സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി; ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി; ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം

സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്സ് മാതൃകയുടെ ബദൽ സമർപ്പിക്കാൻ കേരളത്തിന് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിംഗ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കത്തയച്ചു. ടോട്ടക്സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചിരുന്നു.

സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാനായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ കേരളം ഇതിനെ എതിർത്തു. കെഎസ്ഇബിയിലെ വിവിധ യൂണിയനുകളുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നിലപാട്. ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് സർക്കാർ പറയുന്നത്.

വൈദ്യുതി നിരക്കിൽ പ്രതിമാസം 200 രൂപയിലധികം നൽകേണ്ടിവരും. ഏഴ് വർഷത്തിലധികം ഈ അധിക തുക നൽകണം. ഇതുമൂലമാണ് ടോട്ടക്സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചത്. പകരം പരീക്ഷണാടിസ്ഥാനത്തിൽ എസ് എം എ പ്രീപെയ്ഡ് മീറ്ററിംഗ് നടപ്പാക്കാമെന്ന നിർദേശം സംസ്ഥാനം മുന്നോട്ട് വയ്ക്കുകയായിരുന്നു.

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്‌തു. മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത്‌ (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

രാവിലെ ഒൻപതു മണിയോടെ ആണ് സംഭവം. കുടുംബ കലഹമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.

പാലക്കാട് ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു

പാലക്കാട് ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു

പാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാര്‍ഥി ആരോപിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറയുന്നു. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

‘കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കും; ഭീഷണിക്കത്ത്

‘കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കും; ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് സിപിഐ(എംഎല്‍)ന്റെ പേരില്‍ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എംഎല്‍)ന്റെ പേരിലാണ് കത്ത്.

കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും

കൊച്ചി; നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോള്‍ സെന്ററായ ‘ഹലോ നാരിയല്‍’ നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലാ ശില്‍പശാല വേദിയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ഹോര്‍ട്ടികള്‍ച്ചര്‍ അഡൈ്വസര്‍ ഡോ. സിഎഫ് ജോസഫ് കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കേരളത്തിന് പുറമെ പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകത്തിലും സമാന്തരമായി കോള്‍ സെന്റര്‍ ആരംഭിക്കും. ഇതുവരെ 1924 ചങ്ങാതിമാരാണ് കോള്‍ സെന്ററിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതാത് ജില്ലകളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക. ന്യായമായ വേതനത്തിന് വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, നഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. കേര കോള്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും, കേര കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും, നാളികേര സംരംഭകരേയും, കൃഷി വകുപ്പുദ്യോഗസ്ഥരെയും, കേരമേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല; മാറ്റമില്ലാതെ സ്വർണവില

ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല; മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുള്ള സ്വർണവിലയുടെ ഉയർച്ചയ്ക്കാണ് ഒരിടവേള വന്നിരിക്കുന്നത്.

രണ്ടാഴ്ചയായി വില താഴ്ന്നുകൊണ്ടിരുന്ന സ്വർണവില ചൊവ്വാഴ്ച മുതലാണ് മുന്നേറിക്കൊണ്ടിരുന്നത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടിരുന്നു. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞശേഷം കഴിഞ്ഞദിവസം മുതലാണ് വില ഉയർന്ന് തുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി 400 രൂപയോളം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറിൽ റെക്കോർഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറിൽ സ്വർണവില കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 13നായിരുന്നു രേഖപ്പെടുത്തിയത്(44,360). ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് 45,280രൂയാണ്(നവംബർ 3).