മകനെ കഴുത്ത്‌ ഞെരിച്ച് കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം

മകനെ കഴുത്ത്‌ ഞെരിച്ച് കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം

തൊടുപുഴ: മൂലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ അമ്മ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്സമ്മ (സുനിത 35)യ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തൊടുപുഴ ഫസ്റ്റ് അഡീഷണൽ ജഡ്ജി നിക്സൻ എം ജോസഫാണു ശിക്ഷ വിധിച്ചത്.

2016 ഫെബ്രുവരി 16നാണ് സംഭവം. ഒന്നര വയസുണ്ടായിരുന്ന മകന്‌ ആഷിനെ കൊന്ന ശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ് ഇതുമായി ബന്ധപ്പെട്ടു വിളിച്ചു വരുത്തി. ഇതെപ്പറ്റി വിൻസന്റും ജയ്സമ്മയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മുറിയിൽ കയറി വാകിലടച്ചു കിടന്ന ജയ്സമ്മ പുലർച്ചെ നാല് മണിയോടെ ആഷിനെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇവർക്ക് ഒരു കുട്ടി കൂടിയുണ്ട്.

സമയം കളയാനില്ല; നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സമയം കളയാനില്ല; നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ കുറഞ്ഞത് രണ്ട് വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകള്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്യുകയാണ്. നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകള്‍, കലണ്ടര്‍ എന്‍ട്രികള്‍, ഇ-മെയിലുകള്‍, കോണ്‍ടാക്റ്റുകള്‍, ഡ്രൈവ് ഡോക്യുമെന്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യപ്പെടും.

സുരക്ഷാ കാരണം ചൂണ്ടികാട്ടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ ഗൂഗിള്‍ നയം പ്രഖ്യാപിച്ചിരുന്നു. ”പഴയ അക്കൗണ്ടുകളില്‍ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പോലുള്ള സുരക്ഷാ നടപടികള്‍ ആക്ടീവായിരിക്കില്ലെന്നും പഴയ പാസ്വേര്‍ഡുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ഫിഷിംഗ്, ഹാക്കിംഗ്, സ്പാം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുമെന്നും” കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ നയം സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബാധകമാകൂ, അതായത് സ്‌കൂള്‍ അല്ലെങ്കില്‍ ബിസിനസ് മാനേജ്മെന്റ് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. കൂടാതെ, യുട്യൂബ് വിഡിയോ അപ്ലോഡ് ചെയ്തതോ ആപ്പുകളിലേക്കോ വാര്‍ത്താ സേവനങ്ങളിലേക്കോ സജീവമായ സബ്സ്‌ക്രിപ്ഷനുകളുള്ളതോ ആയ അക്കൗണ്ടുകള്‍ ഗൂഗിള്‍ ഡിലീറ്റ്
ചെയ്യില്ല. നിങ്ങളുടെ അക്കൗണ്ട് ആക്ടീവാണെന്ന് ഉറപ്പാക്കാന്‍ സൈന്‍ ഇന്‍ ചെയ്ത് ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ പേ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ – അക്കൗണ്ടില്‍ പതിവായി സൈന്‍ ഇന്‍ ചെയ്യുക, ഗൂഗിള്‍ സേവനങ്ങള്‍ പതിവായി ഉപയോഗിക്കുക. അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ഗൂഗിളിന് നിങ്ങളെ ബന്ധപ്പെടാന്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്.

അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ വിദഗ്ധയായ ഡോ ലളിതാംബിക ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി (സിഎൻഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. മനുഷ്യ ബഹിരാകാശ യാത്രയിൽ സിഎൻഇഎസും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറിൽ ഒപ്പുവെക്കുന്നതിലും ഡോ ലളിതാംബിക നിർണായക പങ്ക് വഹിച്ചു.

2021ൽ മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഐഎസ്ആർഒ സന്ദർശിച്ചപ്പോൾ ബഹിരാകാശയാത്രയുമായി
ബന്ധപ്പെട്ട് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള രണ്ടാമത്തെ കരാർ ഒപ്പിട്ടതും ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു. മേഖലയിലെ ലളിതാംബികയുടെ വൈദഗ്ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഇൻഡോ-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ പറ‍ഞ്ഞു.

ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കർ, ഷാരൂഖ് ഖാൻ, ശശി തരൂർ തുടങ്ങിയവർക്കും മുൻപ് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി; അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി; അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

മണ്ഡലകാലം 13-ാം ദിനം പിന്നിടുമ്പോൾ ഏഴ് ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. 54,000 പേരാണ് ഇന്നലെ മാത്രം വെര്‍ച്വല്‍ ക്യു വഴി ദർശനം നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.

വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട് ബുക്കിംഗ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ട്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്‌ച്ച വെർച്വൽ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദർശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കി

യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു.

മനുവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തുടര്‍ന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന് രാജിനല്‍കുകയായിരുന്നു. രാജി അഡ്വക്കേറ്റ് ജനറല്‍ നിയമസെക്രട്ടറിക്ക് കൈമാറും.

മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.