കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം ശ്വാസതടസം

കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം ശ്വാസതടസം

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത് ശ്വാസതടസം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിക്കാതെ വന്നു. കൂടാതെ വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

“മരിച്ച നാലുപേര്‍ ഉള്‍പ്പടെ 60 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിക്കേറ്റ 56 പേരില്‍ നിലവില്‍ 32 പേര്‍ വാര്‍ഡിലും മൂന്നുപേര്‍ ഐസിയുവിലുമുണ്ട്. ആസ്റ്ററില്‍ രണ്ടുപേര്‍ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. കിന്റര്‍ ആശുപത്രിയില്‍ 18 പേരാണു ചികിത്സ തേടിയത്. ഇതില്‍ 16 പേര്‍ ഡിസ്ചാര്‍ജായി. സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ ഇന്നലെ തന്നെ ഡിസ്ചാര്‍ജായി.”- വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെയാണു നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാര്‍ഥികളായ അതുല്‍ തമ്പി (21), ആന്‍ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കുസാറ്റ് ദുരന്തം: മരിച്ച മൂന്നുപേര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍, ഒരാളെ തിരിച്ചറിഞ്ഞില്ല

കുസാറ്റ് ദുരന്തം: മരിച്ച മൂന്നുപേര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍, ഒരാളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാലുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു.. മരിച്ച മൂന്നുപേരും കുസാറ്റിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഒരാളെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയാനായിട്ടില്ല. പുറത്തുനിന്ന് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്നെ അങ്ങനെ സ്ഥലത്തെത്തിയവരില്‍ ആരെങ്കിലുമാണോ ഇതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ആസ്റ്റംര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടുപേരും ഐസിയുവിലാണ്. ഇവര്‍ക്ക് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 34പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.

മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാസ്റ്റർ ജോസഫ് ജോൺ അന്തരിച്ചു

പാസ്റ്റർ ജോസഫ് ജോൺ അന്തരിച്ചു

തൃശ്ശൂർ: സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആലപ്പുഴ പത്തനംതിട്ട സെക്ഷൻ മുൻ അധ്യക്ഷൻ പാസ്റ്റർ ജോസഫ് ജോൺ (78) അന്തരിച്ചു. കർണാടകയിലും, കേരളത്തിലുമായി സഭയുടെ സ്കൂളുകളിൽ പ്രിൻസിപ്പാൾ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂർ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിൽ.

ഭാര്യ: സുഷമ ജോസഫ്, മക്കൾ: ഡെന്നി, സുജോ.

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; തര്‍ക്കം മൂത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; തര്‍ക്കം മൂത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്തെ ഒരു മരണവീട്ടില്‍ വച്ച് തെരഞ്ഞടുപ്പിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷമാവുകയായിരുന്നു. അതിനിടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ജിന്‍സന്‍ ഫ്രിജോയെ കുത്തുകയായിരുന്നു. അതിനിടെ പിടിച്ചുമാറ്റാന്‍ വന്ന മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫ്രിജോ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് നിര്‍മ്മല

ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് നിര്‍മ്മല

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്‍കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ധനകാര്യ കമ്മീഷന്‍ നിര്‍ദേശം പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ടാകുമെന്നും നിര്‍മ്മല പറഞ്ഞു. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വിധവ, വാര്‍ധക്യകാല പെന്‍ഷന്‍ തുക നല്‍കുന്നില്ലെന്നാണ് അതിലൊന്ന്. എന്നാല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും കേന്ദ്രം ഫണ്ട് നല്‍കിയിട്ടുണ്ട്. അതിനുശേഷം ഒരു അപേക്ഷയും സംസ്ഥാനം നല്‍കിയിട്ടില്ലെന്നും നിര്‍മ്മല പറഞ്ഞു.

സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കാന്‍ തയ്യാറായില്ല. കൂടാതെ കേന്ദ്രവിഹിതം ലഭിച്ച ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നതായും നിര്‍മ്മല പറഞ്ഞു. ഏജി വഴി കൃത്യമായ കണക്കുകള്‍ എത്തിയാല്‍ മാത്രമെ സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍; രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍;  സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക്

50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍; രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍; സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഹൃദയം എത്തിച്ചത്. വൃക്കയും പാന്‍ക്രിയാസും ഇതോടൊപ്പമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്. 50 മിനിറ്റെടുത്താണ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങള്‍ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ആദ്യം ലിസി ആശുപത്രിയിലാണ് അവയവം എത്തിച്ചത്. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്. ഹരിനാരായണന്റെ ശസ്ത്രക്രിയ ആറ് മണിക്കൂര്‍ നീളുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി പിആര്‍ഒ പറഞ്ഞു. ആദ്യം റോഡ് മാര്‍ഗം ഹൃദയമെത്തിക്കാനായിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ വഴിയാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും പി രാജീവിന്റെയും ഇടപെടലാണ് ഹെലികോപ്റ്റര്‍ സാധ്യമാക്കിയതെന്നും പിആര്‍ഒ പറഞ്ഞു

പാന്‍ക്രിയാസും വൃക്കയും ആസ്റ്റര്‍ മെഡിസിറ്റിലെ രണ്ടു രോഗികള്‍ക്കു ദാനംചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നാണ് അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്. നഴ്സ് കൂടിയായ സെല്‍വിനെ തലവേദന രൂക്ഷമായാണു ദിവസങ്ങള്‍ക്കുമുന്‍പ് കിംസില്‍ പ്രവേശിപ്പിച്ചത്. ഇതിനുശേഷം തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് സെല്‍വന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ തീരുമാനിക്കുകയായിരുന്നു. മൂന്ന് അവയവങ്ങള്‍ കൊച്ചിയിലെ ആശുപത്രികളിലും ഒരു അവയവം കിംസിലും കണ്ണുകള്‍ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലുമുള്ള രോഗികള്‍ക്കാണ് ദാനം ചെയ്യുന്നത്.