സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

ഭരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലും സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്. എംഎസ്എസി അല്ലെങ്കിൽ എം.എ സൈക്കോളജിയാണ് സൈക്കോളജിസ്റ്റ് തസ്തികയിലെ യോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ടാകും.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദമുള്ളവർക്ക് ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നവംബർ 17 രാവിലെ 10.30ന് ഹാജരാകണമെന്ന് ഭരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,240 രൂപ. ഗ്രാമിന് 60 രൂപ കൂടി 5655 ആയി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല.

ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും: ഉത്തരവിറങ്ങി

ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും: ഉത്തരവിറങ്ങി

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. നവകേരള സദസിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്. നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്.

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്ഫോടനത്തിൽ മരിച്ചിരുന്നു. പിന്നാലെയാണ് പ്രവീണിന്റേയും മരണം.

കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്. സ്ഫോടന ദിവസം സഹോദരി ലിബിനയും മരിച്ചു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ​ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്ഫോടനത്തിൽ മരിച്ചത്. പ്രദീപിന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനി, ഞായർ ദിവസങ്ങളിൽ മാവേലി അടക്കം എട്ട് ട്രെയിനുകൾ ഓടില്ല

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. റദ്ദാക്കിയവയിൽ മാവേലി എക്സ്പ്രസടക്കമുള്ള ട്രെയിനുകളുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

പൂർണമായി റദ്ദാക്കിയവ

നാളെ 16603- മം​ഗളൂരു സെൻട്രെൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊർണൂർ മെമു, 06448 എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.

ഞായറാഴ്ച 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.

ശബരിമല നട തുറന്നു; ഇനി ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ

ശബരിമല നട തുറന്നു; ഇനി ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ

പത്തനംതിട്ട: വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. ഇനി തീർഥാടകർക്ക് ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു.

തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്ന് മണിക്കായിരുന്നു നടതുറക്കൽ. അമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27നാണ്. മകരവിളക്ക് ജനുവരി 15ന്.

ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.17 ലക്ഷം ടിന്ന് അരവണയും രണ്ടു ലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്കുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.