ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം; തുടർച്ചയായി 13-ാം തവണയും കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ

ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം; തുടർച്ചയായി 13-ാം തവണയും കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവം യു.പി വിഭാഗത്തിൽ തുടർച്ചയായി 13-ാം തവണയും കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി. സ്കൂൾ ചാമ്പ്യന്മാരായി.

ജനറൽ വിഭാഗത്തിലും ഇത്തവണ വൈ.എൽ.എം ഓവറോൾ കിരീടം നേടി. സംസ്‌കൃത കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിലെ പതിമൂന്ന് ഇനങ്ങളിൽ പന്ത്രണ്ടിലും വൈ.എൽ.എം ലെ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്. ആറ്റിങ്ങൽ ഉപജില്ലയിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡ് ആണ് ഇതോടുകൂടി ഈ സ്കൂളിന് സ്വന്തമാക്കുന്നത്. സ്കൂളിലെ അറബിക് അധ്യാപകരായ ജമീൽ മാഷും ഹൻസീർ മാഷും ആണ് വിദ്യാർത്ഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നത്.

ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ; ഇതുവരെ കൊല്ലപ്പെട്ടത് 11078 പേർ, ആരോഗ്യസംവിധാനം പൂർണമായി തകർന്നു

ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ; ഇതുവരെ കൊല്ലപ്പെട്ടത് 11078 പേർ, ആരോഗ്യസംവിധാനം പൂർണമായി തകർന്നു

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി. കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ് പറഞ്ഞു. ഗാസയിലെ അൽ ശിഫ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. പ്രവേശന കവാടത്തിൽ ഉഗ്ര സ്ഫോടനം നടന്നു.

40000 ലധികം പേരാണ് അൽ ശിഫയിൽ അഭയം തേടിയിരിക്കുന്നത്. അൽ ഖുദ്സ് ആശുപത്രിയിൽ ഐസിയുവിന് നേരെ ആക്രമണമുണ്ടായി. 12 ആശുപത്രികൾ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രയേൽ ആശുപത്രിക്ക് സമീപം ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്നെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതെന്ന് ഇസ്രയേൽ അറിയിച്ചു. 27 490 പേർക്ക് ആക്രമണങ്ങളിൽ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 44 കുട്ടികൾ ഉൾപ്പടെ 183 പേർ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ മരണസംഖ്യ 12500 കടന്നു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് ആവശ്യപ്പെട്ടു.

അടിയന്തര വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു.അഭയാ‍ർത്ഥി ക്യാമ്പായ അൽ ബുറാഖ് സ്കൂളിലും ആക്രമണം നടന്നു. 50 മൃതദേഹം കണ്ടെത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത്. ബന്ദികളുടെ മോചനത്തിനായി മധ്യസ്ഥ ചർച്ചകൾ​ക്കായി ഖത്തർ അമീർ ഈജിപ്തിലെത്തി. ഈജിപ്ഷ്യൻ പ്രസിഡൻറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.

പത്തനംതിട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

പത്തനംതിട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഓമല്ലൂരിലെ പള്ളത്താണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സംഭവം. റോഡരികിലായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നല്‍കും; ജി ആര്‍ അനില്‍

പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നല്‍കും; ജി ആര്‍ അനില്‍

ന്യൂഡല്‍ഹി: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അതിന്റെ പൂര്‍ണ ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇതിന്റെ എല്ലാം ഇടപെടുന്നത് സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമായ വിഷയം എന്താണ് എന്നത് നോക്കി അതിനെ പറ്റിവിശദമായി പറയാമെന്നും ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ലുസംഭരണം. 28 രൂപ 20 പൈസയില്‍ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ് രൂപ 80 പൈസ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാ പൂര്‍ത്തിയായി റേഷന്‍ കടയിലുടെ അരി വിതരണം പൂര്‍ത്തിയായ ശേഷം മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുക. അതിന് ആറ് മാസം സമയമെടുക്കും. കര്‍ഷകര്‍ക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പിആര്‍എസ് വായ്പയിലൂടെ നെല്ല് സംഭരിച്ച് ഉടന്‍ പണം നല്‍കുന്നത്.

ഇത്തവണയും പതിമൂന്നാം തീയതി മുതല്‍ പണം വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. കഴിഞ്ഞ സീസണില്‍ പണം നല്‍കാന്‍ കുറച്ച് വൈകിയ സാഹചര്യത്തിലാണ് അത് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍ നടത്തിയത്. എല്ലാ കര്‍ഷകര്‍ക്കും സമയബന്ധിതമായി പണം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 170 കോടി രൂപ കൊടുക്കാന്‍ സജ്ജമാണ്. ഇതിനായി ധനവകുപ്പ് 200 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട് തകഴി സ്വദേശിയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിക്കാത്തതാണ് ആത്മഹത്യ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും പങ്കെടുക്കും.

അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസര്‍ അറഫാത്ത് നഗറിലേക്ക് ആളുകള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

മതസാമുദായിക നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. റാലിയില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘പലസ്തീന്‍; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രകാശനം ചെയ്യും. റാലിയില്‍ പങ്കെടുക്കാന്‍ ലീഗിനെ സിപിഎം ക്ഷണിച്ചത് രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായി തുടരുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

കൃഷി ആവശ്യത്തിനുള്ള ബാങ്ക് വായ്പ കിട്ടിയില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൃഷി ആവശ്യത്തിനുള്ള ബാങ്ക് വായ്പ കിട്ടിയില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്.

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ തകര്‍ന്ന് പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.