by Midhun HP News | Dec 1, 2023 | Latest News, കേരളം
മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിനെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് ട്വന്റി ഫോറിനോട് പറഞ്ഞു. വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം നവകേരള സദസിന് ഇന്ന് പാലക്കാട് ജില്ലയില്‍ തുടക്കമാകും. രാവിലെ ഒമ്പതുമണിക്ക് കുളപ്പുള്ളി പള്ളിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 10.30 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കും. അതിനുശേഷം തൃത്താല മണ്ഡലത്തിലെ സദസ് നടക്കും. ചാലിശ്ശേരിയിലാണ് സദസ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇതിനുശേഷം പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. ഇന്നലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലായിരുന്നു സദസ് നടന്നത്. ഇതോടെ മലപ്പുറത്തെ സദസ് സമാപിച്ചിരുന്നു.
by Midhun HP News | Dec 1, 2023 | Latest News, കേരളം
മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ് അനധികൃതമായി ബോട്ട് എത്തിയത്. ബോട്ട് കണ്ടെത്താൻ പൊലീസും ഫിഷറീസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
by Midhun HP News | Dec 1, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലീസിന്റെ വിലയിരുത്തല്‍. പ്രതികള്‍ സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുവെച്ച് പ്രതികള്‍ കാര്‍ ഓടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ചിറയ്ക്കല്‍, ചാത്തന്നൂര്‍ ഭാഗങ്ങളിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഹനം കറങ്ങിയിരിക്കുന്നത്. ആദ്യം കണ്ട ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് മലപ്പുറം സ്വദേശിയുടേതായിരുന്നു. പിന്നീട് ഇതേ കാര്‍ വേറെ നമ്പര്‍ പ്ലേറ്റ് വെച്ചു പോയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പിന്നീട് യാത്രയ്ക്ക് പ്രതികള്‍ ഓട്ടോറിക്ഷയാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. കുട്ടിയുമായി പോയ ഓട്ടോറിക്ഷ കൊല്ലം രജിസ്‌ട്രേഷനിലുള്ളതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോയുടെ മുന്നില്‍ ചുവന്ന പെയിന്റിംഗ് ഉണ്ട്. മുന്നിലെ ഗ്ലാസില്‍ എഴുത്തുമുണ്ട്. ഓട്ടോയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങള്‍ കൂടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആള്‍ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയില്‍ വെള്ള ഷാളിട്ട നിലയിലാണ്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
തിരുവനന്തപുരം: ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറു കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക.
നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരി ലഭിക്കും. ഇതും 10.90 രൂപ നിരക്കിലായിരിക്കും വിതരണം. നീല കാര്‍ഡ് അംഗങ്ങള്‍ക്ക് രണ്ടു കിലോ അരി വീതം കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ സാധാരണ റേഷന്‍ വിഹിതമായും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാടുകൾ നടത്തരുതെന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലെ ഇത്തരം സംവിധാനം സൗകര്യപ്രദമാണെങ്കിലും പലപ്പോഴും സുരക്ഷിതമല്ലെന്നു പൊലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യുപിഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്.
ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്. ഇത്തരത്തിൽ ഓൺലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.
by Midhun HP News | Dec 1, 2023 | Latest News, കേരളം
കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് പൊലീസിന് സൂചന ലഭിച്ചു. യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണ് യുവതിയെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
കേസന്വേഷണത്തിന്റെ തുടക്കം മുതലേ സാമ്പത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. നഴ്‌സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലവും പൊലീസിന് ഇന്ന് ലഭിച്ചേക്കും.
Recent Comments