by Midhun HP News | Aug 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (30/08/2026) വൈകുന്നേരം 5.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.6 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശം
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

by Midhun HP News | Aug 30, 2026 | Latest News, കേരളം
കൊട്ടാരക്കര വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽ 1,46,79,000 രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടന്നത്. വാളകം വയക്കൽ പോസ്റ്റ് ഓഫീസ് പരിധിയിലെ മിഥുൻ (26) അറസ്റ്റിലായി. വാളകം വയക്കൽ താമസിക്കുന്ന പോരേടം സ്വദേശിനി ജാസ്മി (40) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതിയും സ്ഥാപന മാനേജറുമായ രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഒന്നാം പ്രതി ജാസ്മി രണ്ടാം പ്രതിയുടെ അയൽവാസിയാണ്. പ്രതികൾ മൂവരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. സ്ഥാപന ഉടമയ്ക്ക് 1,46,79,000 രൂപയുടെ വൻ നഷ്ടമാണുണ്ടാക്കിയത്. ഒന്നാം പ്രതി രണ്ടാം പ്രതിയുടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് 974.2 ഗ്രാം സ്വർണ്ണാഭരണങ്ങൾ പലതവണയായി പണയം വെച്ചു.
86,16,500 രൂപ കൈക്കലാക്കിയ ശേഷം സ്വർണ്ണം തിരികെ നൽകി. സ്ഥാപന മാനേജറാണ് ഈ സ്വർണ്ണാഭരണങ്ങൾ ഒന്നാം പ്രതിക്ക് നൽകിയത്. മറ്റു 30 പേരുടെ സ്വർണ്ണപ്പണയത്തിലും ഇവർ കൃത്രിമം കാണിച്ചു. 60,62,500 രൂപ വിലവരുന്ന 655.400 ഗ്രാം സ്വർണ്ണം കൈക്കലാക്കി. രണ്ടും മൂന്നും പ്രതികൾ ചേർന്ന് സ്വർണ്ണം ഒന്നാം പ്രതിക്കെത്തിച്ചു. ഫൈനാൻസ് ഉടമ അറിയാതെയായിരുന്നു ഇത്തരം വിപുലമായ നടപടികൾ നടന്നത്.

രണ്ടും മൂന്നും പ്രതികൾ ഉടമയുടെ അടുത്ത വിശ്വസ്തരായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഉടമ നൽകിയ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസ്സെടുത്തു. കൊല്ലം റൂറൽ പോലീസ് ചീഫ് ഷാജി സുഗുണൻ നിർദ്ദേശം നൽകി. കൊട്ടാരക്കര ഡിവൈഎസ്പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.
സിഐ ഗംഗ പ്രസാദ്, എസ്ഐ ഹേമന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രസീതുകൾ കണ്ടെത്തി. വിവിധ സ്ഥാപനങ്ങളിൽ പണയം വെച്ച രസീതുകളാണ് പോലീസ് പിടിച്ചെടുത്തത്. ഉദ്ദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണ്ണപ്പണയ രസീതുകൾ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23-ന് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ബാക്കി സ്വർണ്ണാഭരണങ്ങളും തുക വീണ്ടെടുക്കാനും അന്വേഷണം തുടരും.


by Midhun HP News | Aug 29, 2026 | Latest News, കേരളം
പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബികോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെവി ഗണപതിക്കെതിരെയാണ് ഗുരുതര വഞ്ചനാക്കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അക്കൗണ്ട്-കം-ഐ.ടി അസിസ്റ്റന്റായി 2021 ജൂലൈ മുതൽ 2026 ജൂലൈ വരെ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.

കരാർ പുതുക്കാതിരുന്നപ്പോൾ കോടതിയിലേക്ക്; ഒടുവിൽ കള്ളിവെളിച്ചത്ത്
ഗണപതിയുടെ തൊഴിൽ കരാർ കാലാവധി കഴിഞ്ഞ ജൂലൈയിൽ അവസാനിച്ചപ്പോൾ അത് പുതുക്കി നൽകേണ്ടതില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഗണപതി കോടതിയെ സമീപിക്കുകയും തുടർന്ന് അനുകൂലമായി സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
ഇതോടെ സംശയം തോന്നിയ പഞ്ചായത്ത് സെക്രട്ടറി ഇയാളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇയാൾ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും ബികോം മാർക്ക് ലിസ്റ്റിന്റെയും ആധികാരികത പരിശോധിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലയിലേക്ക് കത്തയച്ചു. ഗണപതി തങ്ങളുടെ വിദ്യാർത്ഥിയായിരുന്നുവെങ്കിലും കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും ബിരുദം നേടിയിട്ടില്ലെന്നും സർവകലാശാല ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിത പ്രകാരം കേസ്; പ്രതി ഒളിവിൽ
സർവകലാശാലയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖകൾ അസ്സലാണെന്ന് കാണിച്ച് വഞ്ചിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2), 318(4), 340, 336(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഗണപതി ഒളിവിൽ പോയതായും.ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഗണപതിയെ ഡിവൈഎഫ്ഐയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കി.


by Midhun HP News | Aug 29, 2026 | Latest News, കേരളം
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.

9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, പൂങ്കുന്നം സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നിവയാണ് ഇത്തവണത്തെ പുലിമടകള്‍. ഇതില്‍ ഒളരിക്കര ദേശം ഇതാദ്യമായാണ് ചുവടുവയ്ക്കുന്നത്. ഓരോ സംഘങ്ങളിലും 35 മുതല്‍ 51 വരെ പുലിക്കളി കലാകാരന്മാരും വാദ്യ സംഘത്തില്‍ 25 മുതല്‍ 35 വരെ അംഗങ്ങളുമുണ്ടാകും.
ഉച്ചയ്ക്ക് രണ്ടോടെ ദേശങ്ങളില്‍ നിന്നുള്ള പുലിക്കളി യാത്ര ആരംഭിക്കും. വൈകിട്ട് 4-ന് സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനില്‍ മന്ത്രി ഒജെ. ജനീഷ് ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. വൈകിട്ട് 4 മണിക്ക് വിയ്യൂര്‍ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7.20-ന് അയ്യന്തോള്‍ ദേശവും പ്രവേശിക്കും. രാത്രി 10 ഓടെ ആഘോഷവും വിധിനിര്‍ണയവും പൂര്‍ത്തിയാകുന്നതാണ്.



by Midhun HP News | Aug 29, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 505 രൂപയുടെ കുറവുണ്ടായി .
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.




by Midhun HP News | Aug 29, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.
അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു.
ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍, ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല.മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന നിര്‍ദേശം പരിഗണിക്കാതെ, മടങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഘാടകര്‍ മോശമായി പെരുമാറിയത്. മുഖ്യമന്ത്രിയോട് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പറയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി കടന്നുപോയതാണ് സംഘാടകരെ ചൊടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി മാസങ്ങള്‍ക്ക് മുമ്പേ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നതാണെന്നാണ് സംഘാടകര്‍ പറയുന്നത്.




Recent Comments