by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: വാളയാര്‍ സഹോദരിമാര്‍ മരിച്ച കേസിലെ നാലാം പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തെ ഫാക്ടറിക്കുള്ളിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു മധു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് മധു. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.പിന്നാലെ കേസ് സിബിഐക്ക് വിട്ടു.
2017 മാര്‍ച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാര്‍ പിന്നീട് ജീവനൊടുക്കി
by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുന്നതായും ഡിസിപി എസ് ശശിധരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ നടന് എതിരെ കേസ് എടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ് എടുത്തത്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് ഉദ്യഗസ്ഥരോട് മോശമായി പെരുമറിയതിന് പ്രത്യേകം കേസ് എടുത്തതായും ഡിസിപി പറഞ്ഞു. ഇതിന് രണ്ടുവര്‍ഷം വരെയേ തടവുശിക്ഷ ലഭിക്കുകയുള്ളു. പൊലീസുകാരെ തെറിപറഞ്ഞിട്ടുണ്ടോ എന്നറിയാനായി വീഡിയോ ദൃശ്യം വീണ്ടും പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.
പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. നേരത്തെയും വിനായകന്‍ സ്റ്റേഷനിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ പേഴ്‌സണല്‍ പ്രശ്‌നത്തില്‍ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെട്ടത്. അത് പേഴ്‌സണല്‍ ഇഷ്യുവായതുകൊണ്ട് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു
അതേസമയം, പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ഉമാ തോമസ് എംഎല്‍എ രംഗത്തെത്തി. ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതിനെതിരെയുമുള്ള ഉമാ തോമസിന്റെ പ്രതികരണം.
‘എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടഒഛ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.’- ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പൊലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിച്ചു. അതിന് പൊലീസ് നടനെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിനായകന്‍ എസ്‌ഐയോട് കയര്‍ക്കുകയായിരുന്നു.
by Midhun HP News | Oct 25, 2023 | Latest News, കേരളം
പാലക്കാട്: മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. രാവിലെ 7. 30 തോടെയാണ് മുല്ലാസ് ഹോം അപ്ലൈൻസ് സമീപത്ത് ചുമടിറക്കുകയായിരുന്ന തൊഴിലാളികൾ കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്.
ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. സമീപത്തു തന്നെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടുമണിക്കൂറിനുള്ളിൽ തീയടച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ഏകദേശം രണ്ടു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സ്ഥാപന ഉടമ പറയുന്നു.
by Midhun HP News | Oct 25, 2023 | Latest News, കേരളം
കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. അതിവേഗത്തിൽ മത്സരിച്ചോടുന്ന ബസുകൾക്ക് റോഡ് നിയമങ്ങളൊന്നും ബാധകമേയല്ലെന്ന സ്ഥിതിയാണ്.
സെപ്റ്റംബർ 11 നാണ് കണ്ണൂർ തളിപറമ്പ് പൂവ്വത്ത് സ്വകാര്യ ബസപകടത്തിൽ എടക്കോം സ്വദേശി എം സജീവൻ മരിച്ചത്. സെപ്റ്റംബർ 13 കണ്ണൂർ തളിപറമ്പ് കുറുമാത്തൂർ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് മാട്ടൂൽ സ്വദേശി ഷാഹിദ്, അരിയിൽ സ്വദേശി അഷ്റഫ് എന്നിവർ മരിച്ചു.
ഒക്ടോബറിൽ മൂന്നു മരണങ്ങള്‍, കൂത്തുപറമ്പിൽ സ്വകാര്യബസിടിച്ച് മറിഞ്ഞ ഓട്ടോ കത്തി, വെന്തുമരിച്ചത് രണ്ടുപേർ, അമിത വേഗത്തിലായിരുന്നു സ്വകാര്യ ബസെന്ന് ദൃസാക്ഷികള്‍. വളപട്ടണം പാലത്തിൽ ബസ് കയറി മരിച്ച സ്മിതയുടേതും സമാനമായ അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിലിടിച്ച ബസാണ് ജീവൻ കവർന്നത്. അപകടങ്ങള്‍ നടന്നാലും രക്ഷപ്പെടാൻ പഴുതുകളുണ്ട്.
ഭൂരിഭാഗം കേസുകളും ഐപിസി 304 എ അഥവാ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് രജിസ്റ്റർ ചെയ്യുക. അമിത വേഗം, അശ്രദ്ധ, മത്സരയോട്ടം, റോഡുകളിൽ സ്വകാര്യ ബസുകള്‍ വില്ലനാകുന്ന വഴികള്‍. അശാസ്ത്രീയ പെർമിറ്റ് വിതരണവും ഗതാഗത കുരുക്കും, സ്വകാര്യബസ് അപകടങ്ങളിലെ കാരണങ്ങള്‍ പലതാണ്.
by Midhun HP News | Oct 25, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമായിരുന്നു വ്യാപാരം. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. തിങ്കളാഴ്ച മാത്രമാണ് നേരിയ കുറവുണ്ടായത്. ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടുന്നത്.
Recent Comments