by Midhun HP News | Nov 30, 2023 | Latest News, കേരളം
കൊച്ചി: ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുശേഷം പുക പരിശോധന നടത്തിയാല്‍ മതിയെന്നു ഹൈക്കോടതി. ഈ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പിയുസി) സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി എസ് സദാനന്ദ നായിക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന നിര്‍ദേശം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
by Midhun HP News | Nov 30, 2023 | Latest News, കേരളം
കോട്ടയം: സ്ഥാപനത്തിന്റെ എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി. നിഹാൽകുമാർ (20), സഹിൽകുമാർ (19) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ 5 യുപി സ്വദേശികളെ നേരത്തേ പിടികൂടിയിരുന്നു.
പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്സാപ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ്. എംഡിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം അയയ്ക്കണമെന്നായിരുന്നു സന്ദേശം. താൻ യോഗത്തിൽ ആയതിനാൽ തിരിച്ചുവിളിക്കരുതെന്നും നിർദേശിച്ചു. എംഡിയാണെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്.
by Midhun HP News | Nov 30, 2023 | Latest News, കേരളം
തിരുവനന്തപുരം: 2011ലെ സെന്‍സസ് ജോലിയുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം എല്ലാ അധ്യാപകര്‍ക്ക് മടക്കി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 13 വര്‍ഷത്തിന് ശേഷമാണ് ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിച്ച നടപടി സര്‍ക്കാര്‍ തിരുത്തിയത്. ഒരു വിഭാഗം അധ്യാപകരുടെ ഹര്‍ജിയില്‍ കോടതി അനുകൂലവിധി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010-11 അധ്യയനവര്‍ഷം 48 ദിവസ കാലയളവില്‍ സെന്‍സസ് ജോലി ചെയ്തത്. പ്രതിഫലമായി 24 ദിവസത്തെ ആര്‍ജിതാവധിയുടെ സറണ്ടര്‍ ആനൂകൂല്യമാണ് നല്‍കിയത്. എന്നാല്‍, ഈ 48 ദിവസത്തില്‍ പ്രവൃത്തിദിവസം 32 മാത്രമാണെന്നും അതില്‍ത്തന്നെ ദിവസത്തിന്റെ പകുതി മാത്രമാണു സെന്‍സസ് ഡ്യൂട്ടി ഉണ്ടായിരുന്നതെന്നും വിലയിരുത്തി, സെന്‍സസ് ജോലി ദിവസങ്ങള്‍ 16 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതനുസരിച്ച് അധ്യാപകര്‍ക്ക് 8 ദിവസത്തെ സറണ്ടര്‍ ആനുകൂല്യങ്ങള്‍ക്കു മാത്രമാണ് അര്‍ഹതയെന്നു ചൂണ്ടിക്കാട്ടി 16 ദിവസത്തെ ലീവ് സറണ്ടര്‍ ആനൂകൂല്യം തിരിച്ചുപിടിച്ചു.
ഇതിനെതിരെ കോടതിയെ സമീപിച്ച അധ്യാപകര്‍ക്ക് അനുകൂലവിധി ലഭിക്കുകയും അതനുസരിച്ച് 24 ദിവസത്തെ ആനുകൂല്യങ്ങളും സാധൂകരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഈ വിധി എല്ലാവര്‍ക്കും ബാധകമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
by Midhun HP News | Nov 30, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പ് കാര്‍ പള്ളിക്കല്‍ മൂതലയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെളുത്ത സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇതുവഴി കടന്നുപോയത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന് മൂന്ന് ദിവസം മുന്‍പ് സമാനപാതയിലൂടെ പ്രതികള്‍ യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. അതിനിടെ സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിശദാംശം തേടാന്‍ പൊലീസ് നടപടി സ്വീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടിരുന്നു എന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പള്ളിക്കല്‍ മൂതല ഭാഗത്തുനിന്ന് തന്നെയുള്ളതാണ് ദൃശ്യങ്ങള്‍.
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരൂ മണിക്കുര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായാണ് പൊലീസ് സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ അമ്മയും മറ്റും എത്തുന്നതോടെ കാര്‍ അവിടെ നിന്ന് വേഗത്തില്‍ പോകുന്നതും പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തി അവിടെ നിര്‍ത്തിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. കാറിന്റെ യാത്ര വളരെ ദുരൂഹമാണ്. നാല് പേരാണ് കാറിനകത്തുണ്ടായിരുന്നത്. അവര്‍ മാസ്‌ക് ധരിച്ചിരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ ഉള്ള സ്ത്രീയെ കുടാതെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി സംഘത്തിലുള്ളതായാണ് പുറത്തുവരുന്നത്.
by Midhun HP News | Nov 29, 2023 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍
ഇന്ന് ഹാജരാകാന്‍ ഗോകുലം ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കസ്റ്റമര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. കരുവന്നൂര്‍ കേസുമായി നേരിട്ട് തനിക്ക് യാതൊരു ബന്ധവുമില്ല. അനില്‍ കുമാറിന്റെ ഡോക്യുമെന്റ്‌സ് തന്റെ കൈവശമുണ്ട്. അതിന്റെ വിശദീകരണം ചോദിക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 12,000 ത്തോളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. ബിജോയിയാണ് കേസിലെ മുഖ്യപ്രതി. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
by Midhun HP News | Nov 29, 2023 | Latest News, കേരളം
പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി. കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാംവർഷ വിദ്യാർത്ഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി വീശി വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കോളേജിന് ഉച്ചയ്ക്കു ശേഷം അധികൃതർ അവധി പ്രഖ്യാപിച്ചു.
Recent Comments