‘ശിശുദിനത്തില്‍  ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും’; വധശിക്ഷയില്‍ ലഡുവിതരണം നടത്തി നാട്ടുകാര്‍

‘ശിശുദിനത്തില്‍ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും’; വധശിക്ഷയില്‍ ലഡുവിതരണം നടത്തി നാട്ടുകാര്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി നടപടിയില്‍ ലഡുവിതരണം നടത്തി ആലുവയിലെ ചുമട്ടുതൊഴിലാളികള്‍. കേസില്‍ നിര്‍ണായകമായയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായതും ആലുവയിലെ സിഐടിയു തൊഴിലാളി താജുദ്ദീന്റെ മൊഴിയായിരുന്നു. താജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം.

വിധിയില്‍ സന്തോഷമെന്ന് താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘മേലില്‍ ഒരാളും ഇത്തരത്തില്‍ ഒരു കൊടുംക്രൂരത നടത്തരുത്. ഇന്ന് ശിശുദിനമാണ്. ആ പിഞ്ചുകുഞ്ഞിന്റ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി’- താജുദ്ദീന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ, അസഫാക്കിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് താജുദ്ദീന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആലുവ മാര്‍ക്കറ്റിന് പിന്നില്‍ നിന്ന് അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കേസില്‍ സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. കേസ്അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.28 വയസ്സുള്ളതിനാല്‍ അസഫാക്കിന്റെ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാല്‍ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുണ്ടാകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 13 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

അസ്ഫാക്കിന് തൂക്കുകയർ; പ്രതിയെ പിടിക്കാൻ സമൂഹം തന്നെ മുന്നിട്ടിറങ്ങി; നന്ദിയറിയിച്ച് എഡിജിപി

അസ്ഫാക്കിന് തൂക്കുകയർ; പ്രതിയെ പിടിക്കാൻ സമൂഹം തന്നെ മുന്നിട്ടിറങ്ങി; നന്ദിയറിയിച്ച് എഡിജിപി

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി.

വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരളം സമൂഹം ഒന്നാകെ കൂടെ നിന്നും. കേരള പൊലീസിനെ സംബന്ധച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തുവരികെയാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.

ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് ഹർജി. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം നേരിടുന്നത്.

കേസ് സിബിഐക്ക് വിടാൻ വിജിലൻസ് ശുപാർശ നൽകിയിരുന്നു. ഇതിനെ തുടർന്ന് കേസ് ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും സിബിഐ താൽപര്യം കാണിച്ചിരുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി.കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങൾ. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി കരാറിൽ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങൾ എത്തിക്കാനായിരുന്നു തീരുമാനം. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

കണ്ണൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

കണ്ണൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു. ജയേഷിന് ജോഷിയുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുത്തേറ്റു വീണ ജോഷിയെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്.

ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം നവംബര്‍ 16 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനഫലമായി ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.