by Midhun HP News | Dec 8, 2023 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരെ കൊണ്ടുപോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരെ കോട്ടയം മെഡിക്കൽ കോളജിലും രണ്ടു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. അപകട സ്ഥലത്ത് നിന്നും വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചതായി പൊലീസ് അറിയിച്ചു.
by Midhun HP News | Dec 7, 2023 | Latest News, കേരളം
സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.
by Midhun HP News | Dec 7, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഇ എ റുവൈസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് കോടതിയിൽ ഹാജരാക്കും. റുവൈസിനെതിരെ തെളിവുകൾ ലഭിച്ചതായും അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു.
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. മൂന്നുമാസമായി അടുത്ത ബന്ധമാണ് റുവൈസും ഷഹനയും തമ്മിലുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റ് ചെയ്യുന്നതടക്കമുള്ള ജോലികളും ചെയ്തിരുന്നു. ഇതിനുശേഷമാണ് റുവൈസിന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ഷഹനയുടെ കുടുംബം പറയുന്നത്.
സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് മരിച്ച ഡോക്ടര്‍ ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് റുവൈസിന്റെ പിതാവാണ്. കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞെങ്കിലും റുവൈസ് വഴങ്ങിയില്ല. പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും ജാസിം നാസ് പറയുന്നു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.
ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ അറിയിച്ചു. എന്നാൽ ഇതു പോരെന്ന് പറഞ്ഞ് റുവൈസും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമാണ് ആരോപണം. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
by Midhun HP News | Dec 7, 2023 | Latest News, കേരളം
തൃശൂര്‍: സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായി മാറണം. ആ കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ നല്‍കണം. യുവ ഡോക്ടറുടെ ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നത്തെ പൊതുസമൂഹത്തില്‍ മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തില്‍ നടക്കുന്നുണ്ട്. മിശ്രവിവാഹ ബ്യൂറോ നടത്തുന്ന സംഘടനയല്ല ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആര്‍ക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതൊന്നും സാധിക്കുന്ന കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Dec 7, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി വീണ്ടും 46,000ന് മുകളില്‍ എത്തി. 46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.
ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
by Midhun HP News | Dec 7, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് ചേവായൂട് പൊലീസ് കോസെടുത്തിരിക്കുന്നത്.
ഇവർക്കെതിരെ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ശ്യാം, റിത്തിക്ക്, അബിന്‍, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിക്കുന്നത്. ഇന്നലെയാണ് ക്ലാസിനിടെ സഞ്ജയ് എന്ന വിദ്യാർഥിയെ വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ മർദ്ദിച്ചത്. ദൃശ്യങ്ങൾ സോഷ്യൽമീഡിയലടക്കം പ്രചരിച്ചിട്ടും പൊലീസ് കേസെടുക്കാൻ വൈകുന്നു എന്ന് കെഎസ്‍യു ആരോപിച്ചിരുന്നു.
മർദ്ദനമേറ്റ വിദ്യാർഥിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടും കേസെടുക്കാത്തത് എസ്‌എഫ്‌ഐ പ്രവർത്തകരെ സഹായിക്കാനാണെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കോളജിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കെഎസ്‌യു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളജിൽ നടന്നു വരുന്ന കെഎസ്‌യു-എസ്എഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് സൂചന.
Recent Comments