ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒക്ടോബര്‍ മാസം നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന സൈറ്റില്‍ ഫലം ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് നവംബര്‍ 22നകം സമര്‍പ്പിക്കേണ്ടതാണ്. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ ഐ എക്സാം-ല്‍ പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി നവംബര്‍ 24.

പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയ്ക്ക് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് മറ്റു ഫീസുകള്‍. അപേക്ഷകള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണെന്ന് എക്‌സാമിനേഷന്‍സ്, ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മാധ്യമപ്രവർത്തകയോട് അപമര്യാദ; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദ; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പദയാത്ര പൊലീസ് തടഞ്ഞു.

ഇതേത്തുട‍ന്ന് കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്ത് ഏ‍പ്പെടുത്തിയത്.സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. മഹിളാമോ‍ച്ചയുടെ ആഭിമുഖ്യത്തിൽ നിരവധി വനിതാ പ്രവർത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു.

ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു. ആദ്യം മാധ്യമപ്രവർത്തക പിന്നിലേക്ക് മാറിയെങ്കിലും, സുരേഷ് ഗോപി വീണ്ടും ചുമലിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈതട്ടിമാറ്റുകയായിരുന്നു.

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍; അതിര്‍ത്തി നിര്‍ണയവും സര്‍വേയും നാളെ മുതല്‍

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍; അതിര്‍ത്തി നിര്‍ണയവും സര്‍വേയും നാളെ മുതല്‍

പത്തനംതിട്ട: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേയും അതിര്‍ത്തിനിര്‍ണയവും നാളെ തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കര്‍ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കര്‍ സ്ഥലവുമാണ് അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണയിച്ചു കല്ല് സ്ഥാപിക്കുന്നത്.

എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാര്‍. 15 ദിവസത്തിനുള്ളില്‍ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാരുടെ ഉറപ്പ്.ആധുനിക സര്‍വേ ഉപകരണമായ ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണു സ്ഥലമളക്കുന്നത്. വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1041.0 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 44,750ന് മുകളില്‍

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 44,750ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുതലാണ് മുന്നേറ്റം ദൃശ്യമായത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് വില ഉയര്‍ന്ന് തുടങ്ങിയത്.

കുങ്കുമം പൂത്തു; കശ്മീരിലല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍

കുങ്കുമം പൂത്തു; കശ്മീരിലല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ഇടുക്കി: കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം വിജയകരമായി കൃഷി ചെയ്തത്. കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലാണ് കുങ്കുമക്കൃഷിക്കു യോജ്യമായ മണ്ണുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരുന്നു.

കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്. ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം വിജയ പ്രതീക്ഷ നല്‍കുന്നതായി കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞിരുന്നു.

വായ്പാ ആപ്പുകാരുടെ ഭീഷണി, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വായ്പാ ആപ്പുകാരുടെ ഭീഷണി, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 25 കാരിയായ കുറ്റ്യാടി സ്വദേശിനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 2000 രൂപയാണ് വായ്പയെടുത്തത്. സ്വര്‍ണം പണയം വെച്ചും മറ്റും പലതവണയായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നതായാണ് വീട്ടമ്മ പറയുന്നത്.

പണം കയ്യിലില്ലെന്ന് അറിയിച്ചതോടെ, യുവതിയുടെ വാട്‌സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ആരോഗ്യനില ഇപ്പോഴൊന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്.