ക്വിന്റന്‍ ഡി കോക്ക് തകര്‍ത്താടി, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

ക്വിന്റന്‍ ഡി കോക്ക് തകര്‍ത്താടി, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്.

ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയ ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് ആണ് നേടിയത്. 15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നല്‍കി. മാര്‍ക്രം 60 റണ്‍സെടുത്തു. ക്ലാസന്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ച് ഔട്ടായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെഹിദി ഹസന്‍ മിറസ് ഒഴികെ ബംഗ്ലാദേശ് നിരയിലെ മറ്റു ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക് കാണിച്ചില്ല.

തെങ്ങുംവിള ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തി

തെങ്ങുംവിള ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തി

മുടപുരം: വിജയദശമി ദിനമായ ഇന്ന് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു. രാവിലെ പൂജയെടുപ്പ്. തുടർന്ന് റിട്ട. ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ സഹൃദയൻ തമ്പി.എം.ആർ, തിരുവനന്തപുരം ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ആനന്ദ്.എസ് എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ഛ് ക്ഷേത്രത്തിൽ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ചാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു. 15 ന് ക്ഷേത്രത്തിൽ ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പത്തുദിവസം നടന്ന നവരാത്രി മഹോത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ആയുധ പൂജ,വാഹന പൂജ വയ്പ്, ലളിതാസഹസ്ര നാമജപം, സരസ്വതി പൂജ, പാഠപുസ്തക പൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. ഇതിനുപുറമെ 500 ഓളം കലാപ്രതിഭകൾ പങ്കെടുത്ത സംഗീത വിരുന്ന്, കഥകളി, നൃത്തം, ഗാനമേള, കീർത്തനാലാപനം, നാടൻപാട്ട്, കരാക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

അഞ്ച് ദിവസം മുമ്പ് വിവാഹിതരായ നവവരന്‍ ബൈക്കപകടത്തില്‍ മരിച്ചു; ഭാര്യക്ക് ഗുരുതരം

അഞ്ച് ദിവസം മുമ്പ് വിവാഹിതരായ നവവരന്‍ ബൈക്കപകടത്തില്‍ മരിച്ചു; ഭാര്യക്ക് ഗുരുതരം

പാലക്കാട്: അഞ്ച് ദിവസം മുമ്പ് വിവാഹിതരായ നവവരന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കരുമാനാം കുറുശ്ശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.അഞ്ച് ദിവസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.

ഹമൂണ്‍ തീവ്രചുഴലിക്കാറ്റായി; ഏഴ് സംസ്ഥാനങ്ങള്‍ക്ക്  ജാഗ്രതാനിർദേശം

ഹമൂണ്‍ തീവ്രചുഴലിക്കാറ്റായി; ഏഴ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിർദേശം

ഡൽഹി: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ചുഴലിക്കാറ്റ് വടക്ക് – വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. നാളെ ഉച്ചയോടെ ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കരതൊടും. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ കനത്തമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചിരുന്നത്. ഇന്നലെ ഒഴികെ ഈ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5660 രൂപയായിരുന്നു വെള്ളിയാഴ്ച വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,280 രൂപയുമായിരുന്നു.

ഡ്യൂട്ടിക്കെത്തിയശേഷം കാണാതായി; പൊലീസുകാരന്‍ മരിച്ച നിലയില്‍

ഡ്യൂട്ടിക്കെത്തിയശേഷം കാണാതായി; പൊലീസുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ മരിച്ച നിലയില്‍. സിവിൽ പൊലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ മുത‌ൽ സുധീഷിനെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്‍റെ ആളൊഴിഞ്ഞ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടി ബി റോഡിൽ മൈജിക്ക് സമീപത്തുവെച്ചാണ് സുധീഷിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ കേസ് ഫയൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

അതിനിടെ സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.