സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമായിരുന്നു വ്യാപാരം. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. തിങ്കളാഴ്ച മാത്രമാണ് നേരിയ കുറവുണ്ടായത്. ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടുന്നത്.

‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ്

‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ്

പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. ഇതിലൂടെ നാടിന് കൊടുക്കുന്നത് തെറ്റായ മെസേജാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്തും ആവാം, ആര് പ്രവർത്തിച്ചാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നു എന്ന മെസേജ് ആണ് കൊടുക്കുന്നത്.

സമാനമായിട്ടുള്ള ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. കേസ് എടുക്കാനും എഫ്‌ഐആർ ചുമത്താനും പൊലീസ് ഭയക്കുന്നു. വിവേചനം നടക്കുന്നുണ്ടോ മുകളിൽ നിന്ന് ഉത്തരവില്ലാതെ അത് സംഭവിക്കുമോ എന്ന് അറിയണം. കേരള പൊലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ഉത്തരവാദിത്തപ്പെട്ടവർക്ക് നടപടിയെടുക്കാൻ സാധിക്കുന്നില്ല. പൊലീസുകാരുടെ കൈകളിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന അവസ്ഥയാനിന്നും ഉമാ തോമസ് വ്യക്തമാക്കി.

ഒമ്പതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍

ഒമ്പതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍

തൃശൂര്‍: ഒമ്പതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കളിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് മാലിന്യക്കുഴിയില്‍ വീണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

വെള്ളച്ചാട്ടത്തിൽ കാണാതായ കല്ലമ്പലം മടന്തപച്ച സ്വദേശി നിബിന്റെ മൃതദേഹം കണ്ടെത്തി

വെള്ളച്ചാട്ടത്തിൽ കാണാതായ കല്ലമ്പലം മടന്തപച്ച സ്വദേശി നിബിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച കോണത്ത് വീട്ടിൽ ഫസിലുദ്ധീൻ-ഷീബ ദമ്പതികളുടെ മകൻ നിബിൻ (21)ആണ് മരണപെട്ടത്.പോലീസ് ഫയർ ഫോഴ്‌സ് നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരിയില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂര്‍ വൈകി. പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നും വൈകി പുറപ്പെട്ടു.

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ബുധനാഴ്ച പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതാതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിസള്‍ട്ട് ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.