by Midhun HP News | Oct 21, 2023 | Latest News, കേരളം
തൃശൂർ: ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ സമർപ്പിച്ചു. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴൽ ചങ്ങനാശ്ശേരി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ഓടക്കുഴൽ സമർപ്പിച്ചത്. ക്ഷേത്രം അസി. മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. ഷാർജയിൽ ബിസിനസ് നടത്തുകയാണ് രതീഷ് മോഹൻ.
by Midhun HP News | Oct 21, 2023 | Latest News, കേരളം
കൊച്ചി: വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.
ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി, അമ്മ, അച്ഛന്‍, അ, ആ, ഇ, ഈ(അക്ഷരമാലകള്‍), ഇംഗ്ലീഷ് അക്ഷരമാലകള്‍ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
എഴുത്തിനിരുത്ത് ഗ്രന്ഥശാലയില്‍ നടക്കുന്നതിനാല്‍ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങള്‍ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഇത് സനാതന ധര്‍മത്തിന് എതിരാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹൈന്ദവീയം ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ കണ്‍വീനര്‍ കെ ആര്‍ മഹാദേവനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014 മുതല്‍ ഇത്തരത്തില്‍ എഴുത്തിരുത്തല്‍ നടത്തുന്നുണ്ടെന്നും എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാനാണ് വിവിധ പ്രാര്‍ഥനകള്‍ നല്‍കിയിരിക്കുന്നതെന്നും നഗരസഭ കോടതിയില്‍ വിശദീകരണം നല്‍കി.
by Midhun HP News | Oct 21, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റേയും തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടേയും പ്രവർത്തനങ്ങൾ നിരോധിച്ചു. ആർഎസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധന പരിശീലനം എന്നിവയടക്കമുള്ളവയ്ക്കാണ് നിരോധനം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിവ കണ്ടെത്താൻ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധന നടത്തും.
ബോർഡിനെതിരെ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്ര ഭൂമിയിൽ ഉപദേശക സമിതി ഉൾപ്പെടെ പ്രതിഷേധ യോഗം നടത്തുന്നതും നിരോധിച്ചു. ലംഘിച്ചാൽ നിയമനടപടി എടുക്കുമെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി.
ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലെക്സുകൾ, കൊടി തോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം. ആർഎസ്എസ് പ്രവർത്തനം നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിലക്കും നടപടികളും. ഉപദേശക സമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘു ലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മീഷണർ അംഗീകരിച്ച ശേഷമേ വിതരണം ചെയ്യാവു.
by Midhun HP News | Oct 21, 2023 | Latest News, കേരളം
ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് അഞ്ച് സെക്കന്റ് മുമ്പാണ് നിര്‍ത്തിവെച്ചത്. എന്‍ഞ്ചിന്‍ ഇഗ്നീഷ്യന്‍ നടന്നില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്ന് വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നും ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി.

ഇന്ന് രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കുന്നത്.
പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് ‘ക്രൂ എസ്‌കേപ്പ് സിസ്റ്റം’. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്. ഇതിന്റെ കൃത്യതയാണ് ഇന്ന് പരിശോധിക്കേണ്ടിയിരുന്നത്.
by Midhun HP News | Oct 21, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കുമെന്നും പ്രവചനം. ഇന്ന് തെക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കുമെന്നതിനാൽ മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമാകും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Oct 20, 2023 | Latest News, കേരളം
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിനെ പ്രധാന ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വെട്ടുകാട് ദേവാലയത്തില്‍ മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരാധാനാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളിൽ രാത്രിയിൽ പ്രത്യേക ദീപാലങ്കാരം നടത്തി നടപ്പിലാക്കിയ തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട് പദ്ധതി തിരുവനന്തപുരം നഗരത്തെ കൂടുതൽ ആകർഷകമാക്കിയെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടന ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ കേരളത്തിൽ അങ്ങോളമിങ്ങോളം പുരാതനവും ചരിത്രപ്രസിദ്ധവുമായ നിരവധി ആരാധനാലയങ്ങളുണ്ട്. ഇവയെല്ലാം മത സാഹോദര്യത്തിന്റെയും മാനവ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഇന്നും അതുപോലെ നിലകൊള്ളുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്നുണ്ട്. എല്ലാ മനുഷ്യരെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന സഹോദര്യത്തിന്റെ സന്ദേശമാണ് വെട്ടുകാട് പള്ളി മുന്നോട്ടുവയ്ക്കുന്നത്. മനോഹരമായി പണികഴിപ്പിച്ച പള്ളിയും വിശാലമായ കടലും ഈ പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശംഖുമുഖം ബീച്ചും വേളി ടൂറിസം കേന്ദ്രവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും വെട്ടുകാടിന്റെ ടൂറിസം സാധ്യതകളെ വർദ്ധിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേവാലയങ്ങളിലൊന്നായ വെട്ടുകാടിന്റെ വിനോദ സഞ്ചാര സാധ്യത കൂടി കണക്കിലെടുത്താണ് ഇവിടെ ഒന്നാം പിണറായി വിജയൻ സർക്കാർ അമിനിറ്റി സെന്റർ അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു.
വിവിധ മതവിഭാഗങ്ങളുടെ തീര്‍ത്ഥാടക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രില്‍ഗ്രിം ടൂറിസം – തത്വമസി പദ്ധതിയുടെ കീഴില്‍ 2021 -ലാണ് അമിനിറ്റി സെന്ററിന്റെ തറക്കല്ലിട്ടത്. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തീര്‍ത്ഥാടകര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് നിലയിലായി 3166 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തില്‍ ഓഡിറ്റോറിയം, വിശ്രമമുറികള്‍, ഊട്ടുപുര, ഗ്രീന്‍ റൂം, ശുചിമുറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വെട്ടുകാട് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സെറാഫിൻ ഫ്രെഡി, വെട്ടുകാട് ഇടവക വികാരി റവ: ഫാദർ എഡിസൺ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി എൽ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു
Recent Comments