by Midhun HP News | Nov 29, 2023 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്. പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്, വനംവകുപ്പ് സംംഘം സ്ഥലത്തെത്തി. ജനവാസമേഖലയാണിത്. വനം വകുപ്പും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. രണ്ട് കിലോ മീറ്റർ അകലെ കനകമലയാണ് പ്രദേശത്തോട് ചേർന്ന വനമേഖല. എന്നാൽ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Nov 29, 2023 | Latest News, കേരളം
ലേസര്‍ ലൈറ്റ് ഘടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കാന്‍ കഴിഞ്ഞ മാസവും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് മോട്ടാര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപടികള്‍ കടുപ്പിക്കുന്നത്.
രൂപമാറ്റം വരുത്തുകയും എല്‍ഇഡി ലൈറ്റുകള്‍ ഫിറ്റ് ചെയ്യുകയും ചെയ്ത വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് വീഡിയോകള്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ മാസമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം രൂപമാറ്റങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എല്‍ഇഡി ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, നിയോണ്‍ ലൈറ്റുകള്‍ എന്നിങ്ങനെയുള്ള ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധം വാഹനത്തിനുള്ളിലും പുറത്തും ലൈറ്റുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും.
കാല്‍നട യാത്രക്കാരുടെ വരെ ജീവന്‍ അപകടത്തിലാവാന്‍ വാഹനങ്ങളിലെ വര്‍ണ ശബള ലൈറ്റുകള്‍ കാരണമാകുന്നുണ്ടെന്ന്, സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാന്‍ ആര്‍ടിഒമാര്‍ക്കും ജോയിന്‍റ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തീര്‍ത്ഥാടനത്തിന് എത്താറുണ്ട്. അതിനാല്‍ നടപടി എടുക്കുന്നതിനെ കുറിച്ച് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരെ അറിയിക്കും.
by Midhun HP News | Nov 29, 2023 | Latest News, കേരളം
സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക.എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.
by Midhun HP News | Nov 29, 2023 | Latest News, കേരളം
ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് ആർടിഒ നടപടി. നേരത്തെ ആലുവയിൽ സമാന കേസിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥിക്ക് നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഏലൂർ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
by Midhun HP News | Nov 29, 2023 | Latest News, കേരളം
സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്.ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണവില.
ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.
by Midhun HP News | Nov 29, 2023 | Latest News, കേരളം
കൊല്ലം ഓയൂരിലെ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട്
മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയില്‍ കയറിയെന്നുമാണ് സൂചന.
കാർ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കും.
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം.
കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Recent Comments