by Midhun HP News | Nov 9, 2023 | Latest News, കേരളം
കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുക.
തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി നറുക്കെടുപ്പ് സമയത്ത് സോപാനത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയതെന്നും, നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
by Midhun HP News | Nov 8, 2023 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രതീഷാണ് വെള്ളം കൊടുക്കാനെത്തിയത്.വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. അക്രമ സ്വഭാവം കാരണം 25 വർഷമായി പുറത്തിറങ്ങാത്ത ആനയെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.
by Midhun HP News | Nov 8, 2023 | Latest News, കേരളം
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നൈറ്റ് ലൈഫിൽ അവരവർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പൊലീസിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നെട്ടയം സ്വദേശി രാജിക്ക് കല്ലേറിൽ പരിക്കേറ്റു. സംഘർഷത്തിൽ നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
ലഹരി ഉപയോഗിക്കുന്നവർ വരുന്നതാണ് പ്രധാന പ്രശ്നമെന്നും ഇനിമുതൽ രാത്രി 10 മണിക്ക് ശേഷം മൈക്കും മറ്റും ഉപയോഗിക്കാൻ പാടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.ബ്രീത്ത് അനലൈസർ അടക്കം ഇനി ഉപയോഗിക്കും. ലഹരി ഉപയോഗിക്കുന്നവർ വരുന്നതാണ് പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന്. ഈ പശ്ചാത്തലത്തിൽ പൊലീസ് കർശന ജാഗ്രത പാലിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
by Midhun HP News | Nov 8, 2023 | Latest News, കേരളം
കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്നും വിമർശനം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്.

സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളജ് കവാടത്തിനു മുന്നിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്നും പറയണമെന്നും മന്ത്രി ബിന്ദു ആവശ്യപ്പെട്ടു.
by Midhun HP News | Nov 8, 2023 | Latest News, കേരളം
പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഉത്തരവില്‍ പറയുന്നവ അടിയന്തരമായി ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
by Midhun HP News | Nov 8, 2023 | Latest News, കേരളം
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയും.
തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം. കേസ് കേട്ട കോടതി ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ ഇന്ന് നടത്തി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്നും അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഹര്‍ജി നാളെ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.

Recent Comments