 8, 2023 | Latest News, കേരളം
കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേർത്തു. എതിർകക്ഷികളെ കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തുടർ നടപടി. ജസ്റ്റിസ് കെ ബാബുവാണ് ഹർജിയിൽ തുടർ നടപടിക്ക് ഉത്തരവിട്ടത്.
Recent Comments