ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ബുധനാഴ്ച പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതാതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിസള്‍ട്ട് ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു

ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാന്റെ മകന്‍ ഉനൈസ് ആണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജബീനയാണ് മാതാവ്.

ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി

ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി

തൃശൂര്‍: തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. അമ്മയും കുഞ്ഞും തെറിച്ചു വീണു.

ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിഞ്ഞു. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോർഡും ബൾബുകളും പൊട്ടിത്തെറിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ കത്തി നശിച്ചു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുന്നു. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മലയോരമേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്തുള്ളവരും അതീവ ജാ​ഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു. ഇന്ന് ബം​ഗ്ലാദേശ് തീരം തൊടും.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ 1.05 നാണ് മരണം സംഭവിച്ചത്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്‌പോര്‍ട്സ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

വൈകീട്ട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നതിനിടയില്‍ വീണ്ടും രണ്ടു തവണ ഹൃദയാഘാതമുണ്ടായി. പേസ് മേക്കര്‍ ഘടിപ്പിച്ചെങ്കിലും പള്‍സ് വീണ്ടെടുക്കാനായില്ല. വെന്റിലേറ്ററിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ക്വിന്റന്‍ ഡി കോക്ക് തകര്‍ത്താടി, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

ക്വിന്റന്‍ ഡി കോക്ക് തകര്‍ത്താടി, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്.

ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയ ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് ആണ് നേടിയത്. 15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നല്‍കി. മാര്‍ക്രം 60 റണ്‍സെടുത്തു. ക്ലാസന്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ച് ഔട്ടായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെഹിദി ഹസന്‍ മിറസ് ഒഴികെ ബംഗ്ലാദേശ് നിരയിലെ മറ്റു ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക് കാണിച്ചില്ല.