സംസ്ഥാന സ്കൂൾ കായികമേള അവസാന ലാപ്പിൽ; പാലക്കാട് ബഹുദൂരം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേള അവസാന ലാപ്പിൽ; പാലക്കാട് ബഹുദൂരം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനവും പാലക്കാടിന്റെ കുതിപ്പ്. 200 പോയിന്റ് പാലക്കാട് മറികടന്നു. കിരീടം ഏകദേശം പാലക്കാട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാലും അട്ടിമറി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മിക്ക മത്സരങ്ങളിലും പാലക്കാടിന് മുൻതൂക്കം തുടരുകയാണ്. അവസാനദിവസവും റെക്കോർഡുകൾക്കും കുറവില്ല.

കാസറ​ഗോഡ് നിന്നുള്ള സർവെൻ രണ്ടു റെക്കോർഡുകളാണ് നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്ന സർവെൻ ഇന്ന് സീനിയർ വിഭാഗം ഷോട്പുട്ടിൽ മീറ്റ് റെക്കോർഡ് നേടി. കാസർഗോഡ് കുട്ടമ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ് സർവൻ. കോതമംഗലം സെൻറ് ജോർജ് എച്ച് എസ് എസിലെ അലക്സ് പി തങ്കച്ചൻ 16.53 എന്ന റെക്കോർഡ് ആണ് തിരുത്തിയത്. സീനിയർ വിഭാഗത്തിൽ ഷോട്ട്പുട്ടിൽ 17.58 ദൂരം കണ്ടെത്തിയാണ് സർവെൻ റെക്കോർഡ് നേടിയത്. നിലവിലെ മീറ്റ് റെക്കോർഡ് 16.53 ആയിരുന്നു.

സീനിയർ ഗേൾസ് ഹമാർ ത്രോയിൽ ആലപ്പുഴയുടെ ആഷ്ലി ത്രേസ്യയ്ക്ക് സ്വർണം. മലപ്പുറത്തിന്റെ സുഹൈമ നിലോഫറിന് വെള്ളിയും എറണാകുളത്തിന്റെ ആൻ മരിയ വെങ്കലവും നേടി. സീനിയർ ഗേൾസ് 800 മീറ്ററിൽ കോഴിക്കോട് സ്വർണം നേടിയപ്പോൾ എറണാകുളത്തിന് വെള്ളിയും മലപ്പുറം വെങ്കലവും നേടി.

തുലാവർഷം രണ്ടു ദിവസത്തിനുള്ളിൽ

തുലാവർഷം രണ്ടു ദിവസത്തിനുള്ളിൽ

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചിട്ടുണ്ട്. അടുത്ത 6 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇതോടൊപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയും ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കണ്ണൂരില്‍ വയോധികയെ കെട്ടിയിട്ട് നാലംഗസംഘം പത്തുപവന്‍ കവര്‍ന്നു

കണ്ണൂരില്‍ വയോധികയെ കെട്ടിയിട്ട് നാലംഗസംഘം പത്തുപവന്‍ കവര്‍ന്നു

കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മൂഖം മൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം

ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വയോധികയെ അക്രമിസംഘം വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിടുകയായിരുന്നു. നേരത്തെയും പ്രദേശത്ത് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിഎസിന് ഏഷ്യാനെറ്റ് ന്യൂസിന്റെ പിറന്നാൾ ആശംസകൾ.

നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിഎസ് പൊതു വേദിയിൽ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിൽ ആരോഗ്യകാര്യങ്ങളിൽ ഇപ്പോഴും അതീവ ശ്രദ്ധ വിഎസ് പുലർത്തുന്നുണ്ട്.

ആലപ്പുഴ വെന്തലത്തറ വീട്ടിലെ ശങ്കരന് 1923 ഒക്ടോബര്‍ 20 നാണ് വിഎസ് പിറന്നത്. നാലാം വയസില്‍ അമ്മ മരിച്ചു. 11 വയസായപ്പോള്‍ അഛനും. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ ബല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്‍റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാൾ കമ്പനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്ചുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാർഢ്യത്തിന്‍റെ കരുത്തും പ്രതീക്ഷയുമായി അയാള്‍ വളര്‍ന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്‍റെ ഇടിമുഴക്കം കുട്ടനാടിന്‍റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദീവസങ്ങള്‍ നീണ്ട പോലീസ് മര്‍ദ്ദനം.

മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് അയാല്‍ തിരിച്ച് വന്നു. 1957ല്‍ ആദ്യ സര്‍ക്കാര്‍ വന്നതോടെ അച്ചുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ,വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്‍റെയും വാരിക്കുന്തത്തിന്‍റെയും രക്തമിറ്റുന്ന കഥകള്‍ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതത്തിന് നൂറ് തികയുമ്പോള്‍ പതിനായിരങ്ങള്‍ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ… കരളേ…. എന്നാണ്.

എഐ ക്യാമറ ഫൈനുകള്‍ മൊബൈല്‍ ഉപയോഗിച്ച് എളുപ്പം അടയ്ക്കാം; അറിയേണ്ടത് ഇത്രമാത്രം….

എഐ ക്യാമറ ഫൈനുകള്‍ മൊബൈല്‍ ഉപയോഗിച്ച് എളുപ്പം അടയ്ക്കാം; അറിയേണ്ടത് ഇത്രമാത്രം….

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ എളുപ്പത്തില്‍ അടയ്ക്കാന്‍ ഇന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എഐ ക്യാമറ ഫൈനുകളോ മറ്റ് ഇ- ചലാനുകളോ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കുന്നതിനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ഇത്തരം പിഴകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അടയ്ക്കുന്ന രീതി ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

പിഴകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അടയ്ക്കുന്ന വിധം ചുവടെ:

ആദ്യമായി നമ്മുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എം പരിവാഹന്‍ ആപ്പ് തുറക്കുക.

അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.

തുടര്‍ന്ന് ‘ചെലാന്‍ റിലേറ്റഡ് സര്‍വീസസ്’ എന്ന വരിയിലെ ‘വ്യൂ മോര്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.

പിന്നീട് ‘പേമെന്റ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.

അതിനുശേഷം ‘പേ യുവര്‍ ചെല്ലാന്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.

ഇവിടെ ചെല്ലാന്‍ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസന്‍സ് നമ്പറോ നല്‍കാവുന്നതാണ്.

അതിനുശേഷം ‘ഗെറ്റ് ഡീറ്റെയില്‍സ്’ എന്ന ബാര്‍ അമര്‍ത്തുക.

നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകള്‍ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.

അതില്‍ ‘പെന്റിങ്ങ് ‘ എന്ന ബട്ടണ്‍ അമര്‍ത്തുക.

ഇവിടെ ചെല്ലാന്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

‘ഡൗണ്‍ലോഡ് ചെല്ലാന്‍’ എന്ന ബാര്‍ അമര്‍ത്തിയാല്‍ പിഡിഎഫ് ആയി ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാര്‍ അമര്‍ത്തുക.

‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടന്‍ അമര്‍ത്തുക.

ഇവിടെ ക്രെഡിറ്റ് കാര്‍ഡോ / ഡെബിറ്റ് കാര്‍ഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.

UPI ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പിഴ അടക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ യുപിഐ എന്ന ബട്ടണ്‍ അമര്‍ത്തുക.

കാര്‍ഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.

ഗൂഗിള്‍ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാര്‍ അമര്‍ത്തുക.

ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതിനുശേഷം ‘പ്രിന്റ് റെസിപ്റ്റ് ‘ എന്ന ബാര്‍ അമര്‍ത്തി റസീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകള്‍ അടക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ മാര്‍ഗം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്.

എം.സി ദത്തൻ മാപ്പ് പറയണം

എം.സി ദത്തൻ മാപ്പ് പറയണം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച എം.സി ദത്തൻ മാപ്പ് പറയണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ഇദ്ദേഹം തൻ്റെ പ്രായത്തിൻ്റെ പക്വതപോലും കാട്ടിയില്ല. സാംസ്കാരിക കേരളത്തിൽ തെരുവിൻ്റെ മക്കൾ പോലും ഉപയോഗിക്കാൻ അറയ്ക്കുന്ന വാക്കുകൾ കൊണ്ടാണ് മാധ്യമ പ്രവർത്തകർക്ക് നേരെ അധിക്ഷേപ വർഷം നടത്തിയത്.
യു.ഡി.എഫ് ൻ്റെ ഉപരോധ സമരത്തിനിടയിലാണ് സംഭവം.

സെക്രട്ടറിയേറ്റ് അനക്സ് കെട്ടിടത്തിന് സമീപം പ്രസ്സ് ക്ലബ്ബ് റോഡിലെ ബാരിക്കേഡിന് മുന്നിലെത്തിയ എം.സി ദത്തനെ പോലീസുകാർ തിരിച്ചറിഞ്ഞില്ല. മാധ്യമ പ്രവർത്തകരാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചത്. അതിന് ശേഷമാണ് ഇദ്ദേഹത്തെ അകത്തേയ്ക്ക് കടത്തിവിട്ടത്.തുടർന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ തുടർന്ന് അദ്ദേഹം പ്രകോപിതനാകുകയായിരുന്നു. മാന്യമായി പെരുമാറിയ മാധ്യമ പ്രവർത്തകരെ തൊഴിലിടത്തിൽ അപമാനിച്ച എം.സി ദത്തൻ പരസ്യമായി മാപ്പ് പറയണമെന്ന് ജില്ലാ പ്രസിഡൻ്റ് രജിത, സെക്രട്ടറി വിജയദാസ് എന്നിവർ ആവശ്യപ്പെട്ടു