നിലയ്ക്കല്‍ – പമ്പ സര്‍വീസില്‍ കണ്ടക്ടര്‍ വേണം: ഹൈക്കോടതി

നിലയ്ക്കല്‍ – പമ്പ സര്‍വീസില്‍ കണ്ടക്ടര്‍ വേണം: ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡലം- മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍- പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞവര്‍ഷം കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ജി ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

കണ്ടക്ടറില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുത്തശേഷമേ ബസില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. പമ്പയില്‍ ത്രിവേണി ജംഗ്ഷനില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനും നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴികള്‍ നികത്താനും കോടതി നിര്‍ദേശം നല്‍കി.

വയനാട്ടില്‍ ചെങ്കല്ല് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, രണ്ടുപേര്‍ ആശുപത്രിയില്‍

വയനാട്ടില്‍ ചെങ്കല്ല് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, രണ്ടുപേര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തോലമ്പ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.

വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടില്‍ ഞായറാഴ്ച 11ഓടേയായിരുന്നു അപകടം. നിര്‍മാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ അരിക് ഇടിഞ്ഞ് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍നിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാര്‍ ചെങ്കല്ലുകള്‍ക്കടിയില്‍പെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാര്‍ കല്ലുകള്‍ക്കടിയില്‍ നിന്ന് ദിലീപിനെ രക്ഷപ്പെടുത്തിയത്.

തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ വ്യാജ വിവരങ്ങൾ നൽകി ഓൺലൈൻ തട്ടിപ്പ്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെ താഴെയുള്ള വിശദീകരണങ്ങളാണ് മാറ്റി നൽകി തട്ടിപ്പ് നടത്തുന്നത്. തലശ്ശേരി സ്വദേശിയായ അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും ഉപയോഗിച്ച് തെട്ടിപ്പുകാർ പണം തട്ടിയെടുത്തെന്നാണ്‌ പരാതി.

ചികിത്സാ സഹായത്തിനായി പണം ആവശ്യപ്പെട്ടുള്ള വീഡിയോകളിൽ ക്യൂ ആർ കൊടും അക്കൗണ്ട് നമ്പറും നല്കിയിട്ടുണ്ടാകും. ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് അതിലെ വിവരങ്ങൾ എഡിറ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അന്യഭാഷകളിൽ പോലുമുള്ള വീഡിയോകൾ ഉള്ളതിനാൽ ആളുകൾ വലിയ തോതിൽ പറ്റിക്കപ്പെടുകയാണ്. ഭാഷ പോലും മാറ്റാതെ വിവരങ്ങൾ മാറ്റിയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പ് വ്യാപകമായതോടെ അമർഷാൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പതിവുപോലെ ബാങ്കിൽ എത്തിയ ദീപു ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാൻ താമസിച്ചതോടെ ഭാര്യ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. നെടുങ്കണ്ടം പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

നവകേരളാ സദസ്സിന് ആളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി പരാതി

നവകേരളാ സദസ്സിന് ആളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി പരാതി

നവകേരളാ സദസ്സിന് ആളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ബസ് ഉടമകളുടെ അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പിനെതിരെ സംഘടനയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡന്റാണ് പരാതിയുമായി രംഗത്തെത്തിയത്. നവകേരള സദസിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനും തിരികെ കൊണ്ടാക്കുന്നതിനും സ്വകാര്യ ബസുകൾ സൗജന്യമായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണം മോട്ടോർ വാഹനവകുപ്പ് തള്ളി.

ഓരോ ദിവസവും സ്വകാര്യ ബസുകൾക്കെതിരെ ഓരോ നിയമങ്ങൾ കൊണ്ടുവന്ന് സ്വകാര്യ ബസുകളെ കേരളത്തിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഓരോ ബസുടമകളും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് വാഖിത് കോയ പറയുന്നു. ഈ മാസം 27 മുതൽ 30 വരെയാണ് മലപ്പുറത്ത് നവകേരള സദസ് നടക്കുന്നത്.നവകേരള സദസിനായി ഗതാഗത സൗകര്യം ഒരുക്കേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോടഗസ്ഥരെ ഉൾപ്പെടെ കൊണ്ടു പോകുന്നതിനായാണ് ബസുടമളെ മോട്ടോർ വാഹന വകുപ്പ് സമീപിച്ചതും സൗജന്യം സേവനം നൽകണമെന്നനം ആരോപിക്കുന്നത്. എന്നാൽ മൂന്നു ദിവസം സൗജന്യ സേവനം നടത്തുമ്പോൾ നഷ്ടത്തിലാക്കുമെന്ന് ബസ് ഉടമകൾ പറയുന്നു. എന്നാൽ ഇത്തരമൊരു ആവശ്യവുമായി ബസുടമകളെ സമീപിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

‘മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം’; കേന്ദ്രം മുഴുവന്‍ പണവും നല്‍കിയെന്ന് മുരളീധരന്‍

‘മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം’; കേന്ദ്രം മുഴുവന്‍ പണവും നല്‍കിയെന്ന് മുരളീധരന്‍

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കടക്കെണിയിലായ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരായ ആളുകളെയും ക്ഷേമപെന്‍ഷന്‍ ലഭിക്കേണ്ടവരെയുമൊക്കെ വെല്ലുവിളിച്ചു കൊണ്ട് കേരളീയത്തിന് പിന്നാലെ നവകേരള സദസ്സുമൊക്കെ നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനുള്ള ആസൂത്രണമാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഡംബരത്തെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും ചോദിക്കുമ്പോള്‍ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം തരേണ്ട പണം നല്‍കാത്തതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എന്നാല്‍ എന്താണ് വസ്തുത. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ പറയുന്നതില്‍ തന്നെ വ്യത്യാസമുണ്ട്. ധനമന്ത്രി പറയുന്നത് 38,000 കോടിയുടെ കണക്കാണ്. മുഖ്യമന്ത്രി പറയുന്നത് 57,400 കോടിയുടെ കാര്യമാണ്. കേന്ദ്രം സാമ്പത്തിക അതിക്രമം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രം കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ആരോപിച്ചത്. മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് ഇതാണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങ് ഇത്ര മണ്ടനാകരുത്. അല്ലെങ്കില്‍ ഇങ്ങനെ മണ്ടന്‍ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുത്. രണ്ടും തെറ്റാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ധാരണയുണ്ടാകണം.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ധാരണയുണ്ടാകണം. ഈ രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കുന്നതെന്തൊക്കെയാണ്. അതു പ്രകാരം കേരളത്തിന് ലഭ്യമാകേണ്ടത് എന്തൊക്കെയാണ്, കേരളത്തിന് കിട്ടാന്‍ ബുദ്ധിമുട്ടുള്ളത് എന്തൊക്കെയാണ്, അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതൊക്കെ അറിയണം. മുഖ്യമന്ത്രി 57,000 കോടിയുടെ ഒരു കൊട്ടത്തുകയാണ് പറഞ്ഞിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.