ജില്ലാതല കേരളോത്സവത്തിന് ഇന്നു തുടക്കം

ജില്ലാതല കേരളോത്സവത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് ചിറയിൻകീഴിലെ അഴൂരിൽ വ്യാഴാഴ്ച തുടക്കമാകും. കായികമത്സരങ്ങളുടെ ഉദ്ഘാടനം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. നിർവഹിക്കും. ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ, കണിയാപുരം മുസ്‌ലിം ഹൈസ്‌കൂൾ, അഴൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കായികമത്സരങ്ങൾ നടക്കും. ശനിയാഴ്ച തുടങ്ങുന്ന കലാമത്സരങ്ങൾ വി.ജോയി എം.എൽ.എ.യും സമാപനസമ്മേളനം ഞായറാഴ്ച എ.എ.റഹീം എം.പി.യും ഉദ്ഘാടനം ചെയ്യും.

സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം

സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം

സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾകടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാലു പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീ തരിൽ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.

ഏകാദശി നിറവില്‍ ഗുരുവായൂരിൽ ഭക്തജന പ്രവാഹം; നാളെ രാവിലെ എട്ടുമണി വരെ ദര്‍ശനം

ഏകാദശി നിറവില്‍ ഗുരുവായൂരിൽ ഭക്തജന പ്രവാഹം; നാളെ രാവിലെ എട്ടുമണി വരെ ദര്‍ശനം

തൃശൂര്‍: ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം. ദര്‍ശന സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ക്ഷേത്രനട നാളെ ദ്വാദശി പണ സമര്‍പ്പണം പൂര്‍ത്തിയാക്കി രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തര്‍ക്ക് തുടര്‍ച്ചയായി ദര്‍ശന ലഭിക്കും.

ഇന്നലെ രാത്രി പത്തു മണി മുതല്‍ തന്നെ ഏകാദശി ദിനത്തില്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ ഭക്തര്‍ വരിനിന്നു. ഇന്ന് ഏകാദശി വിഭവങ്ങളോട് കൂടിയ പ്രസാദ ഊട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ടിന് തുടക്കമായത്. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂരപ്പന് മുന്നില്‍ ഇലയിട്ട് ഏകാദശി വിഭവങ്ങള്‍ വിളമ്പി.

തുടര്‍ന്നു ഭക്തരുടെ ഇലയിലും വിഭവങ്ങള്‍ വിളമ്പി. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍ മുന്‍ എംപി, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.96 വയസായിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണർ ആയിരുന്നു. പിന്നോക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് വിദ്യാര്‍ഥി

ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് വിദ്യാര്‍ഥി

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെയെത്തി, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടന്‍ കൂടിയാണ് ഇന്ദ്രന്‍സ്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു.

ഇപ്പോള്‍ വീണ്ടും വിദ്യാര്‍ഥിയായാണ് ഇന്ദ്രന്‍സ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. അതിന്റെ രേഖകള്‍ എല്ലാ സമര്‍പ്പിച്ച ശേഷമാണ് പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നത്.

ആവശ്യത്തിന് പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഇത്തരം ഒരു ശ്രമം എന്നാണ് ഇന്ദ്രന്‍സ് പുതിയ ദൗത്യത്തെക്കുറിച്ച് പറയുന്നത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠിത്തം നിര്‍ത്തിയത്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.

തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. ‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യല്‍പണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാക്കിയത്’ അദ്ദേഹം പറയുന്നു.

2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി.

റോബിൻ ബസ് വീണ്ടും തടഞ്ഞു; എംവിഡി എത്തിയത് പൊലീസ് സന്നാഹത്തോടെ, പിഴ ഈടാക്കി

റോബിൻ ബസ് വീണ്ടും തടഞ്ഞു; എംവിഡി എത്തിയത് പൊലീസ് സന്നാഹത്തോടെ, പിഴ ഈടാക്കി

പത്തനംതിട്ട: കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ടയിൽ വച്ച് റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. മടക്ക യാത്ര മൈലപ്രയിൽ എത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ വന്ന് എംവിഡി വണ്ടി തടഞ്ഞത്.

പെർമിറ്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും പിഴയീടാക്കി. 7,500 രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ തവണത്തെ പിഴയടക്കം ആകെ 15,000 രൂപയാണ് ഈടാക്കിയത്. പിഴ അടപ്പിച്ച ശേഷം ബസ് വിട്ടു