by Midhun HP News | Nov 10, 2023 | Latest News, കേരളം
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.
നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.
by Midhun HP News | Nov 10, 2023 | Latest News, കേരളം
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയ കേസിലെ ആദ്യ അറസ്റ്റാണിത്. കോഴിക്കോട് സൈബര്‍ ക്രൈം പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പിനായി വ്യാജബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇയാള്‍ ഗുജറത്തിലും കര്‍ണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേയ്ക്കും തുടര്‍ന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്കും എത്തിയെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഗുജറാത്തിലെ അക്കൗണ്ടിന്‍റെ ഉടമയാണ് പ്രതികളില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളില്‍ കേരള പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ശബ്ദവും വീഡിയോയും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി വീഡിയോകോള്‍ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സൈബര്‍ പോലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനകം തന്നെ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു.
പരാതിക്കാരന്‍റെ കൂടെ നേരത്തെ ജോലി ചെയ്തിരുന്നയാള്‍ എന്ന വ്യാജേന വാട്സാപ്പ് വോയിസ് കോളില്‍ വിളിച്ചാണ് തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്‍റെ ഓപ്പറേഷനുവേണ്ടി 40,000 രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോകോളില്‍ സംസാരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകോള്‍ ചെയ്യുകയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് കോറോത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍.എം, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബീരജ് കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
സാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാന്‍ പോലീസിനെ ഏറെ സഹായിക്കും.
by Midhun HP News | Nov 10, 2023 | Latest News, കേരളം
സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. ഒ ടി പി യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.
ഇന്ന് മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്നങ്ങൾ റേഷൻ കടകളിൽ അനുഭവപ്പെട്ടു.
by Midhun HP News | Nov 10, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


by Midhun HP News | Nov 10, 2023 | Latest News, കേരളം
കണ്ണൂര്‍: എഐ ക്യാമറയെ കൂസാതെ നിയമലംഘനം നടത്തിയ യുവാവിന് 86,500 രൂപ പിഴ. 23 കാരനായ കണ്ണൂര്‍ സ്വദേശി 147 തവണയാണ് നിയമലംഘനം നടത്തിയത്. ജൂലായ് ആറ് മുതലാണ് യുവാവ് നിയമലംഘനം നടത്തി ബൈക്ക് യാത്ര തുടങ്ങിയതെന്നും ഇത് മൂന്ന് മാസത്തോളം തുടര്‍ന്നതായും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചിലസമയങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താണ് നിയമലംഘനം നടത്തിയതെങ്കില്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പിള്‍ അടിച്ചും നിയമം ലംഘിച്ചതായി കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷീബ എംസി പറഞ്ഞു. യുവാവിന് പിഴയടക്കാന്‍ നോട്ടീസ് മൊബൈലില്‍ ലഭിച്ചിട്ടും ഇതൊന്നും യുവാവ് കാര്യമാക്കിയില്ല. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി നടപടിയെടുക്കുകയായിരുന്നു.
കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 23കാരനാണ് പലതവണയായി നിയമലംഘനം നടത്തിയത്. യുവാവിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍ടിഒ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്.ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 147 തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്രയധികം നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്തതിന്റെ കാരണം തേടിയാണ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ വീട്ടില്‍നിന്ന് യുവാവ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമലംഘനം ആവര്‍ത്തിച്ച് നടത്തിയതിന് ഒരു ബൈക്കിന്റെ വില തന്നെ നല്‍കേണ്ട അവസ്ഥയിലാണ് യുവാവെന്നും നോട്ടീസ് ലഭിച്ചാല്‍ പിഴ അടയ്ക്കണമെന്നും നിയമലംഘനം ആവര്‍ത്തിക്കരുതെന്നും എല്ലാവര്‍ക്കും മുന്നറിയിപ്പാണ് ഈ സംഭവമമെന്നും ഷീബ എംസി പറഞ്ഞു. ബൈക്ക് വിറ്റാല്‍ പോലും പിഴ അടക്കാന്‍ കഴിയില്ലെന്ന സങ്കടമാണ് ഉദ്യോഗസ്ഥരുടെ മുന്നിലകപ്പെട്ട യുവാവ് സങ്കടത്തോടെ പറഞ്ഞതെന്നും പിഴ അടക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും.
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്‍റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.
മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഷ് പിന്നീട് നാടത്തിൽ സജീവമായി. അവിടെ നിന്നുമായിരുന്നു കലാഭവനിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്, എന്നിങ്ങനെ രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. 2022 ഡിസംബറില്‍ ആയിരുന്നു മൂത്തമകൻ ഷാറൂഖിന്റെ വിവാഹം.
Recent Comments