‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 1994 ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ പ്രിയദർശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, വരും തലമുറയ്ക്ക് മുന്നിൽ വലിയ സ്ക്രീനിൽ അവർ വീണ്ടും ഈ സെപ്റ്റംബറോടെ എത്തും. മോഹൻലാൽ, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസൻ, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

മാറ്റിനി നൗ പങ്കുവച്ചിരിക്കുന്ന കുറിപ്പ്

പ്രിയപ്പെട്ട പ്രേക്ഷകരേ,

1994-ൽ, പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ സംഗീതവും ഒത്തുചേർന്ന ഒരു സിനിമ നമ്മെ തേടിയെത്തി ‘തേന്മാവിൻ കൊമ്പത്ത്’. നമ്മൾ ആ സിനിമ കണ്ടു ചിരിച്ചു… സങ്കടപ്പെട്ടു… അതിലെ ഓരോ പാട്ടുകളും നമ്മുടെ കല്യാണവീടുകളിലും ആഘോഷങ്ങളിലും പാടി, ആസ്വദിച്ചു. അങ്ങനെ, അറിയാതെ തന്നെ നമ്മൾ വളർന്നു. പക്ഷേ, എന്തോ… ആ സിനിമയ്ക്ക് നമ്മളോടൊപ്പം പ്രായമായില്ല.

ഇന്നും അതിലെ ഓരോ ഫ്രെയിമും, ഓരോ കഥാപാത്രവും, ഓരോ പാട്ടും, ഓരോ ചിരിയും നമ്മുടെ ഓർമ്മകളിൽ അതേ പുതുമയോടെ തന്നെയുണ്ട്. കഴിഞ്ഞ ഒരു വർഷമായി, ആ ഓർമ്മകളെ വീണ്ടും വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങൾ ” മാറ്റിനി നൗ”.

ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4Kയിൽ സ്കാൻ ചെയ്ത്, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും സ്നേഹത്തോടെ പുതിയൊരു ജീവൻ നൽകി, Dolby Atmos-ൽ മിക്സ് ചെയ്ത്, ഇതിഹാസതുല്യനായ സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ സംഘവും അന്ന് ഉദ്ദേശിച്ചതുപോലെ തന്നെ, ആ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ ഞങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.

ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറിൽ, കുറച്ചു നേരത്തേക്ക് അവർ വീണ്ടും വലിയ സ്ക്രീനിലെത്തും. നമ്മെ വീണ്ടും ചിരിപ്പിക്കാൻ…ആർപ്പുവിളിപ്പിക്കാൻ…ചിലപ്പോൾ കണ്ണുനിറയിക്കാനും… അവരോടൊപ്പം ഒരിക്കൽ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കൽ കൂടി ‘തേന്മാവിൻ കൊമ്പത്ത്’ കാണാം.

കുടുംബത്തെയും കൂട്ടി വരൂ! ഒരുമിച്ചിരുന്ന് ചിരിക്കാനും പാടാനും ഓർമ്മകൾ പങ്കിടാനും വരൂ. ഈ സിനിമ പുറത്തിറങ്ങിയ കാലത്തിന് ശേഷം ജനിച്ചവരോട് ഒരു ചെറിയ അഭ്യർത്ഥന കൂടി “നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഈ സിനിമയെ ഇത്രമേൽ സ്നേഹിച്ചത് എന്തുകൊണ്ടാണെന്ന്, നിങ്ങൾക്കും അറിയേണ്ടേ? വരൂ, വന്ന് കണ്ടറിയൂ.”

‘തേന്മാവിൻ കൊമ്പത്ത്’ — 4K Dolby Atmos-ൽ, ഈ സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ. ചില സിനിമകൾ വെറുമൊരു സിനിമയല്ല. അവ നമ്മുടെ ഓർമ്മകളാണ്. നമ്മുടെ ബാല്യമാണ്. നമ്മുടെ കുടുംബത്തിന്റെ കഥകളാണ്. ചില സിനിമകൾ ഒരുമിച്ചിരുന്ന് തന്നെ കാണേണ്ടവയാണ്.

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 1,19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,940 രൂപയാണ് വില.

നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘ഓണക്കുടി’യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

‘ഓണക്കുടി’യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്. 77 കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട നാളില്‍ മാത്രം വിറ്റത് 126.31 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം ഈ എട്ടു ദിവസം 694. 96 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. 2025 ലെ ഉത്രാടം നാളില്‍ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതില്‍ നിന്നും 10 കോടിയോളം രൂപയുടെ കുറവുണ്ട്.

അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴിയും മികച്ച മദ്യവില്‍പ്പനയുണ്ടായിട്ടുണ്ട്. ഉത്രാടനാളില്‍ 20 കോടി 35 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറു രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴി വിറ്റത്.

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണ ദിനമായ ഇന്ന് മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വൈകീട്ട് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നാലു ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് തീവ്ര മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ഇതുവരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് ‘തിരുവോണം’

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് ‘തിരുവോണം’

നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേർത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികൾ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണ സദ്യയാണ്.

ഉത്രാടപ്പകലിൽ ഇടവിട്ട് പെയ്ത മഴയിലും വിപണിയിലെ ആവേശം തണുത്തില്ല. വസ്ത്രശാലകളിലും സൂപ്പർ മാർക്കറ്റുകളിലും രാവിലെ മുതൽ തന്നെ തിരക്കാരംഭിച്ചിരുന്നു. പച്ചക്കറി, പഴം മാർക്കറ്റുകളും തിരക്കിലായി.

ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിച്ചത് കർക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാൽ, കർക്കടകത്തിലെ അത്തം മുതൽ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു.