വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം. ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയിരുന്നു.

അപകട നഷ്ടപരിഹാരത്തില്‍ നിന്നു നികുതി ഈടാക്കേണ്ടതില്ല; തുക തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: വാഹനാപകട നഷ്ടപരിഹാര തുകയില്‍നിന്ന് ഈടാക്കിയ ആദായനികുതി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് നികുതിയായി പിടിച്ച തുക തിരികെ നല്‍കാനാണ് കോടതി ഉത്തരവ്.

ആദായ നികുതി ദായകരല്ലാത്തവര്‍ക്ക് ആദായ നികുതി നല്‍കാന്‍ ബാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഈടാക്കിയ തുക മടക്കിനല്‍കാന്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ആദായ നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരത്തുക ലഭിച്ച കോതമംഗലം സ്വദേശി മാലിനിയും മക്കളുമാണ് പരാതിക്കാര്‍. പെരുമ്പാവൂര്‍ എം എ സി ടി കോടതി അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് 5.67 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി ടി ഡി എസ് ആയി പിടിച്ച് നികുതി വകുപ്പിലടച്ചത്. ഹര്‍ജിക്കാര്‍ നികുതിദായകര്‍ അല്ലെന്നും അതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രധാന വാദം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില ഉയര്‍ന്നു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് 1937 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില ഉയര്‍ന്നു. ഇന്നലെ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,960 രൂപയിലും ഗ്രാമിന് 5495 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5545 രൂപയിലും പവന് 44360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വില വര്‍ധിച്ചതോടെ ഈ മാസം സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്നു, പ്രതിക്ക് ജീവപര്യന്തം

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്നു, പ്രതിക്ക് ജീവപര്യന്തം

കൊല്ലം: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലി സോളമനെ(50) ആണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. മക്കളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കി.

2018 ഒക്ടോബര്‍ 9നാണ് പത്തനംതിട്ട ചന്ദനപ്പള്ളി ഗവ എല്‍പി സ്‌കൂളിലെ അധ്യാപികയായ അനിതാ സ്റ്റീഫനെ (38) ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ആഷ്‌ലി കൊലപാതകത്തിന് ശേഷം സസ്‌പെന്‍ഷനിലാണ്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അനിതയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനിടെ, പുരുഷ സുഹൃത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അനിതയെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച ദിവസം ഉച്ചയ്ക്കാണ് അനിത കൊല്ലപ്പെടുന്നത്. ആദ്യം ചിരവ കൊണ്ടു തലയ്ക്കടിച്ചു. പിന്നീട് മരണം ഉറപ്പു വരുത്താനാണ് ഷാള്‍ കൊണ്ടു കഴുത്തില്‍ മുറുക്കിയത്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

ഇത് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21-ഓടെ വീണ്ടും ശക്തിപ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇതിന്റെ ബാ​ഗമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഇരുപതാം തീയതിയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.

വിഎസ് നൂറിന്റെ നിറവില്‍; കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ

വിഎസ് നൂറിന്റെ നിറവില്‍; കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേരില്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ. വിഎസിന്റെ ജന്മനാളായ അനിഴം ഇന്നാണ്. അതിനാല്‍ പിറന്നാളിനോട് അനുബന്ധിച്ച് വിഎസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂര്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തുന്നത്.

വിഎസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും. വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വിഎസിന്റെ പേരിൽ എല്ലാ ജന്മനക്ഷത്രത്തിലും മാലൂർ കാവിൽ ദേവീക്ഷേത്രത്തിൽ വഴിപാട് നടത്താറുണ്ട്.

ഭാര്യ വസുമതിയും മകൻ അരുൺകുമാറും എത്താറുണ്ടെന്നും സാമ്പത്തിക സഹായം നൽകാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. 1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദൻ.