കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

ആറ്റിങ്ങൽ: മണമ്പൂരിൽ വീട്ടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു.
കല്ലമ്പലം മണമ്പൂരിൽ ത്രീ- ആർ ഭവനിൽ
രാജേന്ദ്ര ബാബു(70)വാണ് മരണപ്പെട്ടത്.
ഇന്നലെ ( ഓഗസ്റ്റ് 27) രാവിലെ 11 മണിയോടെ കൂടിയായിരുന്നു സംഭവം. മരണപ്പെട്ട രാജേന്ദ്ര ബാബുവിന്റെ ബന്ധുവായ ഒരാൾ വീടിനുള്ളിൽ ഇദ്ദേഹത്തെ കഴുത്തിൽ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുകളുണ്ടാക്കിയാണ് രക്തം വാർന്നത് എന്ന് പോലീസ് തയ്യാറാക്കിയ FIR ൽ പറയുന്നു. കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളോ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നും പോലീസ് അറിയിച്ചു. മരണപ്പെട്ട രാജേന്ദ്ര ബാബു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്ന വീട്ടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിൽ ഭാര്യയും മകളും ചെറുമക്കളുമായി താമസക്കുന്നുണ്ട്.

അത് സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ

അത് സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ

തൃശൂർ: കേരളത്തെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോൻ.

നാട്ടിലെ കുടുംബാംഗങ്ങളുമായി ദാമോദര മേനോൻ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുമ്പും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ അദ്ദേഹം എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി. ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള രോഷവും കുടുംബം പ്രകടിപ്പിച്ചു. ഇത് വെറും നുണപ്രചാരണമാണെന്നും ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരൻ മുന്നറിയിപ്പ് നൽകി.

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത്. 25 വർഷത്തിലേറെയായി വിദേശത്ത് ഒളിവ് ജീവിതം നയിക്കുകയാണ് സുകുമാരക്കുറുപ്പ്. ബ്രൂണയിലെ കൺസ്ട്രക്ഷൻ മേഖലിയിൽ ബിസിനസ് നടത്തുകയാണ് ഇയാൾ എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇൻ്റർപോൾ റിപ്പോർട്ട് പ്രകാരം രേഖകൾ കൊണ്ടും സുകുമാരക്കുറുപ്പാണിതെന്ന സംശയം ദൃഢപ്പെടുകയാണ്. സാദൃശ്യമുള്ള വയോധികൻ നിരീക്ഷണത്തിലാണ്. പുതിയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മുഖച്ഛായ മാറ്റിയതായും കാണാം.

സുകുമാരക്കുറുപ്പ് മരിച്ചെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ഇന്ന് രാവിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. കേസ് അനവസാനിപ്പിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഇങ്ങനെയൊരു നിർണായക വിവരം കൂടി പുറത്ത് വരുന്നത്. 1991 മുതൽ ഇവിടെ കുറുപ്പെന്ന് സംശയിക്കുന്നയാൾ ഒളിവിൽ കഴിയുന്നതെന്നും വിവരങ്ങളുണ്ട്. കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂർ: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ നടക്കുക.തൃപ്പുത്തരി ദിനത്തിൽ ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും.

പുത്തരി പായസത്തിനുള്ള ടിക്കറ്റുകൾ നാളെ (ആഗസ്റ്റ് 29, ശനിയാഴ്ച) വൈകുന്നേരം നാലു മണി മുതൽ ക്ഷേത്രത്തിലെ തെക്കേനട ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

250 മില്ലിലിറ്റർ പായസത്തിന് 60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് പരമാവധി 120 രൂപയുടെ പായസം വരെ ശീട്ടാക്കാൻ സാധിക്കും. പായസം വാങ്ങുന്നതിനുള്ള ഡബ്ബയ്ക്ക് 20 രൂപ അധികം നൽകണം. ആഗസ്റ്റ് 30-ന് ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും ഭക്തർക്ക് പ്രസാദ വിതരണം നടത്തുക.

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ എം.പി, കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. രാവിലെ 10ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ശ്രീനാരായണഗുരു വിശ്വസംസ്‌കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദയും പ്രഭാഷണം നടത്തും.

ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ 9.30ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂര്‍ പ്രകാശ് എം.പി, വി.ജോയ് എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11.30ന് ശ്രീനാരായണധര്‍മ്മ ചര്‍ച്ചാസമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അംബികാനന്ദ, ബി.ബി.ഗോപകുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.വൈകിട്ട് 5ന് പുറപ്പെടുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകള്‍, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കമനീയമായ രഥം, ശിങ്കാരിമേളം, കലാരൂപങ്ങള്‍, ഗുരുദേവദര്‍ശനത്തെ ആസ്പദമാക്കിയുള്ള പ്ലോട്ടുകള്‍ തുടങ്ങിയവ അണിനിരക്കും.

വർക്കല മുത്താനയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത് മുൻ വൈരാഗ്യം കാരണം

വർക്കല മുത്താനയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത് മുൻ വൈരാഗ്യം കാരണം

തിരുവോണ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താനയിൽ നാടിനെ നടുക്കിയ ഒരു കൊലപാതകം നടന്നു. മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മുത്താന സ്വദേശിയായ പ്രജി എന്ന യുവാവാണ് ദാരുണമായി കുത്തേറ്റു മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്രജിയുടെ അടുത്തേക്ക് ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കടന്നുവരികയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഒന്നാം പ്രതിയായ ഗൗരി കൃഷ്ണൻ തൻ്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രജിയുടെ നെഞ്ചിലും പുറത്തും അതിക്രൂരമായി കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഗൗരി കൃഷ്ണനെ വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ കല്ലമ്പലം പോലീസ് അതിവിദഗ്ധമായി പിടികൂടി. ഇയാളെ കൂടാതെ കൊലപാതകത്തിൽ പങ്കുള്ള അമ്പാടി എന്ന ഷൈജു, കണ്ണൻ, മനു, രജിത്ത് എന്നീ മറ്റു നാല് പ്രതികളെയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ച് പ്രതികളെയും കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട പ്രജിയുടെ മൃതദേഹം തുടർനടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.