by Midhun HP News | Dec 7, 2023 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. ആക്രമിക്കപ്പെട്ട നടിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.
ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കണമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്.
by Midhun HP News | Dec 7, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടൂന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Dec 7, 2023 | Latest News, കേരളം
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകൾ കൂടുതലായി ഉണ്ടാവുന്നത്. ഇതേത്തുടർന്ന് ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് ഐഎംഎ നിർദേശിച്ചു. കോവിഡ് കൂടാതെ ഫ്ലൂ, അഥവാ ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി ഐഎംഎ കൊച്ചിയിൽ നടത്തിയ യോഗം വിലയിരുത്തി.
by Midhun HP News | Dec 6, 2023 | Latest News, കേരളം
പാലക്കാട്: കുറി നടത്തി കിട്ടിയ പണവുമായാണ് ചങ്ങാതിക്കൂട്ടം ചിറ്റൂരിൽ നിന്ന് തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. 13 പേർ ഒന്നിച്ചു പുറപ്പെട്ട യാത്രയിൽ ഇനി ആ നാലു പേർ ഇല്ല. പാലക്കാട് ചിറ്റൂരിനെ ഒന്നടങ്കം വേദനയിലാക്കിക്കൊണ്ടാണ് കശ്മീരിലെ സോജില പാസിൽ നിന്നുള്ള കാർ അപകടത്തിന്റെ വാർത്ത എത്തുന്നത്. കാർ കൊക്കയിലേക്കു വീണ് പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളാണ് മരിച്ചത്. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ശ്രീനഗർ–ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയുണ്ടായ അപകടത്തിൽ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയൽക്കാരുമാണ് ഇവർ. മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി.
ചിറ്റൂരിൽ നിന്നു 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. കശ്മീരിലേക്കായിരുന്നു യാത്ര. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ യാത്രകൾ നടത്തുന്നുണ്ട്. സോനാമാർഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസിൽ സ്കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു.
എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.
മരിച്ച അനിൽ നിർമാണത്തൊഴിലാളിയാണ്. സൗമ്യ ഭാര്യയാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുൽ. ഭാര്യ നീതു. സർവേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. മൃതദേഹങ്ങൾ വൈകാതെ വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
by Midhun HP News | Dec 6, 2023 | Latest News, കേരളം
തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന് എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയത്.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സര്‍ക്കാര്‍ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതില്‍ അദ്ദേഹത്തോട് തന്നെ റിപ്പോര്‍ട്ട് തേടിയതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കലിന് മുന്നോടിയായുള്ള ശില്‍പശാലയിലായിരുന്നു എസ് ഷാനവാസിന്റെ വിമര്‍ശനം.
പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് വിമര്‍ശിച്ചത്. അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികള്‍ക്ക് വരെ എ പ്ലസ് കിട്ടുന്നു. കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊതു പരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല.
പക്ഷേ 50 ശതമാനം മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് ഡിപിഐയുടെ വിമര്‍ശനം. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും ഷാനവാസ് വിമര്‍ശിക്കുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തില്‍ പറയുന്നത് സര്‍ക്കാര്‍ നയമല്ല. തോല്‍പ്പിച്ച് യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതില്‍ മാറ്റം വരുത്തില്ല. പൊതു വിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
by Midhun HP News | Dec 6, 2023 | Latest News, കേരളം
കൊച്ചി: കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.
Recent Comments