മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയില്ല, മകള്‍ വിദേശത്തല്ല: ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയില്ല, മകള്‍ വിദേശത്തല്ല: ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

ഇടുക്കി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു.

ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു.ഭൂമിയുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ കത്തു നൽകുകയും ചെയ്തു

വധശിക്ഷയില്‍ ഒപ്പുവെച്ചു, ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചു

വധശിക്ഷയില്‍ ഒപ്പുവെച്ചു, ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചു

കൊച്ചി: ആലുവയില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് തൂക്കുകയര്‍ വിധിച്ച് 197 പേജ് വിധിന്യായത്തില്‍ ഒപ്പുവെച്ച ശേഷം ജഡ്ജി കെ സോമന്‍ പേനയുടെ നിബ് മേശപ്പുറത്ത് കുത്തി ഒടിച്ച ശേഷം അത് ജീവനക്കാര്‍ക്ക് കൈമാറി. വധശിക്ഷ വിധിച്ച് ഒപ്പുവെച്ച പേനകള്‍ ന്യായാധിപന്മാര്‍ തുടര്‍ന്ന് ഉപയോഗിക്കാറില്ല. ഇത്തരം പേനകള്‍ കോടതി ജീവനക്കാര്‍ നശിപ്പിച്ച് കളയുകയാണ് പതിവ്.

ഏറെ അര്‍ത്ഥതലങ്ങളുള്ള ഈ രീതി ബ്രിട്ടീഷ് ഭരണകാലം മുതല്‍ ചെയ്ത് പോരുന്നതാണ്. പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് മൂലം ഉണ്ടാകുമെന്ന് കരുതുന്ന കുറ്റബോധത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന് വേണ്ടിയാണ് പേനയുടെ നിബ് ഒടിക്കുന്നത് എന്ന് പറയപ്പെടുന്നു. വധശിക്ഷ വിധിച്ച് കൊണ്ടുള്ള വിധിന്യായത്തില്‍ ഒപ്പുവെയ്ക്കാന്‍ ഉപയോഗിക്കുന്ന പേന തുടര്‍ന്നും ഉപയോഗിക്കുന്നത് വിശുദ്ധമല്ല എന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.വിധി പ്രസ്താവത്തിനിടെ, ജഡ്ജി കെ സോമന്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നതിന് നെല്‍സണ്‍ മണ്ടേലയുടെ വാചകം ഉദ്ധരിച്ചു. കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ സമൂഹത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കുമെന്ന നെല്‍സണ്‍ മണ്ടേലയുടെ വാചകമാണ് ജഡ്ജി കെ സോമന്‍ വിധി ന്യായത്തില്‍ രേഖപ്പെടുത്തിയത്.

സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകർ തമ്മിൽതല്ലി

കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ കൈയ്യാങ്കളി. അധ്യാപക സംഘടനയായ എൻടിയുവിന്റെ നേതാവ് ഷാജി, ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് സംഘർഷം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ തല്ലിയ പരാതി പോലിസിന് കൈമാറിയതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് അധ്യാപകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. കാക്കൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. കൊടുവളളി എഇഒയും വകുപ്പുതല അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചക്ക് ശേഷം സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെയാണ് സംഘർഷമുണ്ടായത്. ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ മ‍‍‍ർദ്ദിച്ചെന്ന പരാതി സുപ്രീന എന്ന അധ്യാപിക കാക്കൂർ പോലിസിന് കൈമാറിയിരുന്നു. ഇതിനെ എതിർത്ത അധ്യാപകർ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. ഈ യോഗത്തിലേക്കാണ് സൂപ്രീനയുടെ ഭർത്താവും പോലൂ‍ർ എൽ പി സ്കൂളിലെ അധ്യാപകനുമായ ഷാജി കടന്നുകയറിയത്. ഷാജിയെ തടയാനുളള ശ്രമത്തിനിടെ പ്രധാനാധ്യാപകൻ പി ഉമ്മറിനും മറ്റ് ആറ് അധ്യാപകർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കുട്ടികളെ മർദ്ദിച്ചെന്ന പരാതി ശരിയല്ലെന്നാണ് പ്രധാനധ്യാപകൻ പി ഉമ്മറിൻ്റെ വാദം. പരാതി ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്നും ഈ പ്രശ്നം പരിഹരിച്ച ശേഷവും സുപ്രീന വിവരം പൊലീസിലറിയിച്ചത് ശരിയായില്ലെന്നും സ്റ്റാഫ് യോഗം നിലപാടെടുത്തു. ഇതിനിടെ ഷാജി കടന്നുകയറി അതിക്രമം കാണിക്കുകയായിരുന്നുവെന്ന് പ്രധാനധ്യാപകൻ ആരോപിക്കുന്നു.

എന്നാൽ വിദ്യാർത്ഥിയുടെ പരാതി അട്ടിറിക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ സംസാരിച്ചതെന്ന് അധ്യാപിക സുപ്രീന പറയുന്നു. തന്നോട് മറ്റ് അധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടതു കൊണ്ടാണ് ഭർത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിലെത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം.

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം.എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.

അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളും മറ്റു പൊതുവിതരണശാലകളും ഈ സ്‌ക്വാഡുകൾ പരിശോധിക്കും.

പുതുതായി നിശ്ചയിച്ച വിലവിവരപട്ടിക

കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ
2.. ആന്ധ്രാ ഊണ് (പൊന്നിയരി) 70
കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35
ചായ (150 മി.ലി.) 12
മധുരമില്ലാത്ത ചായ (150 മി.ലി.) 10
കാപ്പി (150 മി.ലി.) 10
മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
കട്ടൻ കാപ്പി (150 മി.ലി.) 9
മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
കട്ടൻചായ (150 മി.ലി.) 9
മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
ദോശ (ഒരെണ്ണം) 50 ഗ്രാം 10
ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
നെയ്റോസ്റ്റ് (175 ഗ്രാം) 46
പ്ലെയിൻ റോസ്റ്റ് 35
മസാലദോശ ( 175 ഗ്രാം) 50
പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
മിക്സഡ് വെജിറ്റബിൾ 30
പരിപ്പുവട (60 ഗ്രാം) 10
ഉഴുന്നുവട (60 ഗ്രാം) 10
കടലക്കറി (100 ഗ്രാം) 30
ഗ്രീൻപീസ് കറി (100 ഗ്രാം) 30
കിഴങ്ങ് കറി (100 ഗ്രാം) 30
തൈര് (1 കപ്പ് 100 മി.ലി.) 15
കപ്പ (250 ഗ്രാം) 30
ബോണ്ട (50 ഗ്രാം) 10
ഉള്ളിവട (60 ഗ്രാം) 10
ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44
മെഷീൻ ചായ (90 മി.ലി.) 8
മെഷീൻ കോഫി (90 മി.ലി.) 10
മെഷീൻ മസാല ചായ (90 മി.ലി.) 15
മെഷീൻ ലെമൺ ടീ (90 മി.ലി.) 15
മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ  വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍ വോളണ്ടിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ സൈബര്‍ വോളണ്ടിയര്‍ എന്ന വിഭാഗത്തില്‍ രജിസ്ട്രേഷന്‍ അസ് എ വോളണ്ടിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.
തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബര്‍ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.

‘കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് പ്രവർത്തനം ആരംഭിച്ചു’; ഇത് ചരിത്രമെന്ന് മന്ത്രി പി രാജീവ്

‘കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് പ്രവർത്തനം ആരംഭിച്ചു’; ഇത് ചരിത്രമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കനാൽപിരിവിലാരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ 3 വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്. ഇത് ചരിത്രമുഹർത്തമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇ പി ഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നിർവഹിച്ചു.

കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.