by Midhun HP News | Nov 9, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെ എറണാകുളം പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍, കോമാറിന്‍ മേഖലക്ക് മുകളില്‍ ചക്രവാത ചുഴി നിലനിലയ്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് അടുത്ത രണ്ട് ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യകിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക്കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം പോക്സോ കോടതിയിലാണ് വാദം തുടരുന്നത്.
അതേസമയം കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു.
ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇതിനോട് പ്രതി അസഫാക് ആലം പറഞ്ഞത്.
കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
by Midhun HP News | Nov 9, 2023 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവര്‍ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍ പരിശോധന നടത്തി. താത്കാലികമായി ബേക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഇതേതുടര്‍ന്ന് ആദ്യഘട്ടത്തില്‍ പതിനാറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ അഞ്ചുപേരാണ് ആശുപത്രിയിലുള്ളത്. രണ്ടുപേര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ പന്തളത്തെയും ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു. താത്കാലികമായി ബേക്കറി അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തിൽ പുതിയ മേൽശാന്തി നിയമനം ശരിവച്ച കോടതി, എതിർഹർജി തള്ളി. ദേവസ്വം ബെഞ്ചിൻറേതാണ് ഉത്തരവ്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശ്യം തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം
by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 45000ല്‍ താഴെ എത്തിയ സ്വര്‍ണവില ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 44,560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമാകുന്നത്. 12 ദിവസത്തിനിടെ 1400 രൂപയാണ് കുറഞ്ഞത്.
by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ‘
അവസാന നിമിഷത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ 200ഓളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികളും നിരാശരായി. എന്നാല്‍, ടൂര്‍ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി ടൂര്‍ പോകുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.
Recent Comments