ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പള്ളി വികാരി കാസര്‍കോട് അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പള്ളി വികാരി കാസര്‍കോട് അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ട്രെയിനില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.

യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം?; കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്‌

കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം?; കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്‌

തിരുവനന്തപുരം: ഏറ്റവും വിലപ്പെട്ട നിധിയാണ് കുഞ്ഞുങ്ങള്‍. അവരെ തികഞ്ഞ ശ്രദ്ധയോടെയാണ് എല്ലാവരും വളര്‍ത്തുന്നതും. കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികള്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവര്‍ക്കും അത്യാവശ്യമാണ്. കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ.

കുറിപ്പ്:

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളര്‍ത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവര്‍ക്കും അത്യാവശ്യമാണ്.
നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തില്‍ തന്നെ പഠിപ്പിക്കാം.
2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോണ്‍ നമ്പര്‍ മനപ്പാഠമാക്കി കൊടുക്കുക.
3. ഏതു വശം ചേര്‍ന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ നടക്കാന്‍ പഠിപ്പിക്കുക. റോഡിന്റെ അരികു ചേര്‍ന്ന് നടക്കാനും ഉപദേശിക്കാം.
4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിര്‍ത്തിയാല്‍ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാന്‍ കുട്ടികളോട് പറഞ്ഞു കൊടുക്കുക.
5. വാഹനത്തില്‍ കളിപ്പാട്ടം അല്ലെങ്കില്‍ മിഠായി ഉണ്ടെന്നും അതു നല്‍കാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവര്‍ അപരിചിതരാണെങ്കില്‍ പ്രത്യേകിച്ചും ആ വാഹനത്തില്‍ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.
6. അഥവാ അപകടം തോന്നിയാല്‍ സുരക്ഷിതമായ ഇടങ്ങള്‍ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛന്‍, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ആളുകള്‍ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നില്‍ക്കാനും നിര്‍ദ്ദേശിക്കുക.
7. കുട്ടികള്‍ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.
8. റോഡില്‍ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാല്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള സമയം കണ്ടെത്തുക.
9. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയാല്‍ ഉറക്കെ കരയാന്‍ പഠിപ്പിക്കുക. ആവശ്യമെങ്കില്‍ ഇത് ചെയ്യാന്‍ പ്രാക്ടീസ് നല്‍കുക.
10. പൊതുവെ സ്വന്തം അഡ്രസ്സും ഫോണ്‍ നമ്പറും പറയാനറിയാത്ത ദുര്‍ബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ നോട്ടമിടാറുള്ളത്. അതിനാല്‍ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാന്‍ പഠിപ്പിക്കുക.
11.അപകടസാഹചര്യങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വിസില്‍മുഴക്കാന്‍ കുട്ടിയെ ഉപദേശിക്കുകയും, സ്‌ക്കൂള്‍ ബാഗിന്റെ വലതുവശത്ത് ഒരു നാടയില്‍ വിസില്‍ കോര്‍ത്തിടാവുന്നതും ആണ്.
12.പരിചയമില്ലാത്ത വാഹനങ്ങളില്‍ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പറയുക.

ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്. 2014 ല്‍ എറണാകുളത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇടതു സ്ഥാനാര്‍ത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മോദിക്ക് കീഴില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 13 മുതല്‍ സ്വര്‍ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അന്ന് 44,360 രൂപയായിരുന്നു സ്വര്‍ണവില.

മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാന ശാസ്ത്ര മേളയില്‍ മലപ്പുറം ഒന്നാമത്

സംസ്ഥാന ശാസ്ത്ര മേളയില്‍ മലപ്പുറം ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. സ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളും ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ ഓവറോള്‍ കിരീടമാണ് മലപ്പുറം ജില്ല ഇത്തവണ പിടിച്ചെടുത്തത്. സാമൂഹിക ശാസ്ത്ര, ഐടി, ഗണിത മേളകളിലെ മികവില്‍ 1442 പോയിന്റ് നേടിയാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാട് 1350 പോയിന്റോടെ രണ്ടാമതെത്തി. 1333 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ 3ാം സ്ഥാനത്തായിരുന്നു.

ഗണിത ശാസ്ത്ര മേളയിലും മലപ്പുറം ഒന്നാമതാണ്. സ്‌കൂള്‍തലത്തില്‍ 142 പോയിന്റുമായി കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 138 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് രണ്ടാമതുമെത്തി. തൃശൂര്‍ പനങ്ങാട് എച്ച്എസ്എസിനാണ് (134) മൂന്നാം സ്ഥാനം.
ഐടി മേളയിലും മലപ്പുറമാണ് (144) ഒന്നാമത്. കണ്ണൂര്‍(128) രണ്ടും കോഴിക്കോട് (115) മൂന്നും സ്ഥാനത്തെത്തി. ശാസ്ത്ര വിഭാഗത്തില്‍ മലപ്പുറം മഞ്ചേരി ജിബി എച്ച്എസ്എസ് ആണ് മികച്ച സ്‌കൂള്‍. ഗണിതത്തില്‍ പാലക്കാട് വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ്, സാമൂഹിക ശാസ്ത്രത്തില്‍ കാസര്‍കോട് ചെമ്മനാട് സിജെ എച്ച്എസ്എസ്, പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്, ഐടിയില്‍ ഇടുക്കി കട്ടപ്പന എസ്ജി എച്ച്എസ്സ് എന്നിവ മികച്ച സ്‌കൂളായി.

ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്.

സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.