പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി

പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്. ആദ്യ തവണയിലെ നറുക്കെടുപ്പിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ നറുക്കെടുത്തു. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്.

അന്തിമ മേൽശാന്തി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 17 പേരുകൾ രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ പേപ്പറും ഇട്ടു. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വച്ചു.

തുടർന്ന് പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈ​ദേ​ഹ് ആദ്യത്തെ കുടത്തിൽ നിന്ന് പേര് നറുക്ക് എടുത്തു. അടുത്ത കുടത്തിൽ നിന്ന് മേൽശാന്തി എന്ന് എഴുതിയ നറുക്കും എടുത്തു. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിയെയാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

മുരളി പിജി മാളികപ്പുറം മേൽശാന്തി

മുരളി പിജി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തിയായി മുരളി പിജിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.

ശബരിമല മേൽശാന്തിയായി പിഎൻ മഹേഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ എനാനല്ലൂർ പുത്തലത്ത് മനയിലെ അം​ഗമാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്.

വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിയെയാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, സ് പെഷ്യൽ കമ്മിഷണർ എം.മനോജ്, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് പത്മനാഭൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്

ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. ഹരി പരമേശ്വരൻ ആണ് സഹോദരൻ. യദുവിന്റെ മരണത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയച്ചു.

ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു

ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: വില്ലൻ വേഷങ്ങളിലൂടെ ശ്ര​ദ്ധേയനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. 71 വയസായിരുന്നു.

നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 1979 ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്.

പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ; 18,390ൽ നിന്ന് 24,520 രൂപയാക്കി

പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ; 18,390ൽ നിന്ന് 24,520 രൂപയാക്കി

പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് വർധിപ്പിച്ചത്. ഒക്ടോബർ ഒന്നുമുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്.ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്സുമാർക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ വകുപ്പ് കോർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം. കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സിഐടിയു) നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാൻ നടപടി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

എം കെ സാനുവിന്റെ ഭാര്യ എന്‍ രത്‌നമ്മ അന്തരിച്ചു

എം കെ സാനുവിന്റെ ഭാര്യ എന്‍ രത്‌നമ്മ അന്തരിച്ചു

കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ വിമര്‍ശകനും എഴുത്തുകാരനുമായ എം കെ സാനുവിന്റെ ഭാര്യ എന്‍ രത്‌നമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.