പ്രശ്‌നം പരിഹരിച്ചു; ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കും

പ്രശ്‌നം പരിഹരിച്ചു; ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കും

തിരുവനന്തപുരം: റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക്് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റിന്റെയും കോമാറിന്‍ മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

മധ്യ കിഴക്കന്‍ അറബി കടലിനു മുകളില്‍ ന്യുനമര്‍ദം നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍/ വടക്കു കിഴക്കന്‍ കാറ്റിന്റെയും കോമാറിന്‍ മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയുടെയും സ്വാധീനഫലമായാണ് വെള്ളിയാഴ്ച സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡി

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ കുറ്റപത്രം ഡിജിറ്റലായി നല്‍കാന്‍ അനുമതി തേടി ഇഡി കോടതിയില്‍. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്. കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്ന് ഇഡി പറയുന്നു.

കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലാണ് ഇഡി രേഖാമൂലം മറുപടി നല്‍കിയിട്ടുള്ളത്. മൊഴികളും തെളിവുകളും അടക്കം കുറ്റപത്രത്തിന് 26000 ലധികം പേജുണ്ട്. ഇത്രയും പേജുള്ള കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് എടുത്ത് നല്‍കുക അസാധ്യമാണ്.

ഡിജിറ്റല്‍ യുഗത്തില്‍ പ്രതികള്‍ക്ക് സോഫ്റ്റ് കോപ്പി നല്‍കിയാല്‍ മതിയെന്നാണ് ഇഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഹാർഡ് കോപ്പിയായി 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാനായി 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണ്ടി വരുമെന്ന് ഇഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രിന്റ് ചെയ്തും മറ്റു രേഖകള്‍ പെന്‍ഡ്രൈവിലും നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിജിറ്റലാക്കുന്നതു വഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കാമെന്നും ഇഡി അപേക്ഷയില്‍ സൂചിപ്പിക്കുന്നു. സിആര്‍പിസിയില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് കോപ്പികള്‍ നല്‍കണമെന്ന് മാത്രമാണ് പറയുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.

കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.

നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്; വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ആദ്യ അറസ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്; വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ആദ്യ അറസ്റ്റ്

ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയ കേസിലെ ആദ്യ അറസ്റ്റാണിത്. കോഴിക്കോട് സൈബര്‍ ക്രൈം പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

തട്ടിപ്പിനായി വ്യാജബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇയാള്‍ ഗുജറത്തിലും കര്‍ണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേയ്ക്കും തുടര്‍ന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്കും എത്തിയെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഗുജറാത്തിലെ അക്കൗണ്ടിന്‍റെ ഉടമയാണ് പ്രതികളില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളില്‍ കേരള പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ശബ്ദവും വീഡിയോയും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി വീഡിയോകോള്‍ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സൈബര്‍ പോലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനകം തന്നെ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു.

പരാതിക്കാരന്‍റെ കൂടെ നേരത്തെ ജോലി ചെയ്തിരുന്നയാള്‍ എന്ന വ്യാജേന വാട്സാപ്പ് വോയിസ് കോളില്‍ വിളിച്ചാണ് തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്‍റെ ഓപ്പറേഷനുവേണ്ടി 40,000 രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോകോളില്‍ സംസാരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകോള്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് കോറോത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍.എം, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബീരജ് കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

സാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാന്‍ പോലീസിനെ ഏറെ സഹായിക്കും.