കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുക. 10 ദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ പ്രതിയെ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഇന്നലെ നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ടുവന്നതെന്നും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു. കൺവെൻഷൻ സെൻററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് പ്രതി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായിരുന്നു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് ചികിത്സയിലിരിക്കെ അവസാനമായി മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും.

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്. ക‍ഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.

ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.

സംസ്‌കാരം രാവിലെ; ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ മൃതദേഹം മാറി; ആശുപത്രിയില്‍ ബഹളം

സംസ്‌കാരം രാവിലെ; ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ മൃതദേഹം മാറി; ആശുപത്രിയില്‍ ബഹളം

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിയുടെതുമായി മാറിയത്. ചിറക്കടവ് കവല സ്വദേശികള്‍ക്ക് നല്‍കിയ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ സംസ്‌കാരം ഇന്ന് രാവിലെയാണ് നടക്കേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയതായി മനസിലയത്. അവര്‍ ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം നല്‍കിയ ചിറക്കടവ് സ്വദേശികളുമായി ബന്ധപ്പെട്ടെങ്കിലും ശവസംസ്‌കാര ചടങ്ങ് ഉള്‍പ്പടെ കഴിഞ്ഞതായി അവര്‍ അറിയിച്ചു.

മൃതദേഹം മാറി നല്‍കിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം ഉണ്ടായി. ഡിവൈഎസ്പിയുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ചിറക്കടവ് സ്വദേശികള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന്റെ ശിക്ഷയിന്മേലുള്ള വാദം ഇന്ന് തുടങ്ങും. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെയും പ്രതിബാഗത്തിന്റേയും വാദങ്ങള്‍ക്ക് പുറമേ, നാലു റിപ്പോര്‍ട്ടുകല്‍ കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ നിശ്ചയിക്കുക. പ്രതി അസഫാക് കുറ്റം സ്വയം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടാനുള്ള സാധ്യതയുള്ള ആളാണോയെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിചാരണത്തടവുകാരനായിരുന്ന ഘട്ടത്തിലെ പ്രതിയുടെ മനോനില വ്യക്തമാക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും, സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രബേഷന്‍ ഓഫീശരുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വബാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

സോളാര്‍ കേസ് ഇന്ന് വീണ്ടും കൊട്ടാരക്കര കോടതിയില്‍; ഗണേഷ് കുമാറിന് നിര്‍ണായകം

സോളാര്‍ കേസ് ഇന്ന് വീണ്ടും കൊട്ടാരക്കര കോടതിയില്‍; ഗണേഷ് കുമാറിന് നിര്‍ണായകം

കൊല്ലം: സോളാര്‍ കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നത്.

കെബി ഗണേഷ് കുമാര്‍ എംഎല്‍എയേയും, സോളാര്‍ പരാതിക്കാരിയേയും എതിര്‍കക്ഷിക്കാരായി അഭിഭാഷകനായ സുധീര്‍ ജേക്കബ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി രണ്ടു വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.

തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. കെബി ​ഗണേഷ് കുമാർ ഇന്ന് കോടതിയിൽ ഹാജരായേക്കും. കേസില്‍ 2018 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കര കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്: ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുക.

തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി നറുക്കെടുപ്പ് സമയത്ത് സോപാനത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയതെന്നും, നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.