കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, ഡി.സി.എ, മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

വയനാട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍; അന്വേഷണം

വയനാട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍; അന്വേഷണം

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ മുതല്‍ കാണാതായ സാബുവിന്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ക്വാറി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ക്വാറി. ആത്മഹത്യയാണോ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓട വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവര്‍ക്കു 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഓട വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവര്‍ക്കു 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: തോട്ടിപ്പണി പൂര്‍ണമായും ഇല്ലാതായെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഓവുചാല്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടം മൂലം സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി.

ശുചീകരണത്തൊഴിലാളിക്ക് മറ്റ് ശാരീരിക വിഷമതകള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപ വരെ നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിപ്പിക്കണമെന്നും മലിനജല മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് ഹൈക്കോടതികള്‍ക്ക് തടസ്സമില്ലെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണെന്ന് 2022 ജൂലൈയില്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ കണക്കുകളിലുണ്ട്.

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോ​ഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോ​ഗിക്കാൻ കഴിയും.

രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും. ഒരേ ആപ്പിൽ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാകും. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല.

രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെൻഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്ളാഗ് ഇൻ ചെയ്ത് സ്വീകരിച്ചു.

സ്വർണവിലയിൽ ഇന്നും വർധന

സ്വർണവിലയിൽ ഇന്നും വർധന

സ്വർണവിലയിൽ ഇന്നും വർധന. ഒരു ഗ്രാം സ്വർണത്തിന് വില 70 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5640 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45,120 രൂപയാണ്.

ഈ വർഷം ഏപ്രിൽ 5ന് സ്വർണവില ഗ്രാമിന് 95 രൂപ വർധിച്ച് 5625 രൂപയും പവന് 760 രൂപ വർധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വർണവില സർവ്വകാല റെക്കാർഡ് ആയ 5720 രൂപ (ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.

ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറിൽ മുകളിലേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച ഏഷ്യൻ സെഷനിൽ സ്വർണ വില ട്രോയ് ഔൺസിന് 1,940 ഡോളർ ഉയർന്ന് വ്യാപാരം തുടർന്നു.

ഇസ്രായേലും ഹമാസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വർണ്ണത്തിന്റെ ഉയർന്ന ഡിമാൻഡിന് കാരണമാകുന്നു. ചൈനയിൽ നിന്നുള്ള അപ്രതീക്ഷിത പോസിറ്റീവ് സാമ്പത്തിക സ്ഥിതി മഞ്ഞ ലോഹത്തിന് പ്രയോജനമുണ്ടാക്കി. മൂന്നാം പാദത്തിൽ, ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം പ്രതീക്ഷിച്ചതിലും കവിഞ്ഞു, പ്രതീക്ഷിച്ച 1.0% മായി താരതമ്യം ചെയ്യുമ്പോൾ 1.3% വളർച്ച കാണിക്കുന്നു. ഇതേ പാദത്തിലെ വാർഷിക റിപ്പോർട്ട് 4.9% വർദ്ധനവ് വെളിപ്പെടുത്തി, പ്രതീക്ഷിച്ച 4.4% മറികടന്നു.

കൂടാതെ, വ്യാവസായിക ഉൽപ്പാദനം 0.0% പ്രതീക്ഷിച്ച സ്തംഭനാവസ്ഥയ്ക്ക് വിരുദ്ധമായി 0.3% മെച്ചപ്പെട്ടതായി യുഎസ് ഫെഡറൽ റിസർവ് റിപ്പോർട്ട് ചെയ്തു. യുദ്ധവും, അന്താരാഷ്ട്ര സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ സ്വർണ വില ഉയരാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് പ്രവചനങ്ങൾ.